ലഫ്റ്റനന്റ് ജനറല്‍ അനില്‍ ചൗഹാന് (റിട്ട) ഇന്ത്യയുടെ പുതിയ സംയുക്ത സൈനിക മേധാവി

ദില്ലി: ലഫ്റ്റനന്റ് ജനറല്‍ അനില്‍ ചൗഹാന് (റിട്ട) ഇന്ത്യയുടെ പുതിയ സംയുക്ത സൈനിക മേധാവി (സി ഡി എസ്) ആകും. രാജ്യത്തെ ആദ്യത്തെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വന്ന ഒഴിവിലേക്ക് ഒമ്പത് മാസത്തിന് ശേഷമാണ് പുതിയ നിയമനം.
കരസേനയുടെ കിഴക്കന്‍ കമാന്‍ഡ് ജനറല്‍ ഓഫിസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് ആയിരുന്ന അനില്‍ ചൗഹാന്, കഴിഞ്ഞ വര്‍ഷമാണ് സൈന്യത്തില്‍നിന്ന് വിരമിച്ചത്. കരസേനയുടെ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) ആയും അനില്‍ ചൗഹാന് പ്രവര്‍ത്തനപരിചയമുണ്ട്. നാഗാലാന്‍ഡിലെ ദിമാപുര്‍ ആസ്ഥാനമായുള്ള സേനാ കമാന്‍ഡ് (സ്പിയര്‍ കോര്‍) മേധാവിയുമായിരുന്നു. സൈനിക സേവനത്തിലെ മികവിനു അദ്ദേഹത്തിനു കീര്‍ത്തിചക്ര ലഭിച്ചിട്ടുണ്ട്. കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും അനില്‍ ചൗഹാന് നേതൃത്വം നല്‍കിയിട്ടുണ്ട്.ലഫ് ജനറല്‍ പദവിയിലിരുന്ന് വിരമിച്ചവരെയും സംയുക്ത സൈനിക മേധാവിയായി നിയമിക്കാമെന്ന് കേന്ദ്രം നേരത്തെ ഉത്തരവിറക്കിയിരുന്നു