• 04 Oct 2023
  • 07: 19 PM
Latest News arrow

പതിനായിരത്തിലേറെ ബാറുകള്‍ , കോടികള്‍ മറിയുന്ന കാസിനോകള്‍; മദ്യപ്പുഴ ഒഴുകിയിട്ടും 'പാമ്പുകളില്ലാതെ' ഗോവ!

കേരളത്തിന്റെ അഭിമാനമായ രാജ്യാന്തര ചലച്ചിത്രോത്സവം അഥവാ നമ്മുടെ സ്വന്തം ഐഎഫ്എഫ്‌കെ ഡിസംബർ 9 മുതല്‍ അനന്തപുരിയില്‍ നടക്കുകയാണെല്ലോ.
ഐഎഫ്എഫ് കെയുടെ മുഖ്യവേദിയായ ടാഗോര്‍ തീയേറ്ററിന് മുന്നിലോ, പ്രധാന തീയേറ്റററുകളായ കൈരളി- ശ്രീ കോംപ്ലക്‌സിന് തൊട്ടടുത്തോ ഒരു ബാര്‍ കൗണ്ടര്‍ നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമോ? മുഖ്യവേദിയുടെ പാര്‍ശ്വഭാഗങ്ങളിലായി കിങ്ങ്ഫിഷറിന്റെ ബിയര്‍ കൗണ്ടറും, കൊക്കക്കോളയുടെ കൗണ്ടറും പ്രവര്‍ത്തിക്കയാണെങ്കില്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ എന്തായിരിക്കും? എന്നാല്‍ ഗോവയില്‍ ഈയിടെ സമാപിച്ച രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ( ഐഎഫ്എഫ്‌ഐ) മുഖ്യ വേദിയായ പനാജി ഐനോക്‌സ് തീയേറ്റര്‍ സമുച്ചയത്തിന്റെ അടുത്ത് മെയിന്‍ കൗണ്ടറില്‍ തന്നെ ബാര്‍ കൗണ്ടർ ഉണ്ടായിരുന്നു. ജോണിവാക്കര്‍ മുതൽ ടെക്ക്വീല വരെയുള്ള മദ്യങ്ങള്‍ അവിടെ ലഭ്യമായിരുന്നു.
അതിനടുത്ത് ബിയര്‍ കൗണ്ടറും. പിന്നെ കൊക്കാക്കോള തൊട്ട് ബിരിയാണി വരെ കിട്ടുന്ന വിവിധ കൗണ്ടറുകള്‍ വേറെയും. 70 മുതല്‍ 110 രൂപ വരെ കൊടുത്താല്‍ വിവിധ ലഹരിയിലുള്ള ബിയര്‍, നിങ്ങള്‍ക്ക് നുണഞ്ഞുകൊണ്ട്, ഐഎഫ്എഫ്ഐയുടെ മെയിന്‍ കൗണ്ടറിലെ കസേരകളില്‍ ഇരിക്കാം. ഫുഡ്‌കോര്‍ട്ടില്‍ നിന്ന് ഭക്ഷണം വാങ്ങിക്കഴിക്കാം, സമയമാവുമ്പോള്‍ സിനിമയും കാണാം. ഒന്നിനും വിലക്കില്ല. പുറത്തിറങ്ങിയാല്‍, ബീഫ് വേണ്ടവര്‍ക്ക് ബീഫ് കിട്ടും. പോര്‍ക്ക് വേണ്ടവര്‍ക്ക് പോര്‍ക്കും കിട്ടും. നോക്കണം, ഇവിടെ ഭരിക്കുന്നത് ബിജെപിയാണ്!

ഇനി ഐനോക്‌സ് തീയേറ്ററില്‍നിന്ന് പുറത്തിറങ്ങിയാല്‍, ചൂതാട്ടകേന്ദ്രങ്ങള്‍ എന്ന് മലയാളി അല്‍പ്പം അവജ്ഞയോടെ കാണുന്ന കാസിനോകളാണ്. അവിടെയും മദ്യം സുലഭമാണ്. പനാജിയുടെ തെരുവോരങ്ങളില്‍ പെട്ടിക്കടകള്‍ പോലുള്ള ചെറിയ ബാര്‍ സെറ്റപ്പുകള്‍ ഉണ്ട്. അവിടെയും കിട്ടും വിലക്കുറവില്‍ മദ്യം. ഒരു ചായക്ക് 20 രൂപയും ഒരു പെഗ് മദ്യത്തിന് 40 രൂപയുമെന്നതാണ്, ഗോവയിലെ പൊതുസ്ഥിതി. മലയാളി ഫുള്‍ബോട്ടിലിന് ആയിരം കൊടുക്കുന്ന പല വിദേശ മദ്യങ്ങളും വെറും 250 രൂപക്ക് ഗോവയില്‍ കിട്ടും. 250 ശതമാനത്തിലേറെ ആണല്ലോ കേരളത്തിലെ എക്‌സൈസ് ഡ്യൂട്ടി!

