കോൺഗ്രസിലെ പ്രതിസന്ധി പരിഹരിക്കാൻ എ കെ ആന്റണി ഡല്‍ഹിയിലേക്ക്

കോൺഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചർച്ചകൾ നടത്തി സമവായത്തിലെത്തിക്കാൻ മുതിർന്ന നേതാവായ എ.കെ ആന്റണിയെകേന്ദ്ര നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു.
ഡൽഹിയിൽ എത്തിയശേഷം അന്റണി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ ദിവസം തന്നെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഇല്ല എന്ന് കമല്‍നാഥും അറിയിച്ചിരുന്നു. നേതൃത്വത്തിന്റെ പിന്തുണയുള്ള അശോക് ഗെലോട്ട് കാലുവാരിയതോടെ അവസാന പ്രതീക്ഷയെന്ന നിലയിലാണ് കമല്‍നാഥിനെ കോണ്‍ഗ്രസ് അദ്ധ്യക്ഷനാക്കാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി നേരിട്ടാണ് ശ്രമിച്ചത്. ഇനി എടുത്തുപറയാൻ പറ്റുന്ന നേതാക്കളായ മുകുള്‍ വാസ്‌നിക്ക്, ദിഗ് വിജയ് സിംഗ് എന്നിവരിലാണ് കോണ്‍ഗ്രസ് ഹൈക്കാമാന്‍ഡിന്റെ പ്രതീക്ഷ.
വിമതശബ്ദം ഉയർത്തി തുടക്കം മുതൽ നിലകൊണ്ട ശശി തരൂരിന് തിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ കിട്ടണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആഗ്രഹിക്കുന്നില്ല. അതിനാൽ തന്നെ ഹൈക്കമാന്‍ഡിന്റെ സ്ഥാനാര്‍ത്ഥിയായി ആരെങ്കിലും ഉണ്ടായേ തീരൂ എന്നാണ് ഇപ്പോഴത്തെ നിലപാട്.
അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നവരെയെല്ലാം ഒരു പോലെ കാണുന്നുവെന്നും ഔദ്യോഗിക സ്ഥാനാര്‍ത്ഥിയില്ലെന്നും രാഹുല്‍ പറഞ്ഞതായും തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പിൽ ആര് ജയിച്ചാലും പാര്‍ട്ടിയുടെ വിജയമാകണം, മത്സരിക്കുമ്പോള്‍ എല്ലാവരുടെയും പിന്തുണ വേണ്ടി വരുമെന്നും ശശി തരൂര്‍ കൂട്ടിച്ചേർത്തു.
അതേസമയം, അജയ് മാക്കനെതിരെ അശോക് ഗെലോട്ട് രംഗത്ത് വന്നതോടെ രാജസ്ഥാൻ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുകയാണ്. അജയ് മാക്കന്‍ സച്ചിന്‍ പൈലറ്റിന്റെ പ്രചാരകനെന്ന് അശോക് ഗെലോട്ട് പറയുന്നത് . എന്നാൽ, മുഖ്യമന്ത്രി സ്ഥാനത്തുനിന്നും അശോക് ഗെലോട്ടിനെ പുറത്താക്കാനുള്ള ഗൂഡാലോചനയെന്ന് ഗെലോട്ട് പക്ഷം ആരോപിക്കുന്നത് . പാർട്ടിയെ മറികടന്നുകൊണ്ട് രാജസ്ഥാനില്‍ സമാന്തര നിയമസഭാ കക്ഷി യോഗം വിളിച്ചത് അച്ചടക്കലംഘനമെന്ന് അജയ് മാക്കന്‍ പറയുകയുണ്ടായി.