• 30 Jan 2023
  • 03: 42 AM
Latest News arrow

ശശീന്ദ്രൻ കേസിൽ മാധ്യമങ്ങൾ തന്നെ വേട്ടയാടുന്നു : വ്യവസായി വി എം രാധാകൃഷ്ണൻ

ശശീന്ദ്രൻ കേസിൽ മാധ്യമങ്ങൾ തന്നെ വേട്ടയാടുകയാണെന്നു കേസിന്റെ ആരംഭം മുതൽ ആരോപിക്കുന്ന വ്യവസായി വി എം രാധാകൃഷ്ണൻ, കേസ് വീണ്ടും സി ബി ഐ അന്വേഷിക്കണമെന്ന ഹൈ കോടതി വിധിയുടെ വെളിച്ചത്തിൽ ഫേസ് ബുക്കിൽ ഇട്ട കുറിപ്പ് ശ്രദ്ധേയമാകുന്നു... കുറിപ്പിന്റെ പൂർണ രൂപം

കോടതി വിധിയും മാധ്യമങ്ങളും
പിന്നെ ഞാനും

നാല് ദിവസം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ ഡിസംബര്‍ ഒന്നിന് മുഖ്യധാരാ പത്രങ്ങളുടെ ഒന്നാംപുറത്തെ തലക്കെട്ട് വാര്‍ത്ത എല്ലാവരും ശ്രദ്ധിച്ചുകാണും. ഞാന്‍ ആരോപണം നേരിടുന്ന ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട വാര്‍ത്തയായിരുന്നു അത്. അതിന് തലേന്ന് (നവംബര്‍ 30) വിഷയത്തില്‍ ദൃശ്യമാധ്യമങ്ങളുടെ റിപ്പോര്‍ട്ടിങ് കഴിഞ്ഞിരുന്നു. ദൃശ്യമാധ്യമങ്ങളുടെ റിപ്പോര്‍ട്ടിങിലെ പോരായ്മകള്‍ നികത്തുംവിധം പിറ്റേന്ന് ഇറങ്ങിയ പത്രങ്ങളുടെ ഒന്നാംപേജിലും എഡിറ്റോറിയല്‍ പേജിലുമൊക്കെ വിഷയം കത്തിച്ചുനിര്‍ത്തി. കേരളം ചര്‍ച്ച ചെയ്യുന്ന ധാരാളം വാര്‍ത്തകള്‍ നിറഞ്ഞ ദിവസമായിരുന്നിട്ടുപോലും അതിനേക്കാളൊക്കെ പ്രധാന്യം മാധ്യമങ്ങള്‍ ഈ വാര്‍ത്തക്ക് നല്‍കിയത് എനിക്കുള്ള അംഗീകാരവും ബഹുമതിയുമൊക്കെയായി കാണേണ്ടിവരും. അതുകൊണ്ടാണ് നിങ്ങള്‍ക്ക് മുമ്പാകെ ഇതെഴുതണമെന്ന് തോന്നിയതും. ഒത്തിരികാര്യങ്ങള്‍ പറയാനുണ്ട്. പക്ഷേ, കുറ്റാരോപിതനായി നീതിപീഠത്തിന് മുന്നില്‍ നില്‍ക്കുമ്പോള്‍ ഇവിടത്തെ തുറന്നുപറച്ചിലിന് ഒരുപാട് പരിമിതികളുമുണ്ട്. അത് ഉള്‍ക്കൊണ്ട് വിനയപൂര്‍വ്വം ചില കാര്യങ്ങള്‍ പറയുകയാണ്. മനസിലാക്കാന്‍ പറ്റുന്നവരെങ്കിലും മനസിലാക്കട്ടെ.