കേരളത്തിന്റെ പത്തിലൊന്ന് മാത്രമുള്ള , വെറും രണ്ട് ജില്ലകളും, രണ്ട് ലോക്‌സഭാ മണ്ഡലങ്ങളുമുള്ള, 3,700 സ്‌ക്വയര്‍ കിലോമീറ്റര്‍ മാത്രമുള്ള, 15ലക്ഷം ജനസംഖ്യയുള്ള ഒരു കൊച്ചു സംസ്ഥാനത്തെ ബാറുകളുടെ എണ്ണം കേട്ടാല്‍ നാം ഞെട്ടും. പതിനായിരത്തിലേറെ ബാറുകളും, രണ്ടായിരത്തിലേറെ റീട്ടെയില്‍ ഷോപ്പുകളും ഇവിടെയുണ്ടെന്നാണ്, ഓള്‍ ഗോവ ലിക്വര്‍ ട്രേഡേഴ്‌സ് അസോസിയേഷന്‍ പറയുന്നത്. എന്നിട്ടും എറ്റവും അമ്പരിപ്പിക്കുന്ന കാര്യം ഇവിടെ റോഡില്‍ കുഴഞ്ഞു വീണ് കിടക്കുന്ന ഒരാളെയോ, മദ്യപിച്ച് തെരുവില്‍ അടിപിടികൂടുന്നവരെയോ, 'ശിവതാണ്ഡവം' ആടുന്നവരെയോ കാണാനില്ല എന്നതാണ്. ആ നിലക്ക് ശരിക്കും അതിശയമാണ് ഗോവ.

'പാമ്പുകളും' പൊലീസുമില്ലാത്ത നാട്

ഗോവന്‍ ചലച്ചിതോല്‍സവത്തില്‍ പങ്കെടുക്കുന്നതിനായി കേരളത്തില്‍ നിന്ന് പുറപ്പെട്ടപ്പോള്‍ തന്നെ ഈ ലേഖകന്‍ കണ്ടിരുന്നു, അളകാപുരി എന്ന കോഴിക്കോട്ടെ ഹെറിറ്റേജ് ഹോട്ടലിന്റെ മുന്‍ഭാഗത്തുതന്നെ രണ്ടുപേര്‍ തിരക്കേറിയ പാളയം റോഡില്‍ വീണുകിടക്കുന്നു. അതുപോലെ ഒരു കാഴ്ച കോഴിക്കോട് റെയില്‍വെ സ്റ്റേഷന്റെ മുന്‍ഭാഗത്തും കണ്ടു. എന്നാല്‍ ഇത്രയും മദ്യശാലകള്‍ ഉള്ള ഗോവയില്‍ എവിടെയും അത്തരം ഒരു കാഴ്ച കണ്ടില്ല. സാധാരണ റസ്റ്റോറന്റുകള്‍ പോലും ഇവിടെ ബാര്‍ ഹോട്ടലുകളാണ്. അവിടെ ഒരു വിഭാഗം മദ്യപിക്കുമ്പോള്‍, തദ്ദേശീയരായ നാട്ടുകാര്‍ കുടുംബസമേതം വന്ന് ഭക്ഷണം കഴിക്കുന്നത് കാണാം. നമ്മുടെ നാട്ടില്‍ അങ്ങനെ സങ്കല്‍പ്പിക്കാന്‍ കഴിയില്ല. 'പാമ്പുകള്‍' എന്ന് നാം വിളിക്കുന്ന, മദ്യപിച്ച് ഇഴയുന്നവര്‍ ഇവിടെയില്ല എന്ന് ഉറപ്പിച്ച് പറയാം. ( അഥവാ അങ്ങനെ ഒരുത്തനെ കണ്ടാല്‍ ഉറപ്പിക്കാം, അത് ചലച്ചിത്രോത്സവത്തിനോ മറ്റോ എത്തിയ മലയാളിയാണ് എന്ന് )

