കോഴിക്കോട്ട് സിനിമാ നടികൾക്കെതിരെ ലൈംഗികാതിക്രമം

കോഴിക്കോട് ഹൈലൈറ്റ് മാളിൽ നടന്ന സിനിമ പ്രമോഷൻ പരിപാടിക്കെത്തിയ യുവ നടികളെ ഉപദ്രവിച്ചു.തന്നെ കയറി പിടിച്ച ഒരാളെ നടി തല്ലി
ചൊവ്വാഴ്ച വൈകീട്ട് നടന്ന സാറ്റർഡേ നൈറ്റ് എന്ന സിനിമയുടെ പ്രചരണത്തിനായി കോഴിക്കോട്ടെ ഹൈ ലൈറ്റ് മാളിലെത്തിയ യുവ നടികൾക്കാണ് ദുരനുഭവം ഉണ്ടായത്.
നടികൾ തന്നെ പിന്നീട് സാമൂഹ്യ മാധ്യമങ്ങളിൽ ഇട്ട കുറിപ്പുകളിലൂടെയാണ് സംഭവം പുറത്തറിയുന്നത്.
പന്തീരാങ്കാവ് പോലീസ് സംഭവത്തെ കുറിച്ചി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സി സി ടിവി ദൃശ്യങ്ങളും പരിശോധിക്കും.
നിയന്ത്രിക്കാനാവാത്ത തരത്തിലുള്ള വൻ ജനക്കൂട്ടം പരിപാടിക്കെത്തിയിരുന്നു.
പോസ്റ്റിന്റെ പൂര്‍ണ രൂപം
' ഇന്ന് എന്റെ പുതിയ ചിത്രമായ സാറ്റര്‍ഡേ നൈറ്റിന്റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വച്ച് നടന്ന പ്രമോഷന് വന്നപ്പോള്‍ എനിക്ക് ഉണ്ടായത് മരവിപ്പിക്കുന്ന ഒരനുഭവമാണ്. ഞാന്‍ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സ്ഥലം ആണ് കോഴിക്കോട്. പക്ഷേ പ്രോഗ്രാം കഴിഞ്ഞ് പോകുന്നതിനിടയില്‍ ആള്‍ക്കൂട്ടത്തില്‍ അവിടെ നിന്നൊരാള്‍ എന്നെ കയറിപ്പിടിച്ചു. എവിടെ എന്ന് പറയാന്‍ എനിക്ക് അറപ്പ് തോന്നുന്നു. ഇത്രയ്ക്ക് ഫ്രസ്ട്രേറ്റഡ് ആയിട്ടുള്ളവര്‍ ആണോ നമുക്ക് ചുറ്റും ഉള്ളവര്‍ ? പ്രമോഷന്റെ ഭാഗമായി ഞങ്ങള്‍ ടീം മുഴുവന്‍ പലയിടങ്ങളിലായി പോയി. അവിടെയൊന്നും ഉണ്ടാകാത്ത ഒരു വൃത്തികെട്ട അനുഭവമായിരുന്നു ഇന്ന് ഉണ്ടായത്. എന്റെ കൂടെ ഉണ്ടായ മറ്റൊരു സഹപ്രവര്‍ത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായി. അവര്‍ അതിന് പ്രതികരിച്ചു. പക്ഷെ എനിക്ക് അതിന് ഒട്ടും പറ്റാത്ത ഒരു സാഹചര്യം ആയിപ്പോയി. ഒരു നിമിഷം ഞാന്‍ മരവിച്ച് പോയി. ആ മരവിപ്പില്‍ തന്നെ നിന്നുകൊണ്ട് ചോദിക്കുവാണ്..തീര്‍ന്നോ നിന്റെയൊക്കെ അസുഖം ?'