• 01 Jun 2023
  • 04: 59 PM
Latest News arrow

ചില സ്വാതന്ത്ര്യ ദിന ചിന്തകൾ

കോഴിക്കോട് മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം മുൻ തലവൻ ആണ് ഡോ.പി.കെ.ശശിധരൻ

സ്വാതത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന സമയത്ത് പ്രമുഖ ഡോക്ടറായ പി.കെ.ശശിധരന്റെ ഫേസ് ബുക്ക് കുറിപ്പ്
ശ്രദ്ധേയമാവുന്നു

ഡോ.ശശിധരന്റെ കുറിപ്പിന്റെ പൂർണ്ണരൂപം

ചില സ്വാതന്ത്ര്യ ദിന ചിന്തകൾ
ആരാണ് രാജ്യസ്നേഹി? ആരാണ് രാജ്യദ്രോഹി?
ഇന്ത്യയെ സ്നേഹിക്കുക എന്നാൽ ഇന്ത്യയിലെ ജനങ്ങളെ എല്ലാം ഒരു പോലെ, പാർശ്വവല്കരിക്കപ്പെട്ടവരെ പ്രത്യേക കരുതെലോടെ, ജാതിമത ലിംഗ വർണ ഭേദമന്യേ സ്നേഹിക്കലാവണ്ടേ, അവർക്കു വേണ്ടി ജീവിക്കലാവണ്ടേ, അവരുടെ നന്മക്കു വേണ്ടി സ്വപ്നങ്ങൾ കാണലാവണ്ടേ യഥാർത്ഥ രാജ്യസ്നേഹം? ഇങ്ങനെയാണ് ഇത്രയും കാലത്തെ ജീവിതാനുഭവം എന്നെ പഠിപ്പിച്ചത്. ഇവിടുത്തെ ജനങ്ങളെ എല്ലാം ഒരേ പോലെ സ്നേഹിക്കുകയും അവരുടെ ക്ഷേമത്തിനായും പുരോഗതിക്കായും ആശയങ്ങൾ ഉണ്ടാക്കിയെടുക്കുകയും അതിനു വേണ്ടി നിശബ്ദമായി പ്രവർത്തിക്കുന്നവരുമല്ലേ യഥാർത്ഥ രാജ്യസ്നേഹികൾ? മനുഷ്യത്വമുള്ള എല്ലാവരും നന്മ എവിടെ, ആരിൽ കണ്ടാലും അത് അനുകരിക്കാൻ ശ്രമിക്കും.
ഈ രാജ്യം നന്നാക്കാൻ വേണ്ടി വിദേശ രാജ്യങ്ങളിലെ നല്ല മാതൃകകളെപ്പറ്റി ചർച്ച ചെയുമ്പോൾ നമ്മുടെ കുറ്റങ്ങളും കുറവുകളും സ്വാഭാവികമായി ചർച്ച ചെയേണ്ടി വരും. അവർ പണ്ടേ നടപ്പാക്കിക്കഴിഞ്ഞ നല്ല കാര്യങ്ങൾ, എന്നാൽ നമ്മൾ ഇപ്പോഴും അവഗണിക്കുന്നവ, നമ്മുടെ രാജ്യത്തിൻറെ ഉന്നമനത്തിനു വേണ്ടി നടപ്പാക്കാനായി ജനങ്ങളിൽ അവബോധമുണ്ടാക്കുന്നതും അതിനു വേണ്ടി പ്രവര്തിക്കുന്നതും രാജ്യസ്നേഹമല്ലെങ്കിൽ പിന്നെ എന്താണ് ?