വാര്‍ത്തക്ക് ആധാരമായ കോടതിവിധി ഞാന്‍ കൊടുത്ത ഹരജിയിന്മേൽ പുറപ്പെടുവിച്ചതല്ല. ഞാന്‍ ഈ ഹർജികളിൽ കക്ഷിയോ എതിര്‍കക്ഷിയോ അല്ല. ഏതെങ്കിലും സന്ദര്‍ഭത്തില്‍ ഹരജികളെ എതിര്‍ക്കാനോ അനുകൂലിക്കാനോ പോയിട്ടില്ല. ഈ വിഷയത്തില്‍ കോടതി എന്റെ ഭാഗം പറയാന്‍ ആവശ്യപ്പെട്ടിട്ടില്ല. അങ്ങിനെ ആവശ്യപ്പെടേണ്ട കാര്യവുമില്ല. അത്തരമൊരു വിഷയത്തിലാണ് നവംബര്‍ 30ന് ബഹുമാനപ്പെട്ട ഹൈക്കോടതി വിധി പറഞ്ഞത്. പക്ഷേ, പിറ്റേന്നിറങ്ങിയ മുഖ്യധാരാപത്രങ്ങളിലെ വാര്‍ത്ത വായിച്ചാല്‍ ഒരു സാധാരണ വായനക്കാരന് മനസില്‍ തോന്നുക അതിക്രൂരമായ ഒരു പാതകം ഞാന്‍ നടത്തി. അതുസംബന്ധിച്ച് ഇന്ത്യയുടെ പരമോന്നത അന്വേഷണ ഏജന്‍സി അന്വേഷിച്ചു. എന്റെ പണത്തിനും സ്വാധീനത്തിനും വഴങ്ങി ഗുരുതരമായ കുറ്റകൃത്യം ചെയ്ത എന്നെ സഹായിക്കാന്‍ അവര്‍ നിസാര വകുപ്പുകള്‍ ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചു. അതുസംബന്ധിച്ച് രണ്ടു ഹരജികള്‍ ഹൈക്കോടതി മുമ്പാകെ വരികയും മഹാപാതകം ചെയ്തത് ഇദ്ദേഹമാണെന്ന തരത്തില്‍ കോടതി വിധി പ്രസ്താവിക്കുകയും ചെയ്തു, എന്നല്ലേ...? കാര്യം അങ്ങനെ ആണോ അല്ലയോ എന്നല്ല, അങ്ങനെ ധരിക്കുന്നവര്‍ അങ്ങനെ ധരിച്ചോട്ടെ എന്ന് കരുതുംവിധത്തിലാണ് അന്നത്തെ വാര്‍ത്തകള്‍. വാര്‍ത്ത വായിക്കുന്ന ആര്‍ക്കും ഒറ്റനോട്ടത്തില്‍ തോന്നുക അതിക്രൂര കര്‍മ്മം നിര്‍വഹിച്ചത് ഞാനാണെന്ന് കോടതി സൂചിപ്പിച്ചതായാണ്.

എന്തായാലും പ്രസ്തുത വാര്‍ത്തയുടെ ഫലമായി എന്റെ ശത്രുക്കളായ കുറേപേര്‍ക്ക് സന്തോഷം കിട്ടികാണും. മറുവശത്ത് എന്റെ മിത്രങ്ങള്‍ക്കും കുടുംബത്തിനും ബന്ധുമിത്രാദികള്‍ക്കും അഭ്യുദയ കാംക്ഷികള്‍ക്കും നിരാശയും ദുഃഖവും ഉണ്ടായി. ഞാന്‍ ഈ വാര്‍ത്ത തയ്യാറാക്കിയ ഏതെങ്കിലും പത്രപ്രവര്‍ത്തകരോടോ അവരുടെ കുടുംബാംഗങ്ങളോടോ പത്രസ്ഥാപന ഉടമകളോടോ എന്തെങ്കിലും നെറികേടോ ക്രൂരതയോ പീഡനമോ നടത്തിയതായി എന്റെ ഓര്‍മ്മയിലില്ല. ഇത്രമാത്രം വിദ്വേഷം അല്ലെങ്കില്‍ പ്രതികാരം എന്നോട് തോന്നാന്‍ ഞാന്‍ എന്തു ചെയ്തു എന്നുള്ളത് എന്നും അജ്ഞാതമായി തുടരുമെന്ന് കരുതുന്നു. ഏതായാലും ഈ വാര്‍ത്തയിലൂടെ സകല മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ആത്മനിര്‍വൃതിയടയാന്‍ സാധിച്ചുവെങ്കില്‍ സന്തോഷം മാത്രം.