ഓപ്പിയം കടകളില്‍ വാങ്ങാന്‍ കിട്ടുന്ന സ്‌കാന്‍ഡനേവിയന്‍ രാജ്യങ്ങളില്‍ അതിന്റെ ഉപയോഗം എത്രയോ കുറവാണെന്ന് പറഞ്ഞതുപോലെ, ഗോവയില്‍ പ്രതിശീര്‍ഷ മദ്യ ഉപയോഗവും കുറവാണ്. ഉത്തരവാദിത്തത്തോടെ എങ്ങനെ മദ്യപിക്കാം എന്ന് പറയുന്ന റെസ്‌പോണ്‍സിബിള്‍ ഡ്രിങ്കിങ്ങിന് ഉത്തമ ഉദാഹരണമാണ് ഗോവ. പോര്‍ട്ടുഗീസ് കള്‍ച്ചറില്‍നിന്ന് ഈ നാട്ടുകാര്‍ക്ക് കിട്ടിയ ഒരു നല്ല കാര്യമാണിത്. മലയാളി മദ്യപിക്കുന്നത് പലപ്പോഴും കാടി വെള്ളം കൂടിക്കുന്നതുപോലെ ഒറ്റ വലിക്കാണ്. എന്നാല്‍ അതല്ല സായിപ്പിന്റെ രീതി. ധാരാളം വെള്ളം ചേര്‍ത്ത് വെജിറ്റബിള്‍ ഉള്ള ഭക്ഷണം കഴിച്ച്, സിപ്പ് സിപ്പായി നുണയുകയാണ് അവന്റെ രീതി. അതും രണ്ടോ മൂന്നോ പെഗ്ഗില്‍ നിര്‍ത്തും. എന്നാല്‍ മലയാളികള്‍ ആവട്ടെ, ലിറ്റര്‍ കണക്ക് ഒക്കെ പോയിട്ട് ചെമ്പിലും ബക്കറ്റിലുമൊക്കെയാണ് കുടിച്ചുകൊണ്ടിരിക്കുന്നത്. ഈ ലിക്വര്‍ ലിറ്ററസി ഉണ്ടാക്കിയെടുക്കാനാണ് നമ്മുടെ എക്‌സൈസ് വകുപ്പ് ശ്രമിക്കേണ്ടത്. സമ്പൂര്‍ണ്ണ സാക്ഷരതപോലെ പ്രധാനപ്പെട്ടതാണ് മദ്യ സാക്ഷരതയും എന്ന് ഗോവ കണ്ടപ്പോള്‍ തോന്നി.

അതുപോലെ തന്നെ കേരളത്തില്‍ മദ്യം എന്നത് അടിസ്ഥാന മധ്യവര്‍ഗ മലയാളിയുടെ ഏക ആശ്വാസമാണ്. ഗോവയില്‍ അതുപോലെയല്ല കാര്യങ്ങള്‍. അയാള്‍ക്ക് നിരവധിയുള്ള വിനോദ ഉപാധികളില്‍ ഒന്നുമാത്രമാണ്. അതുപോലെ, എല്ലായിടത്തും ഒരു സാധനം കിട്ടുമ്പോള്‍ അതിനോടുള്ള ആസക്തി കുറയുകയാണ് ചെയ്യുക. അതാണ് ഗോവയില്‍ സംഭവിക്കുന്നത്. ഇപ്പോള്‍ ഗോവയില്‍ മദ്യവില്‍പ്പന കുത്തനെ ഇടിയുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഗോവയില്‍ അത്രയൊന്നും കാണാത്ത കാര്യമാണ് പൊലീസിന്റെ ഇടപെടല്‍. ഐഎഫ്എഫ്‌ഐ പോലുള്ള വലിയ ഒരു മേള നടക്കുന്ന ഗോവയുടെ തലസ്ഥാന നഗരിയില്‍ പോലും പൊലീസിന്റെ സാനിധ്യം വളരെ കുറവാണ്. തിരക്കേറിയ തെരുവുകളിലും ജംഗ്ഷനുകളിലും പൊലീസ് സാന്നിധ്യം കുറവാണ്. നൈറ്റ് പട്രോളിങ്ങും ഇടക്കിടെയുള്ള തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കലും ഒന്നും ഇവിടെയില്ല. പക്ഷേ എന്നിട്ടും ജനം ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുന്നു. രാത്രി രണ്ടുമണിക്കുപോലും യുവതികള്‍ക്ക് പുറത്തിറങ്ങി സുഖമായി നടന്നുപോകാന്‍ കഴിയുന്ന രീതിയില്‍ സുരക്ഷിതമാണ് പനാജി നഗരം. കേരളത്തില്‍ ഇടക്കിടെയുള്ള സദാചാര പൊലീസിങ്ങ് ഓര്‍ക്കുക. പക്ഷേ ഗോവന്‍ പൊലീസിന് പിടിപ്പതു പണിയുള്ള മറ്റൊരു ഏരിയയുണ്ട്്. അതാണ്, ഡ്രഗ് മാഫിയ. അവര്‍ക്കെതിരെ വിശ്രമമില്ലാത്ത പോരാട്ടത്തിലാണ് പൊലീസും എക്‌സൈസും ഗോവന്‍ ഭരണകൂടവും.