നമ്പി നാരായണന്റെ ജീവിതം അടിസ്ഥാനമാക്കി ഉണ്ടാക്കിയ 'റോക്കറ്റ്റിക്സ്' എന്ന സിനിമ യാതാർത്ഥ രാജ്യസ്നേഹം എന്താണെന്നു ചിത്രീകയ്ക്കുന്നു; യഥാർത്ഥ രാജ്യസ്നേഹിയെ രാജ്യദ്രോഹിയാക്കുന്ന ഹീനമായ രീതിക്കു സ്വതന്ത്ര ഇന്ത്യയിൽ അംഗീകാരവും പ്രചാരണവും കൂടി വരുന്നതിൽ ഞാൻ ദുഖിക്കുന്നു. ഇന്ത്യക്കു വേണ്ടി ഒരു രാജ്യസ്നേഹിയായ ശാസ്ത്രജ്ഞൻ എന്തുമാത്രം ത്യാഗങ്ങൾ സഹിച്ചു! അവസാനം അതിന്റെ പേരിൽ രാജ്യദ്രോഹിയാക്കപ്പെട്ട അവസ്ഥ ഇനിയെങ്കിലും ഒരാൾക്കും വരരുത്. എന്നാൽ ഒരു കാര്യം വിസ്മരിക്കാതിരിക്കുക - ബഹിരാകാശ വിഷയങ്ങളെക്കാളും അടിസ്ഥാനമായ വിഷയങ്ങളിൽ നാം മറ്റു വികസിത രാജ്യങ്ങളെ അപേക്ഷിച്ചു എത്രയോ പുറകിലാണ് എന്നത്!!
ശുദ്ധമായ കുടിവെള്ളവും, എല്ലാ നേരം സമീകൃതാഹാരവും, എല്ലാവര്ക്കും കുടുംബ ഡോക്ടറും, നല്ല അടിസ്ഥാന വിദ്യാഭ്യാസവും, നല്ല മാലിന്യ സംസ്കരണവും, പരിസര ശുചിത്വവും, ഉയർന്ന സാമൂഹ്യ ബോധവും, ഉയർന്ന ജീവിത നിലവാരവും സമൂഹത്തിലെ അടിത്തട്ടിലുള്ളവർക് കൂടി ലഭ്യമാക്കാൻ വേണ്ടി പ്രവർത്തിക്കുന്നത് കൂടുതൽ രാജ്യസ്നേഹം ആണ് എന്ന് നാം മനസിലാക്കണം.
അടിസ്ഥാന സൗകര്യങ്ങൾ കിട്ടാൻ പ്രത്യക്ഷമായും പരോക്ഷമായും തടസം നിൽക്കുന്നവർ രാജ്യദ്രോഹികളുമാണ്. സമ്പത്തിന്റെ ലഭ്യത കുറയുന്നത് അടിസ്ഥാന സൗകര്യ ലഭ്യതക്കു തടസം നിൽക്കുന്നു. അതുകൊണ്ട് തന്നെ പണം വെറുതെ കൂട്ടി വെക്കുന്നവരും, കള്ളപ്പണം ഉപയോഗിച്ച് കൂടുതൽ കള്ളപ്പണം ഉണ്ടാക്കുന്നവരും, വീണ്ടും അത് ജനോപകാരപ്രഥമല്ലാതെ ഉപയോഗിക്കുന്നവരും കൊടിയ രാജ്യദ്രോഹികളല്ലേ?
ആ സിനിമയിലെപ്പോലെ അമേരിക്കൻ താത്പര്യങ്ങൾക്ക് വേണ്ടി ഇന്ത്യയെയും ഇവിടുത്തെ ജനങളുടെ താത്പര്യങ്ങളെയും ബലി കൊടുക്കുന്നവർ രാജ്യസ്നേഹികളായി ആദരിക്കപ്പെടുന്ന അവസ്ഥ വന്നിരിക്കുന്നു എന്ന് തോന്നുകയാണ്.