കോടതിവിധിയില്‍ സൂചിപ്പിച്ച എല്ലാ കാര്യങ്ങളും ഹർജികളിൽ ഉന്നയിച്ച മിക്ക സന്ദേഹങ്ങളും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലായ ദ കേരള പോസ്റ്റ് ഉന്നയിച്ചിരുന്നു. അതിന്റെ ലിങ്ക് ഞാന്‍ മുഖപുസ്തകത്തില്‍ ഷെയര്‍ ചെയ്തിരുന്നതുമാണ്. മാധ്യമങ്ങള്‍ ഇപ്പോള്‍ പറയുംപോലെ എനിക്കെതിരെ ലഘുവായ കുറ്റകൃത്യമാക്കി നിസാര വകുപ്പുകള്‍ ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചതെങ്കില്‍ അന്നൊന്നും ക... മ... എന്നൊരക്ഷരം ഈ മാധ്യമങ്ങള്‍ ഉരിയാടി കണ്ടില്ല. അന്നത്തെ മാധ്യമ ചിന്ത ഏതുവകുപ്പായാലും വേണ്ടില്ല, ഇദ്ദേഹത്തെ എത്രയുംപെട്ടെന്ന് ശിക്ഷിച്ചു കാണണം എന്നുമാത്രമായിരുന്നു. അന്വേഷണത്തില്‍ എന്തെങ്കിലും പാളിച്ചസംഭവിച്ചതായോ, ഉത്തരംകിട്ടാത്ത ചോദ്യങ്ങള്‍ അവശേഷിച്ചതായോ അന്നൊന്നും ഇവരാരും റിപ്പോര്‍ട്ട് ചെയ്തില്ല. കുറ്റാന്വേഷണവുമായി ബന്ധപ്പെട്ട നാള്‍വഴികള്‍ പ്രസിദ്ധീകരിച്ച സന്ദര്‍ഭത്തിലൊന്നും എന്തേ ഇതൊന്നും തോന്നാതെ പോയത്. ഇപ്പോള്‍ കോടതി ഉന്നയിച്ചതായ സംശയങ്ങള്‍ അന്ന് നാള്‍വഴികള്‍ പറഞ്ഞുകൊടുത്ത അന്വേഷണ ഉദ്യോഗസ്ഥനോട് ഇവരാരും ചോദിച്ചതായോ ഉത്തരംതേടിയതായോ പറഞ്ഞുകേട്ടിട്ടില്ല.