ഇപ്പോള്‍ മദ്യത്തിന് എക്‌സൈസ് ഡ്യൂട്ടി ഉയര്‍ത്തിയ പ്രമോദ് സാവന്ത് സര്‍ക്കാറിന്റെ നടപടിക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ് ഓള്‍ ഗോവ ലിക്വര്‍ ട്രേഡേഴ്‌സ് അസോസിയേഷന്‍.അഞ്ച് ശതമാനം ആല്‍ക്കഹോള്‍ ഉള്ള ബിയറിന് 50 രൂപയായിരുന്നു നേരത്തെ ഉണ്ടായിരുന്ന നികുതി. അത് ഇനി മുതല്‍ 60 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. മദ്യ വില്‍പനയില്‍ കുത്തനെ ഇടിവ് സംഭവിച്ചെന്ന വാര്‍ത്തക്ക് പിന്നാലെയാണ് വില കൂടുന്നുവെന്ന റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. 10 മുതല്‍ 12 രൂപ വരെയാണ് ഗോവയില്‍ എക്‌സൈസ് ഡ്യൂട്ടി കൂട്ടിയിരിക്കുന്നത്. നേരത്തെ എന്‍ട്രി ലെവല്‍ ബിയറിന് വില 30 രൂപയായിരുന്നെങ്കില്‍ ഇനി മുതല്‍ അത് 42 രൂപയായിരിക്കും. ഗോവയിലെ മദ്യവ്യവസായം ശരിക്കും പ്രതിസന്ധിയിലാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇനിയും എക്‌സൈസ് ഡ്യൂട്ടി കൂട്ടിയാല്‍ അത് തങ്ങളെ നശിപ്പിക്കുമെന്നും അവര്‍ പറയുന്നു. അതുപോലെ തന്നെ ബാറുകളുടെ എണ്ണത്തില്‍ സാച്ചുറേഷന്‍ ആയെന്നും ഇനിയും അനുവദിക്കരുതെന്നും അവര്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുന്നു.

കാസിനോകളില്‍ സംഭവിക്കുന്നത്

ആകെ പതിനട്ട് ലക്ഷം പേര്‍ താമസിക്കുന്ന ഒരു കൊച്ചു സംസ്ഥാനം. ഇന്ത്യയിലെ ഈ ഇത്തിരിക്കുഞ്ഞന്‍ സംസ്ഥാനത്ത് പ്രദേശവാസികളെക്കാളും ഏറെ ടൂറിസ്റ്റുകളാണെന്നാണ് പൊതുവെയുള്ള പറച്ചില്‍. ടൂറിസം കൊണ്ടാണ് ആ സംസ്ഥാനം ജീവിച്ചു പോകുന്നതെന്നതിനാല്‍ ഇത് സത്യവുമാണ്. 20 ലക്ഷമാണ് ഗോവയുടെ ജനസംഖ്യ, പക്ഷേ 2021ല്‍ മാത്രം ഇവിടെയെത്തിയത് 40 ലക്ഷം വിദേശികളായിരുന്നു. ബീച്ചുകളാണ് ഗോവന്‍ ടൂറിസത്തിന്റെ ജീവനാഡി. അതുപക്ഷേ മൂന്നുമാസത്തെ സീസണ്‍ കാലത്തു മാത്രമേയുള്ളൂ.

യാതൊരു സീസണും നോക്കാതെ ഗോവയിലേക്കു വരുന്നവരുമുണ്ട്. അത് കാസിനോകളില്‍ കളിക്കാൻ വേണ്ടിയാണ്. സത്യത്തില്‍ ഗോവപോലുള്ള ഒരു കോസ്‌മോ പൊളിറ്റന്‍ സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ വന്നത് അത്ഭുതമായിരുന്നു. 2000ല്‍ അവരെ തുണച്ചത് ഗോവയിലെ പരമ്പരാഗത ബ്രാഹ്‌മണ കുടുംബത്തില്‍ ജനിച്ച് ഐ.ഐ.ടിയില്‍ പഠിച്ചശേഷം രാഷ്ട്രീയത്തില്‍ ഇറങ്ങിയ മനോഹര്‍ പരീക്കര്‍ എന്ന നേതാവിന്റെ തന്ത്രങ്ങള്‍ ആയിരുന്നു. നമ്മുടെ ലീഡര്‍ കെ കരുണാകരന് സമാനമായി, ആഗ്രഹിച്ചതെല്ലാം നടപ്പാക്കുന്ന ഒരു നേതാവിന്റെ ഇമേജാണ് പരീക്കര്‍ക്ക് ഉണ്ടായിരുന്നുത്. ഗോവന്‍ ചലച്ചിത്രോത്സവത്തെയൊക്കെ ഇന്ന് കാണുന്ന രീതിയില്‍ മാറ്റിയെടുത്തതും പരീക്കറുടെ അധ്വാനമാണ്.