നമ്പി നാരായണന്റെ അനുഭവം, ഇവിടുത്തെ യഥാർത്ഥ രാജ്യസ്നേഹികൾക്ക് ഉണ്ടാവാതിരിക്കാൻ ഇനിയെങ്കിലും ഇവിടത്തെ ഭരണാധികാരികൾ അമേരിക്കയുടെ കച്ചവട വ്യവസ്ഥയെ പരിപോഷിപ്പിക്കാൻ വേണ്ടി ഇന്ത്യയെ വിട്ടു കൊടുക്കുന്നവരെ തിരിച്ചറിയണം, അത്തരക്കാരെ ഭരണ സംവിധാനങ്ങളിൽ ഇടപെടാൻ അനുവദിക്കാതിരിക്കണം;
അല്ലെങ്കിൽ അവരെ തിരിച്ചറിഞ്ഞു, യാതാർത്ഥ രാജ്യസ്നേഹികൾ അവരെ മാറ്റി നിർത്തണം.
ഏത് കാര്യത്തിലും അമേരിക്കയിൽ അങ്ങനെയാണ്, അമേരിക്കയിൽ ഇങ്ങനെയാണ് എന്ന് പറയുകയും, അതുപോലെ തന്നെ നമുക്കും വേണം എന്ന് പറഞ്ഞു നടപ്പാക്കുന്നവർ, പ്രത്യേകിച്ച് ആരോഗ്യമേഖലയിൽ, ഇന്ത്യയുടെ മനസ്സറിയാത്തവരാണ്, അവർ ചെയ്യുന്നതു പരോക്ഷമായെങ്കിലും രാജ്യദ്രോഹമാണ്. ഇത് പറയാൻ കാരണം സാമൂഹ്യ നീതി നടപ്പാക്കുന്നതിൽ, പ്രത്യേകിച്ച് ആരോഗ്യ മേഖലയിൽ, അമേരിക്ക ലോക മാതൃകയേ അല്ല എന്നും, ആരോഗ്യ മേഖലയിൽ സാമൂഹ്യ നീതി നടപ്പാക്കുന്നതിൽ അമേരിക്ക നമ്മളെക്കാൾ പരാജയമാണ് എന്നും ഇനിയെങ്കിലും തിരിച്ചറിയണം.
ഇവിടത്തെ കൂറ്റങ്ങളും കുറവുകളും, സാമൂഹ്യ നീതി നടപ്പാക്കിയ രാജ്യങ്ങളെ ഉദ്ധരിച്ചു, ചൂണ്ടിക്കാണിക്കുന്നത് രാജ്യസ്നേഹം കൂടുതൽ ഉള്ളവരുടെ രീതിയാണ് എന്ന തിരിച്ചറിവ് ഇനിയെങ്കിലും വേണം.
നമ്മൾ എല്ലാ രാജ്യങ്ങളെക്കാളും എല്ലാ കാര്യങ്ങളിലും ഔന്നത്യത്തിലാണെന്നു വെറുതെ പറഞ്ഞു കൊണ്ടിരിക്കുന്നത് ഒരു തരം വഞ്ചനയല്ലേ? രാജ്യദ്രോഹമല്ലേ അത്തരക്കാർ അതുവഴി ചെയുന്നത്?
ഫിൻലൻഡിനെയും സ്വീഡനെയും ഒക്കെ ചില നയങ്ങളുടെ കാര്യത്തിൽ ഞാൻ ഒരിക്കൽ താരതമ്യം ചെയ്യാൻ ശ്രമിച്ചപ്പോൾ ഇന്ത്യ ഫിൻലൻഡ്‌ അല്ല, ഇന്ത്യ സ്വീഡൻ അല്ല എന്ന് എന്നെ ഓര്മപെടുത്താനും പരിഹസിക്കാനും ചിലർ വരുന്നത് കാണുമ്പോൾ അവരോടു സഹതാപവും ചിലപ്പോപ്ൾ പുച്ഛവും തോന്നുകയാണ്, എന്തിനാണ് അവർ എന്നെ അത് ഓർമിപ്പിക്കുന്നതു? എനിക്കും അതറിയാം എന്ന സാമാന്യ ബോധം എങ്കിലും വേണ്ടേ?