ഇനി കോടതി സമഗ്രമായി അന്വേഷിക്കാന്‍ ഉത്തരവിട്ട കാര്യങ്ങള്‍ ഒന്നു പരാമര്‍ശിക്കാം. പത്രവാര്‍ത്തകള്‍ മാത്രം വായിച്ചവര്‍ക്ക് കോടതി ഉത്തരവിലെ യാഥാര്‍ത്ഥ്യംകൂടി അറിയാന്‍ വേണ്ടിയാണ്. കൃശഗാത്രനായ പരേതന് തന്റെ കുഞ്ഞുങ്ങളെ പരസഹായമില്ലാതെ തൂക്കിക്കൊല്ലാന്‍ കഴിഞ്ഞു എന്നത് അവിശ്വസനീയമാണ്. പരേതന്റെ ദേഹത്തുകണ്ട 9 മുറിവുകള്‍ സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തിയില്ല. കുഞ്ഞുങ്ങള്‍ സ്വമേധയാ മരണം തെരഞ്ഞെടുത്തു/ആത്മഹത്യക്ക് വഴങ്ങികൊടുത്തു എന്നത് വിശ്വസനീയമല്ലാത്ത കഥ. ഒരു കുഞ്ഞിന്റെ മരണം കാണാനിടയാകുന്ന അടുത്ത കുഞ്ഞ് ദുരന്തസ്ഥലത്തുനിന്നും രക്ഷപ്പെടാഞ്ഞതെന്തെ? തുടങ്ങിയ ചോദ്യങ്ങളാണ് കോടതി പ്രധാനമായും ഉന്നയിക്കുന്നത്. നാലാമത്തെ കുരുക്കിനെ സംബന്ധിച്ചും ഹൈക്കോടതി വിധിയില്‍ പരാമര്‍ശമുണ്ട്. അതോടൊപ്പം അന്വേഷണസംഘത്തെയും പ്രധാനമായും അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനെയും വിധിയില്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. അന്വേഷണത്തില്‍ കുറ്റകരമായ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ യുക്തമായ നടപടിക്ക് അന്വേഷണ ഏജന്‍സിയോട് കോടതി നിര്‍ദേശിക്കുന്നുമുണ്ട്. പക്ഷേ, അതൊന്നും വാര്‍ത്തയേയല്ല. അതിന്റെ കാരണമാണ് മുകളില്‍ പറഞ്ഞത്. എന്തായാലും വിഷയം മനസിലാക്കാന്‍ താല്‍പര്യമുള്ളവര്‍ക്കായി കോടതി വിധിയുടെ പകര്‍പ്പ് ഇതോടൊപ്പം ഇവിടെ ഷെയര്‍ ചെയ്യുന്നുണ്ട്. അതിക്രൂര കൃത്യത്തിന്റെ ഉത്തരവാദിത്തം എന്റെ തലയില്‍ കെട്ടിവെച്ചു എന്ന രൂപത്തില്‍ പൊതുസമൂഹം മുമ്പാകെ വാര്‍ത്താപ്രചരണം നടത്താന്‍ തക്ക അവ്യക്തത വിധിയിലുണ്ടെങ്കില്‍ കൂടുതലൊന്നും പറയാനില്ല.

കോടതി വിധിയില്‍ പരാമര്‍ശിച്ചതിലും എത്രയോ ഇരട്ടി സന്ദേഹങ്ങളും ദുരൂഹതകളും ഹര്‍ജികളില്‍ ഉന്നയിച്ചിട്ടുണ്ട്. പുതിയ അന്വേഷണസംഘം ഇക്കാര്യങ്ങളെല്ലാം സമഗ്രമായി പരിശോധിച്ച് കുറ്റമറ്റരീതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാതെ വന്നാല്‍ മേല്‍കാര്യങ്ങളെല്ലാം വിചാരണ കോടതിയില്‍ ഉന്നയിക്കുവാനും ചോദ്യംചെയ്യാനുള്ള അവസരം ഹൈക്കോടതി വിധി വഴി ഹര്‍ജിക്കാര്‍ക്ക് കൈവന്നതായാണ് അഭിഭാഷകര്‍ അഭിപ്രായപ്പെട്ടത്. തെളിവുകളുമായി വീർപ്പുമുട്ടി നിൽക്കുന്ന ആർക്കും തന്നെ പുതിയ അന്വേഷണ സംഘം മുൻപാകെ അവ അവതരിപ്പിക്കുന്നതിന് അവസരം ഉണ്ടാകുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്.