കാസിനോകള്‍ അടച്ചുപൂട്ടുമെന്നും, ഗോവയെ ശുദ്ധീകരിക്കുമെന്നുമായിരുന്നു ബിജെപിയുടെ മുദ്രാവാക്യം. എന്നാല്‍ ഒന്നും നടന്നില്ല. അധികാരത്തില്‍ കയറിയപ്പോഴാണ് കേരളത്തിന് ബിവറേജസ് കോര്‍പ്പറേഷന്‍ പോലെ ഒരു കറവപ്പശുവാണ് ഗോവക്ക് കാസിനോ എന്ന് പരീക്കര്‍ക്ക് മസ്സിലാവുന്നത്. വലിയ വരുമാന നഷ്ടവും, തൊഴില്‍ നഷ്ടവും ഇത് ഉണ്ടാക്കുമെന്നും അദ്ദേഹത്തിന് മനസ്സിലായിരുന്നു. കാസിനോകള്‍ അടച്ചുപൂട്ടുന്നതിന് നിയമപരമായി തടസ്സമുണ്ടെന്നായിരുന്നു അധികാരത്തിലെത്തിയപ്പോള്‍ പരീക്കറുടെ മറുപടി. പരീക്കര്‍ മരിച്ചിട്ടും ബിജെപി ആ പോളിസി തുടരുന്നു. പക്ഷേ എല്ലാ തെരഞ്ഞെടുപ്പുകാലത്തും ഗോവയിലെ ഒരു പ്രധാന മുദ്രാവാക്യമാണ് കാസിനോ നിരോധം. അതുപോലെ ഇവിടെ ബീഫ് നിരോധനത്തിനോ, ചുതാട്ടനിരോധനത്തിനോ, മദ്യശാലകള്‍ നിയന്ത്രിക്കാനോ ബിജെപി ശ്രമിക്കുന്നില്ല. അത് ഈ നാടിന്റെ വര്‍ഷങ്ങളായുള്ള സംസ്‌ക്കാരത്തിന്റെ ഭാഗമാണെന്നാണ് ഇപ്പോള്‍ ബിജെപി നേതാക്കാള്‍ പറയുന്നത്. ആ അര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ ബിജെപിയെപ്പോലും തിരുത്തുകയാണ് ഗോവ.

കാസിനോ ഒരു അധോലോകമല്ല

ഒരുപാട് നിറം പിടിപ്പിച്ച കഥകള്‍ ആണ് കേരളത്തിലടക്കം കാസിനോകളെക്കുറിച്ച് ഉയര്‍ന്നുകേള്‍ക്കുന്നത്. എന്നാല്‍ അവിടം ഒരുതവണ സന്ദര്‍ശിച്ചവര്‍ക്ക് അറിയാം, ഇതൊക്കെ വെറും പുളുവാണെന്ന്. സര്‍ക്കാര്‍ അംഗീകരിച്ച ഇരുപതോളം കാസിനോകളാണ് മണ്ഡോവി നദിയിലുള്ളത്. സിക്കിം കൂടാതെ ഇത്തരത്തില്‍ അംഗീകൃത ചൂതാട്ടകേന്ദ്രമുള്ള ഏക സംസ്ഥാനവും ഗോവയാണ്. ഖജനാവിലേക്ക് പ്രതിവര്‍ഷം വരുന്ന നികുതി വരുമാനത്തിന്റെ വലിയൊരു പങ്ക് ഈ കാസിനോകളില്‍ നിന്നാണ്. 2021ല്‍ മാത്രം 200 കോടി രൂപ ഇവിടെനിന്ന് സര്‍ക്കാരിലേക്കെത്തി എന്നാണു കണക്ക്.
പക്ഷേ എല്ലാ തെരഞ്ഞെടുപ്പുകാലത്തും ഗോവയിലെ ഒരു പ്രധാന അജണ്ട, കാസിനോ നിരോധനം തന്നെയാണ്. പക്ഷേ അത് നടപ്പാവാറില്ലെന്ന് മാത്രം.

കാസിനോകളെകുറിച്ച് മലയാളികളുടെ ആദ്യത്തെ തെറ്റിദ്ധാരണ, നമ്മള്‍ പോകുന്നത്, ഏതോ ഒരു രഹസ്യകേന്ദ്രത്തിലേക്കാണെന്നതാണ്. പക്ഷേ ഇവിടെ എല്ലാം നിയമവിധേയമാണ്. സ്ത്രീകളും കുട്ടികളും അടക്കമുള്ള നൂറുകണക്കിന് പേരാണ് സായാഹ്നങ്ങളില്‍ കാസിനോകളിലേക്ക് ഒഴുകുന്നത്. കപ്പിളായി വന്നാലും, സിംഗിള്‍ ആയി വന്നാലും, ഫാമിലിയുമായി വന്നാലും അതനുസരിച്ച് ആസ്വദിക്കാമെന്നതാണ് ഗോവന്‍ കാസിനോകളുടെ പ്രത്യേകത . മണ്ഡോവി നദിക്കരയില്‍ കാസിനോകളുടെ ടിക്കറ്റ് വില്‍പ്പന കേന്ദ്രങ്ങള്‍ ഉണ്ട്. പല പാക്കേജുകള്‍ അവിടെയുണ്ട്. അതില്‍ നിങ്ങളുടെ പോക്കറ്റിന് പറ്റിയ ഒന്ന് തെരഞ്ഞെടുക്കാം. പിന്നെ അവര്‍ ഒരു ഐഡന്റിറ്റി റിബണ്‍ നമുക്ക് തരും. അതോടെ നിങ്ങള്‍ കാസിനോയിലെ ഒരു അംഗമായി. തുടര്‍ന്ന് അവരുടെ ബോട്ടില്‍ മണ്ഡോവി നദിയിലുടെ നടുക്ക് നിര്‍ത്തിയിട്ട കപ്പലിലേക്ക് കൊണ്ടുപോവും. മനോഹരമായ ഒരു യാത്ര സൗജന്യമായി. രാത്രി രണ്ടുമണിക്കുള്ളില്‍ എപ്പോള്‍ ഇറങ്ങിയാലും അതേ ബോട്ടില്‍ തന്നെ അവര്‍ കരയിലും കൊണ്ടാക്കും.

