ഡോമിനോസ് ഔട്ട് ലെറ്റിൽ പിസാ മാവിന് മുകളിൽ ടോയ്‌ലെറ്റ് ബ്രഷ്

അമേരിക്കയിലെ മൾട്ടി നാഷണൽ പിസാ കമ്പനിയായ ഡോമിനോസ് ലോകമെങ്ങും സാന്നിധ്യമുള്ള സ്ഥാപനമാണ്. അറുപതു വർഷത്തെ പാരമ്പര്യമുള്ള ഈ സ്ഥാപനം ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാമുണ്ട്.. ഏതാണ്ട് 1500 ലേറെ ഡോമിനോസ് പിസാ റസ്റ്റോറന്റുകൾ ഇന്ത്യയിൽ ഉണ്ടെന്നാണ് കണക്ക് . ഇതു ലോകം ആകമാനം വ്യാപിച്ചു കിടക്കുന്നതിന്റെ പത്തു ശതമാനം വരും എന്നറിയുമ്പോൾ ഡോമിനോസിനോട് ഇന്ത്യക്കാരുടെ ഭ്രമം വ്യക്തമാണല്ലോ.
എന്നാൽ, ബംഗളുരുവിലെ ഒരു ഡോമിനോസ് പിസാ ഔട് ലെറ്റിൽ നിന്നുള്ള ദൃശ്യം സാഹിൽ കർണാനി എന്നയാൾ ട്വിറ്ററിൽ പങ്കുവെച്ചതോടെ കാര്യങ്ങൾ എല്ലാം കുഴഞ്ഞു മറിഞ്ഞു. പിസാ ഉണ്ടാക്കുന്നതിനായി കുഴച്ചു വെച്ച മാവിന്റെ മുകളിൽ കക്കൂസ് കഴുകുന്ന ബ്രഷും മറ്റു ശുചീകരണ വസ്തുക്കളും വെച്ചിരിക്കുന്ന ഫോട്ടോയാണ് സാഹിൽ ട്വിറ്ററിൽ ഇട്ടത്. അത് പൊടുന്നനെ വൈറൽ ആവുകയും അന്വേഷണവും ഉചിതമായ നടപടിയും സ്വീകരിക്കുമെന്ന് പറയാൻ ഡോമിനോസ് കമ്പനി നിര്ബന്ധിതമാവുകയും ചെയ്തു. ചിത്രത്തിനൊപ്പം എല്ലാവരും വീട്ടിലെ ഭക്ഷണം കഴിക്കുന്നതാണ് നല്ലതെന്ന ഉപദേശവും സാഹിൽ നൽകി. വളരെ പെട്ടെന്ന് ജനം ഇതേറ്റെടുത്തു. പിസാ ഉണ്ടാക്കുന്നത് സുതാര്യവും പൂർണമായും വൃത്തിയുള്ളതുമായ സാഹചര്യത്തിലാണെന്നു നിർമാണ കമ്പനികൾ ആവർത്തിച്ച് അവകാശപ്പെടുമ്പോഴാണ് ഈ രംഗത്തെ പ്രധാനിക്കെതിരെ ഇങ്ങനെയൊരു ആരോപണം ഉയർന്നത്.
വൃത്തിയിലും ഭക്ഷ്യ സുരക്ഷയിലും ലോകോത്തര നിലവാരം പുലർത്തുന്നവരാണ് തങ്ങൾ എന്നാണ് ഡോമിനോസ് ഇന്ത്യ ഇതിനോട് പ്രതികരിച്ചത്. ചിത്രത്തിനാസ്പദമായ കാര്യം അന്വേഷിച്ചു കർശന നടപടി ഉണ്ടാകുമെന്നും ഡോമിനോസ് ട്വിറ്ററിൽ കുറിച്ചു . ഇത് ഒരൊറ്റപ്പെട്ട സംഭവമാണെന്നും ഡോമിനോസ് വ്യക്തമാക്കി.