നാലാമത്തെ കുരുക്ക് ആര്‍ക്കുവേണ്ടിയായിരുന്നു? ലക്ഷ്യമിട്ട നാലാമത്തെ വ്യക്തി എങ്ങനെ രക്ഷപ്പെട്ടു? അക്രമികളാണ് കുരുക്കുകൾ തയ്യാറാക്കിയതെങ്കിൽ അവർ കുരുക്കുകൾ തയ്യാറാക്കുമ്പോള്‍ പരേതന്‍ എതിര്‍ത്തില്ലെ? ബലപ്രയോഗത്തിലൂടെയായിരുന്നോ കുരുക്കുകള്‍ സ്ഥാപിച്ചത്? അക്രമികള്‍ പരേതന്റെ പരിചയക്കാരോ സുഹൃത്തുക്കളോ ആയിരിക്കുമോ? കുരുക്കൾ സ്വയം തയ്യാറാക്കി അക്രമികള്‍ക്കായി കാത്തിരിക്കുക എന്നത് സംഭവ്യമാണോ? പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണസമയം കൃത്യമായി രേഖപ്പെടുത്താഞ്ഞത് എന്തുകൊണ്ടാണ്? പരേതന്‍ തൻ്റെ ജോലി രാജിവക്കുന്നതിന് മുൻപും പിൻപും കുറ്റാരോപിതനെതിരെ വിജിലന്‍സിന് നല്‍കിയെന്ന് ആരോപിക്കുന്ന മൊഴികള്‍ കുറ്റപത്രത്തോടൊപ്പം സമര്‍പ്പിക്കാത്തത് എന്തുകൊണ്ടാണ്? കുറ്റാരോപിതന്റെയോ മാപ്പുസാക്ഷികളുടെയോ പരേതന്റെയോ ടെലഫോണ്‍/മൊബൈല്‍ വിളികളുടെ, ടവര്‍ ലൊക്കേഷനുകളുടെ വിശദാംശങ്ങള്‍ കുറ്റപത്രത്തോടൊപ്പം സമര്‍പ്പിക്കാത്തതെന്ത്? പരേതൻ്റെ വിധവയെക്കൊണ്ട് പരേതൻ്റെ സഹോദരനും ഹർജിക്കാരിൽ ഒരാളുമായ വ്യക്തിക്കെതിരെ മൊഴി രേഖപ്പെടുത്തി കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചതെന്തിന്? വിജിലൻസ് കേസുകളിൽ പ്രതി ചേർക്കപ്പെടുമെന്ന ഭീഷണി പരേതൻ നേരിട്ടിരുന്നുവോ? എങ്കിൽ ആരായിരുന്നു അത്തരത്തിൽ ഭീഷണിപ്പെടുത്തിയത്? തന്നെ ഭീഷണിപ്പെടുത്തി എന്ന് പരേതൻ രേഖാമൂലം പരാതിപ്പെട്ടിട്ടുള്ള വ്യക്തിയെ മുഖ്യ സാക്ഷികളിലൊരാളായി അവതരിപ്പിച്ചതെന്തിന്? പരേതൻ ജോലിയിലിരിക്കെ അദ്ദേഹത്തെ നിരന്തരം പീഡിപ്പിച്ചിരുന്നു എന്ന ആക്ഷേപത്തിന് വിധേയരായവരെ മാപ്പുസാക്ഷികളാക്കിയതെന്തിന്? സ്റ്റേറ്റ് വിജിലൻസിന് എതിരെ പരേതൻ പരാതിപ്പെട്ടത് ആരുടെ സമ്മർദ്ദത്താൽ? ഉന്നത അധികാരികൾ മുൻപാകെ താൻ പീഡിപ്പിക്കപ്പെടുന്നു എന്ന പരാതി ആർക്കെതിരെ പരേതൻ ഉന്നയിച്ചുവോ അതേ ഉദ്യോഗസ്ഥനെ എങ്ങിനെ മാപ്പുസാക്ഷിയാക്കി? രാജി വച്ചതിനെ തുടർന്ന് കമ്പനിയിൽ നിന്നും ലഭിച്ച ആനുകൂല്യങ്ങൾ മരണത്തിന് തൊട്ട് മുൻപ് പരേതൻ്റെ അക്കൌണ്ടിൽ നിന്നും ആർക്കാണ് ട്രാൻസ്ഫർ ചെയ്തത്? പരേതൻ സ്വയം പോയി കുരുക്കിനാവശ്യമായ കയർ വാങ്ങി വന്നു എന്ന സാക്ഷിമൊഴികൾ അന്വേഷണ ഏജൻസിയുടെ സമ്മർദ്ദത്താൽ നൽകിയതായിരുന്നുവോ ? കുരുക്കിടാൻ വേണ്ടി ഉപയോഗിച്ചെന്ന് പറയുന്ന കോവണി അന്വേഷണ ഏജൻസി തൊണ്ടിയായി കസ്റ്റഡിയിലെടുക്കാഞ്ഞതെന്ത് കൊണ്ട്?പരേതൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല / കൊല ചെയ്യപ്പെട്ടതാണ് എന്ന് ഉറച്ച് വിശ്വസിക്കുന്നു എന്ന് ആദ്യം മൊഴി നൽകിയ മുഖ്യ സാക്ഷി പിന്നീട് ആത്മഹത്യ തിയറി ശരിവക്കും വിധം മറ്റൊരു മൊഴി നൽകുവാൻ ഉണ്ടായ സാഹചര്യം എന്ത്? കേസന്വേഷണ വേളയിൽ ലോക്കൽ പോലീസ് സമ്പാദിച്ച ടെലഫോൺ കാൾ റിക്കാർഡ്സ് ഉൾപ്പടെയുള്ള പല വിവരങ്ങളും രേഖകളും കുറ്റ പത്രത്തോടൊപ്പം സമർപ്പിക്കാത്തതെന്ത് കൊണ്ട്? കുറ്റാരോപിതൻ്റെ ലോക്കർ പരിശോധന ഫലം ഹാജരാക്കാഞ്ഞതെന്ത് കൊണ്ട്? ആത്മഹത്യാ കുറിപ്പ് കണ്ടെത്താനാകാഞ്ഞത് തന്നെ കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്ന സൂചനയല്ലെ? കുറ്റപത്രം തള്ളുമ്പോൾ മജിസ്ട്രേറ്റ് കോടതി ഉന്നയിച്ച ചോദ്യങ്ങൾക്ക് പോലും വിശ്വസനീയമായ ഉത്തരം നൽകാതെ കുറ്റപത്രം പുനഃ സമർപ്പിച്ചത് എന്ത് കൊണ്ട്?ഇത്തരത്തിൽ അനവധി നിരവധി സന്ദേഹങ്ങള്‍ വാദം കേള്‍ക്കുന്ന വേളയില്‍ കോടതിയില്‍ ഉന്നയിക്കപ്പെട്ടിരുന്നു / ചർച്ച ചെയ്യപ്പെട്ടിരുന്നു എന്നാണ് അഭിഭാഷകരില്‍ നിന്നും മനസിലാക്കാന്‍ കഴിഞ്ഞത്. കോടതി മുറിയില്‍ ഉന്നയിക്കപ്പെട്ട, ഹര്‍ജികളില്‍ പരാമര്‍ശിച്ചിട്ടുള്ള, വിധിയില്‍ സൂചിപ്പിച്ചിട്ടുള്ള സന്ദേഹങ്ങള്‍ക്കും ദുരൂഹതകള്‍ക്കും വ്യക്തത വരുത്താനാണല്ലോ തുടരന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ വക കാര്യങ്ങളില്‍ ഒരു അഭിപ്രായവും / പ്രതികരണവും കുറ്റാരോപിത സ്ഥാനത്ത് നില്‍ക്കുന്നയാള്‍ എന്ന നിലയില്‍ എന്റേതായി രേഖപ്പെടുത്താനില്ല.

അടുത്തദിവസം ഒരു പ്രമുഖ സീരിയല്‍ നടനെ മാധ്യമങ്ങള്‍ പരേതനായി പ്രഖ്യാപിച്ചുകണ്ടു. അതില്‍ കൂടുതല്‍ ക്രൂരതയൊന്നും എന്നോട് കാണിച്ചിട്ടില്ലെന്ന് സമാധാനിച്ചുകൊണ്ട് എന്റെ സ്വയം സമാധാനത്തിനുവേണ്ടി ഇത്രയും കാര്യങ്ങള്‍ ഇവിടെ സുഹൃത്തുക്കള്‍ മുമ്പാകെ കുറിച്ചിടുന്നു.