വെള്ളി, ശനി, ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ നിങ്ങള്‍ക്ക് ആയിരം രൂപക്ക് ഒരു കാസിനോയില്‍ ടിക്കറ്റ് എടുക്കാം. തിരക്കേറിയ ദിവസങ്ങളിലും, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലും ഇതിന്റെ ഇരട്ടിയാവും. ആയിരം രുപക്ക് ഭക്ഷണം അണ്‍ലിമിറ്റഡ് ആണ്. ചിക്കനും, മട്ടണും, ബീഫും, മീനും, പോര്‍ക്കും, ബിരിയാണിയും തൊട്ട് എല്ലാം ലഭിക്കും. (ഹലാലും ഹറാമുമൊക്കെ നോക്കാതെയുള്ള ശുദ്ധ മതേതരത്വമാണിവിടെ. ഭക്ഷണത്തില്‍ ആരും മതം കലര്‍ത്തുന്നില്ല. പൊതുവെ ആഹാര പ്രിയരായ മലയാളിക്ക് അതുവഴിതന്നെ ആ കാശ് മുതലാക്കാം. പിന്നെ നിങ്ങള്‍ കാസിനോകളില്‍ മദ്യപിക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. വേണമെങ്കില്‍ അതും ആവാം. അതിനും കത്തിവിലയില്ല. മെയിന്‍ ലാന്‍ഡില്‍നിന്ന് 18 ശതമാനം ജി.എസ്.ടി അധികം കൊടുക്കണം . 250 ശതമാനം അധിക നികുതി കൊടുത്ത്, മണിക്കൂറുകള്‍ ക്യൂ നിന്ന് വൃത്തിഹീനമായ സാഹചര്യത്തില്‍ മദ്യം വാങ്ങുന്ന മല്ലുസിന്, ഈ ആഡംബര സൗകര്യത്തിലെ തുക അധിക ചെലവാണോ?

കാസിനോകളില്‍ വരുന്ന കുടുംബങ്ങളില്‍ ഭൂരിഭാഗവും രാത്രി എട്ടുമണിക്ക്‌ശേഷം തുടങ്ങി വൈകുവോളം നടക്കുന്ന കലാപരിപാടികള്‍ കുട്ടികളോടൊപ്പം കാണാന്‍ ആഗ്രഹിക്കുന്നവരാണ്. അര്‍ധ നഗ്‌നരായ സുന്ദരികളും സുന്ദരന്മാരും അടങ്ങുന്ന, ത്രസിപ്പിക്കുന്ന സിനിമ ഗാനങ്ങള്‍ക്ക് ഒപ്പമുള്ള നൃത്തം തന്നെയാണ് കലാപരിപാടികളില്‍ എറ്റവും പ്രധാനം. സദാചാരക്കുരുപൊട്ടാതെ വയോധിക ദമ്പതികള്‍പോലും അവ ആസ്വദിക്കുന്നു. ഡാന്‍സേഴ്‌സിന്റെ ഫോട്ടോ എടുക്കുന്നതിനും വീഡിയോ എടുക്കുന്നതിനും ഒന്നും വിലക്കില്ല. പക്ഷേ അവിടെ എത്തിയ ഗസ്റ്റുകളില്‍ ചിലര്‍ സ്വകാര്യത ആഗ്രഹിക്കുന്നതിനാല്‍ ഓഡിയന്‍സിന്റെ പടത്തിന് മാത്രമാണ് വിലക്കുള്ളത്. ഒരേ ഹാളില്‍ തന്നെ ഭക്ഷണവും നൃത്തവും മദ്യവും. എന്നിട്ടും ഒരു കശപിശയോ വെള്ളമടിച്ച് വാളുവെക്കുകയോ, സ്ത്രീകളെ ശല്യം ചെയ്യുകയോ ഒന്നും ഇവിടെയില്ല.ഒരു ഷട്ട് ഡൗണ്‍ സൊസൈറ്റിയും ഓപ്പണ്‍ സൊസൈറ്റിയും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം ഇതൊക്കെയാണ്.