എല്ലാ രാജ്യങ്ങളിലെയും നല്ല കാര്യങ്ങൾ പകർത്തുക എന്നതാവണ്ടേ നമ്മുടെ രീതി- അത് ചിലപ്പോൾ, കാനഡ, ഡെൻമാർക്ക്‌, സ്വീഡൻ, ഫിൻലൻഡ്‌, നോർവേ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് അതുമല്ലെങ്കിൽ ചൈനയോ ക്യൂബയോ ഒക്കെ ആവാം.
മറ്റു രാജ്യങ്ങളിലെ നല്ല കാര്യങ്ങൾ പറയുമ്പോൾ 'എന്നാൽ അവിടെ പൊയ്ക്കോ' എന്ന് പറയുന്നവർ ഈ രാജ്യം നന്നായി കാണാൻ ആഗ്രഹിക്കാത്തവരാണ് എന്നാണ് എന്റെ നിഗമനം? എന്നാൽ ഇവിടുന്നു രക്ഷപ്പെട്ടു അമേരിക്കയിൽ താമസിക്കുന്നവർക്കു ഇവിടെ ജോലി ചെയ്യുന്നവരേക്കാൾ കൂടുതൽ അംഗീകാരം കൊടുക്കുന്നത് ഒരു തരത്തിൽ രാജ്യദ്രോഹമാണ്. എന്നാൽ ഈ രാജ്യത്തിന്റെ നന്മക്കു വേണ്ടി സ്വപ്നം കാണുന്നവരുടെ പ്രവർത്തന രീതിയാണ്, ഇവിടത്തെ കുറ്റങ്ങളും കുറവുകളും ചൂണ്ടി കാണിക്കുന്നത്, അല്ലെങ്കിൽ മറ്റു രാജ്യങ്ങളിലെ നമ്മൾ അനുകരിക്കേണ്ട നല്ല കാര്യങ്ങളെപ്പറ്റി ചർച്ച ചെയുന്നത്.
ഒരു കാര്യം തറപ്പിച്ചു പറയാം എവിടെ പോയാലും എന്തൊക്കെ ഇല്ലായ്മകൾ ഉണ്ടെങ്കിലും, ഇപ്പോഴും എനിക്കെന്റെ രാജ്യമാണ് ഏറ്റവും പ്രിയപ്പെട്ടത് എന്ന വിശ്വാസം എനിക്കുണ്ട്.
അതുകൊണ്ട് മാത്രമാണ് ഇതുവരെ ഒരു വിദേശ രാജ്യത്തും ജോലി സ്വീകരിക്കാതിരുന്നത് പോലും. എവിടെ യാത്ര പോയാലും നമ്മുടെ നാട്ടിൽ തിരിച്ചെത്തുമ്പോൾ കിട്ടുന്ന ആ സന്തോഷം പറഞ്ഞറിയിക്കാനാവില്ല, അതൊരു വേറിട്ട അനുഭവം തന്നെയാണ്.
കേരളത്തെ പോലെ സുന്ദരമായ സ്ഥലം വേറെ ഇല്ല എന്ന് പോലും അപ്പോൾ തോന്നിപോകും. എന്നാൽ ആ മാനസിക അവസ്ഥ എനിക്ക് കിട്ടാൻ കാരണം എനിക്ക് വേണ്ടതെല്ലാം സ്വരൂപിക്കാൻ ജീവിത സാഹചര്യം എന്നെ അനുവദിച്ചത് കൊണ്ട് മാത്രമാണ്? അതിനു അവസരം കിട്ടാതെ പട്ടിണിയും പരിവട്ടവുമായി കഴിയുന്നവരുടെ കാര്യമോ? അവർ വല്ല അവസരവും കൊടുത്താൽ ഇവിടം വിട്ടു എവിടേക്കും പോകാൻ ഊഴം കാത്തിരിക്കുകയല്ലേ?.അത് കൊണ്ടല്ലേ ഇന്ത്യക്കാർ ഇപ്പോഴും വിദേശത്തു ജോലി നോക്കാൻ അവസരം കാത്തിരിക്കുന്നത്? എല്ലാവർക്കും വേണ്ടേ ഈ അടിസ്ഥാന സൗകര്യങ്ങൾ? അത് എല്ലാവര്ക്കും നല്കാൻ വേണ്ടി സ്വപ്നം കാണുകയും പ്രവ്രത്തിക്കുകയുമല്ലേ യഥാർത്ഥ രാജ്യസ്നേഹം ?, അത് ഏതു പാർട്ടി ആയാലും അങ്ങനെ ആവണ്ടേ? ജീവിക്കാൻ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടെകിൽ അല്ലേ ഈ നാട്ടിൽ തിരിച്ചു വരാൻ ഉള്ള ആഗ്രഹം പോലും തോന്നുകയുള്ളൂ?
