• 04 Oct 2023
  • 06: 43 PM
Latest News arrow

യുഎ ഇ യിൽ ഹൈവേയിലൂടെ വണ്‍വേ തെറ്റിച്ച് വാഹനം ഓടിച്ച യുവാവ് പിടിയിയില്‍

അല്‍ ഐന്‍: യുഎഇയില്‍ തിരക്കേറിയ ഹൈവേയിലൂടെ വണ്‍വേ തെറ്റിച്ച് വാഹനം ഓടിച്ച യുവാവ് അറസ്റ്റില്‍. എതിര്‍ദിശയില്‍ വാഹനം ഓടിച്ചതിന് പുറമെ മറ്റൊരു റോഡില്‍ ഇയാള്‍ വാഹനവുമായി സാഹസിക അഭ്യാസങ്ങള്‍ നടത്തുകയും ചെയ്‍തു. നിരീക്ഷണ ക്യാമറകളിലൂടെ ഇയാളുടെ പ്രവൃത്തികള്‍ ശ്രദ്ധയില്‍പെട്ട പൊലീസ് രണ്ട് മണിക്കൂറിനകം തന്നെ യുവാവിനെ അറസ്റ്റ് ചെയ്‍തു.

 

26 വയസുകാരനാണ് അറസ്റ്റിലായത്. ഇയാള്‍ ഒരു ഗള്‍ഫ് രാജ്യത്തെ പൗരനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലൂടെ വിപരീത ദിശയില്‍ ഇയാള്‍ വാഹനം ഓടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു. ഇയാളുടെ നീക്കങ്ങള്‍ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുന്നതും പിന്നാലെ ഇയാളെ കണ്ടെത്തി വാഹനം കസ്റ്റിഡിയിലെടുക്കുന്നതുമൊക്കെ ദൃശ്യങ്ങളില്‍ വ്യക്തമാണ്. 
 

 

നിയമംലഘിച്ച് വാഹനം ഓടിച്ച ഡ്രൈവറെ പൊലീസ് ഓപ്പറേഷന്‍സ് റൂമിലെ കണ്‍ട്രോള്‍ സംവിധാനങ്ങള്‍ തിരിച്ചറിഞ്ഞ് പിന്തുടരുകയായിരുന്നുവെന്ന് അജ്‍മാന്‍ പൊലീസ് ട്രാഫിക് ആന്റ് 

പട്രോള്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ലെഫ്. കേണല്‍ സൈഫ് അബ്‍ദുല്ല അല്‍ ഫലാസി പറഞ്ഞു. ഹൈവേയില്‍ തെറ്റായ ദിശയിലൂടെ വാഹനം ഓടിച്ചതിന് ശേഷം മറ്റൊരു ജനവാസ മേഖലയില്‍ പ്രവേശിച്ച് അവിടുത്തെ റോഡില്‍ വാഹനവുമായി സാഹസിക അഭ്യാസങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇത് മറ്റൊരു ക്യാമറയില്‍ പതിഞ്ഞു.

 

വാഹനം തിരിച്ചറിഞ്ഞ പൊലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ കണ്ടെത്താനായി തെരച്ചില്‍ തുടങ്ങി. രണ്ട് മണിക്കൂറിനകം വാഹനം അല്‍ തല്ല ഏരിയയിലൂടെ നീങ്ങുന്നതിനിടെ വാഹനം പൊലീസ് തടഞ്ഞ്  കസ്റ്റഡിയിലെടുത്തു. ഡ്രൈവറെ അറസ്റ്റ് ചെയ്‍തതായും ഗുരുതരമായ കുറ്റകൃത്യങ്ങള്‍ കണക്കിലെടുത്ത് ഇയാളുടെ ഡ്രൈവിങ് ലൈസന്‍സ് ആറ് മാസത്തേക്ക് റദ്ദാക്കിയതായും പൊലീസ് അറിയിച്ചു. വാഹനവും പിടിച്ചെടുത്തു.