കോടികള്‍കൊണ്ടുള്ള കറക്കിക്കുത്ത്!

പഴക്കം ചെന്ന ചെറിയ കപ്പലുകളാണ് സാധാരണയായി കാസിനോകള്‍ ആയി മാറുന്നത്. അതില്‍ ആള്‍ട്ടറേഷന്‍ വരുത്തി, വൈദ്യുതാലങ്കാരങ്ങള്‍ തീര്‍ത്ത് ഒഴുകുന്ന ഒരു സൗധമാക്കി മാറ്റും. യൂറോപ്യന്‍ ആര്‍ക്കിടെക്ടുകള്‍ ആണത്രേ ഇത്തരം കാര്യങ്ങള്‍ രൂപകല്‍പ്പന ചെയ്യാറുള്ളത്. ഒരു കാസിനോക്ക് തന്നെ ലക്ഷക്കണക്കിന് രൂപ വരും.

ഇനി കാസിനോകളില്‍ എത്തുന്നവര്‍ മുഴവന്‍ ചൂതാടണമെന്നുമില്ല. മൂന്നു ഡെക്കുകള്‍ ഉള്ള കാസിനോകളില്‍ ആദ്യത്തെ രണ്ട് ഡെക്കുകളും പൂര്‍ണ്ണമായും ഇത്തരം കളികള്‍ക്ക് ആയിരിക്കും. ചൂതാട്ട ഗെയിംസില്‍ ഭൂരിഭാഗവും ഭാഗ്യത്തിന്റെ അടിസ്ഥാനത്തിലാണ്. നമ്മുടെ പന്നിമലര്‍ത്ത് പോലെ തന്നെ ചീട്ട് ഇട്ട് വെട്ടുന്നത് തൊട്ട്, ഉത്സവപ്പറമ്പുകളിലെ വെയ്രാജാവെയ് കിലുക്കിക്കുത്തിന്റെ മോഡലിലുള്ള കളികള്‍വരെയുള്ള വൈവിധ്യമാര്‍ന്ന നൂറുകണക്കിന് ഗെയിമുകള്‍. അതുപോലെ വട്ടത്തില്‍ പന്തുകറക്കി അത് വീഴുന്ന കളങ്ങളില്‍, കാശ് കിട്ടുന്ന സാദാ കേരള ഗെയിം തൊട്ട്, ബക്കരാറ്റ്, ബ്ലാക്ക്ജാക്ക്, റൗള്ട്ട്, ടെക്‌സാസ് ഹോള്‍ഡെം പോക്കര്‍, 3 കാര്‍ഡ് പോക്കര്‍, 5 കാര്‍ഡ് പോക്കര്‍, തുടങ്ങിയ വിവിധ കളികള്‍ ഉണ്ട്. അതുപോലെ വെര്‍ച്വല്‍ വീഡിയോ ഗെയിമുകളും ഉണ്ട്. അതായത് നമ്മുടെ പബ്ജിപോലെ വെടിവെച്ച് ഇട്ടാല്‍ കാശ്കിട്ടും. യുവാക്കള്‍ക്ക് ഇത്തരം ഗെയിമുകളിലാണ് താല്‍പ്പര്യമെന്നാണ് കാസിനോകളിലെ ജീവനക്കാര്‍ പറയുന്നത്.

അതുപോലെ പണം അടിക്കുന്നതിലും വ്യത്യസ്തയുള്ള കളികള്‍ ഉണ്ട്. ഒന്നുവെച്ചാല്‍ മുപ്പത്തിയഞ്ച് കിട്ടുന്നവയുണ്ട്. അതായത് ആയിരം വച്ചാല്‍ മുപ്പത്തി അയ്യായിരമായി മടങ്ങാം. പക്ഷേ സ്റ്റാറ്റിറ്റിക്‌സും മാത്തമാറ്റിക്‌സും പഠിച്ചവര്‍ക്ക് പൊതുവെ ഇത് കളിക്കാന്‍ കഴിയില്ല. മുപ്പത്തഞ്ചില്‍ ഒന്ന് തൊട്ട് അമ്പതില്‍ ഒന്നുവരെയാണ് പല കളികളിലും സാധ്യത.