എല്ലാ അടിസ്ഥാന സൗകര്യങ്ങളും എല്ലാവര്ക്കും മറ്റു രാജ്യങ്ങളിൽ തുല്യമായി ലഭ്യമാക്കുന്നത് കാണുമ്പോൾ അതുപോലെ ഇവിടെയും വേണമെന്നുള്ള ആഗ്രഹമാണ് ഇത്തരം താരതമ്യം ചെയ്യലിന്റെ ഉദ്ദേശങ്ങൾ. അതാര് ചെയ്താലും അവർ അതാണ് ആഗ്രഹിക്കുന്നത് എന്ന് നാം മനസിലാക്കണം. അതിനെ രാജ്യദ്രോഹമായി ചിത്രീകരിക്കുന്നത് മനുഷ്യത്വമില്ലായ്മയാണ്.
ഇന്ത്യ പാവപ്പെട്ട രാജ്യമാണ് എന്ന് വിചാരിക്കുന്നവരും, ഇവിടെ ഇങ്ങിനെയൊക്കെയോ സാധ്യമാകൂ എന്ന് കരുതുന്നവരും ഒരു തരത്തിൽ രാജ്യദ്രോഹികളാണ് . അവർക്കു വേണ്ടുന്ന എല്ലാം അവർ നേടിക്കഴിഞ്ഞുള്ള ആത്മഗതമാണ് ആ കാഴ്ചപ്പാട് .
ഇന്ത്യക്കു വേണ്ടുവോളം സമ്പത്തുണ്ട്, ഇന്ത്യ ഒരു പാവപ്പെട്ട രാജ്യമേ അല്ല, ഇവിടുത്തെ മാനുഷിക വിഭവ സമ്പത്തു ലോകോത്തരമാണ്. ഭൗതിക സമ്പത്തും വേണ്ടതിലധികമുണ്ട്. സമ്പത്തിന്റെ ഉപയോഗമാണ് അല്ലെങ്കിൽ സമ്പത്തിന്റെ വിതരണം ആണ് നന്നാവേണ്ടത്, നീതിയുക്തമാവേണ്ടത്‌. ഇവിടുത്തെ മാനുഷിക സമ്പത്തും ഭൗതിക സമ്പത്തും ശരിയയായ രീതിയിൽ ഉപയോഗിച്ചാൽ, വിന്യസിച്ചാൽ ഇന്ത്യ ലോകത്തിലെ ഏറ്റവും സുന്ദര രാജ്യമാകും
സമസ്ത മേഖലയിലും നമ്മൾ മുൻപിലാണ് എന്ന് വെറുതെ പറഞ്ഞാൽ മതിയോ? അല്ലെങ്കിൽ ചില അയൽ രാജ്യങ്ങളെ വെറുത്താൽ, അല്ലെങ്കിൽ അവരെ ബഹുമാനിക്കാതിരുന്നാൽ രാജ്യസ്നേഹിയാവുമോ?

ഡോ. പി.കെ.ശശിധരൻ (PKS)