ഇനി കളിക്കുന്നില്ല, വെറുതെ കാണുക മാത്രമെങ്കില്‍ അതും ആവാം. കളിക്കാത്തവര്‍ മാറി നില്‍ക്കൂ എന്നതുപോലുള്ള ഉത്സവപ്പറമ്പിലെ പ്രശ്‌നങ്ങള്‍ ഇവിടെയില്ല. കളിക്കുന്നവര്‍ക്ക് മദ്യം ഫ്രീയാണ്. അത് അറിയാവുന്ന പല മലയാളികളും അഞ്ഞൂറു രൂപയുടെ കളിയില്‍ കൂടി ആയിരം രൂപക്ക് കുടിക്കും. മല്ലൂസ് അല്ലേലും പൊളിയാണ്! നല്ല കളിക്കാര്‍ കളി നടക്കുമ്പോള്‍ മദ്യപിക്കില്ലെന്നാണ് കാസിനോയിലെ ജീവനക്കാര്‍ പറയുന്നത്. ലക്ഷങ്ങള്‍ എറിഞ്ഞു കളിയില്‍ ഏകാഗ്രത പോകരുതല്ലോ.

അതുപോലെ തന്നെ കാസിനോകളെക്കുറിച്ചുള്ള മറ്റൊരു തെറ്റിദ്ധാരണയാണ്, വലിയ തുക ഇവിടെനിന്ന് നേടിക്കഴിഞ്ഞാല്‍ പിന്നെ സ്ഥലം വിടാന്‍ കഴിയില്ലെന്നത്. ഏത് സമയത്തും നിങ്ങള്‍ക്ക് കളിയില്‍നിന്ന് പിന്മാറാം. എന്നിട്ട് കൈയിലുള്ള കോയിനുകള്‍ എന്‍ കാഷ് ചെയ്യാം. നേടിക്കഴിഞ്ഞാല്‍ പിന്മാറാന്‍ കഴിയാത്ത നാടന്‍ ചീട്ടുകളി രീതി ഇവിടെയില്ല. ഇനി നിങ്ങള്‍ക്ക് അക്കൗണ്ട് വഴി പണം വേണോ അങ്ങനെയും നല്‍കും. എല്ലാറ്റിനും കൃത്യമായി ജി.എസ്.ടിയുണ്ട്. പണം നേരിട്ട് ക്യാഷായും വാങ്ങാം. ഇനി ഇതുകൊണ്ടുപോവാന്‍ പേടിയുണ്ടെങ്കില്‍ കാസിനോ ജീവനക്കാര്‍ നിങ്ങളെ താമസിക്കുന്നിടത്ത് എത്തിക്കും. എന്‍ട്രിയിലും എക്‌സിറ്റിലും തോക്കുമായി നില്‍ക്കുന്ന സെക്യൂരിറ്റിക്കാരെയല്ലാതെ, ബൗണ്‍സര്‍മാരുടെ ആധിക്യമെന്നും പൊതുവെ കാസിനോകളില്‍ കാണാറില്ല.

പക്ഷേ കാസിനോകളുടെ യഥാര്‍ഥ ലാഭം കിടക്കുന്നത്, ആഗോള ജനപ്രിയമായ ആ ഒരു ഒറ്റക്കളിയില്‍ തന്നെയാണ്. ചീട്ട്. മക്കാവുവിലും ലാസ്‌വേഗസ്സിലുമൊക്കെ പോയി ചീട്ട് കളിക്കുന്ന ആഗോള വമ്പന്മാര്‍ പലപ്പോഴും ഗോവയില്‍ എത്താറുണ്ട്. വലിയ അന്താരാഷ്ട്ര പോക്കര്‍ ടൂര്‍ണമെന്റുകളും ഇവര്‍ സംഘടിപ്പിക്കുന്നുണ്ട്. അതുവഴിയാണ് കോടികള്‍ വരുന്നത്. ഇത്തരം പലകളികളിലും നന്നായി നികുതിവെട്ടിപ്പ് നടക്കുന്നുണ്ട്. ഈ അധോലോകകളികള്‍ക്കുള്ള വലിയ മറ മാത്രമാണ് ഗോവന്‍ കാസിനോകള്‍ എന്നാണ് ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നത്. അതായത് യഥാര്‍ഥത്തില്‍ കാസിനോകളില്‍നിന്ന് കിട്ടുന്ന ശതകോടികളുടെ വരുമാനം മറച്ചുവെച്ച്, വെറും നക്കാപ്പിച്ചയാണ് അവര്‍ സര്‍ക്കാറിന് കൊടുക്കുന്നത് എന്നാണ് അവര്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കാസിനോകള്‍ നിരോധിച്ചില്ലെങ്കിലും നിയന്ത്രിക്കാനുള്ള സംവിധാനമെങ്കിലും വേണമെന്ന് ആവശ്യം ഉയരുന്നത്. അതുപോലെ കാസിനിനോകളുടെ മറവില്‍ കോടികളുടെ ഡ്രഗ് പാര്‍ട്ടി നടക്കുന്നുവെന്നും ആരോപണങ്ങള്‍ ഉണ്ട്.

RECOMMENDED FOR YOU
Editors Choice