വിശ്വവിഖ്യാതമായ ചിരി !!

1940 ഒക്ടോബർ 30 നു റിയോഡി ജനിറോയ് ക്കും സാവോ പോളൊക്കും ഇടയിലുള്ള മിനാസ് ഗറിയാസ് എന്ന ബ്രസീൽ പൂർവവാസികളുടെ നഗരത്തിലെ ട്രെസ് കൊരാസസ് എന്ന ഇടുങ്ങിയ തെരുവിലാണ്
എഡ്സൺ ആരാന്റസ് ഡോ നാസിമെന്റോ ജനിച്ചത് .
ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടുകളിലൂടെയും ഇടയിൽ വളർന്ന അവനൊരു പന്തു വാങ്ങിക്കൊടുക്കുവാനുള്ള ശേഷി പോലും അവന്റെ മാതാപിതാക്കൾക്കുണ്ടായിരുന്നില്ല . അമ്മ സെലീസ്യ നാസിമെന്റോ ചില്ലറ ജോലികൾ ചെയ്തുണ്ടാക്കിയ പണമായിരുന്നു കുടുംബത്തിന്റെ ഏക വരുമാനം.
അച്ഛൻ ഡോൺ ഡീന്യോ അധികസമയവും പന്തു കളിച്ചു നടന്നു
അമ്മ തുണിയും കടലാസും പാഴ് വസ്തുക്കളും ചേർത്തു ഉണ്ടാക്കി കൊടുത്ത കാൽപ്പന്തിന്റെ കളിക്കൂട്ടുകാരനായി അവനും. അവരുടെ തെരുവുകളിൽ അത് തട്ടി നടന്നു സ്വപ്നം കണ്ടു വളർന്നു . അന്നവൻ കൂട്ടുകാരുടെ ഡീക്കോ ആയിരുന്നു . അക്കാലത്തെ ബ്രസീലിലെ തെരുവ് ജീവിതത്തിന്റെ നേർ കാഴ്ചയായി പത്താം വയസിൽതന്നെ അവൻ തെരുവിലെ അറിയപ്പെടുന്ന ഷൂ പോളിഷുകാരനും ആയിത്തീർന്നു . അവന്റെ മനം മയക്കുന്ന ചിരിയും ഹൃദ്യമായ പെരുമാറ്റവും ഒരുപാട് കസ്റ്റമേഴ്‌സിനെ ഉണ്ടാക്കി കൊടുത്തു
അപ്പോഴാണ് ബ്രസ്സീൽ ആതിഥേയത്വം വഹിച്ച ലോക കപ്പു ഫൈനലിൽ മറക്കാനാ സ്റ്റേഡിയത്തിൽ
അവരുടെ ഉറൂഗ്വേയും ആയിട്ടുള്ള ഞെട്ടിപ്പിച്ച തോൽവി. പന്തുകളിക്കാരനായ പിതാവിന് അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു . പൊട്ടിക്കരഞ്ഞു വീട്ടിൽ കയറി വന്ന അച്ഛനെ കെട്ടിപ്പിടിച്ചു ഡീക്കോ പറഞ്ഞു . അച്ഛൻ സങ്കടപ്പെടേണ്ട ഈ കപ്പ് ഞാൻ അച്ഛന്റെ കൈയിൽ കൊണ്ടുത്തരും.. അതൊരു ബാലന്റെ വെറും ഭാവനയായിരുന്നില്ല . അവന്റ മാത്രം മാന്ത്രിക മികവിൽ മൂന്നു തവണ ,58/ 62 / 1970 വർഷങ്ങളിൽ കപ്പ് സ്വന്തമാക്കിയത് പിൽക്കാലത്തു പെലെ ആയിതീർന്ന അവന്റെ സ്വന്തം ബ്രസിൽ ആയിരുന്നു.
ഈ ഭൂമിയിലെ ഏറ്റവും മികച്ച മന്ദഹാസത്തിന്റെ , ചിരിയുടെ ഉടമയായിരുന്നു പെലെ. അദ്ദേഹം അമേരിക്കയിൽ കോസ്മോസിനു കളിക്കുന്ന നാളുകളിൽ അവിടുത്തെ പ്രശസ്തമായ ഒരു ഫാഷൻ മാസിക വിഖ്യാതരുടെ പുഞ്ചിരി
മത്സരം നടത്തി. അതിൽ ആദ്യ സ്ഥാനത്തു എത്തിയ രണ്ടു പേരും "സ്പോർട്സ് രംഗത്ത് " നിന്നുള്ളവരായിരുന്നു .ബോക്‌സർ ജോർജ് ഫോർമാനും പെലെയും. ആഫ്രിക്കയിലെ മനുഷ്യാവകാശ പ്രവർത്തകനും സമാധാന നോബൽ പുരസ്‌കാര നേതാവും ആയിരുന്ന ഡെസ്മണ്ട് ടുട്ടു ആണ് അന്ന് സമ്മാനദാനം നടത്തിയത് .സമ്മാനം നൽകിക്കൊണ്ട് അദ്ദേഹം പറഞ്ഞു... ..." ചിരി ഹൃദയത്തിന്റെ നിർമ്മല ഭാവത്തിന്റെ പ്രതിഫലനം ആണ്. കളങ്കമില്ലാത്തവർക്കേ ഹൃദയം പുറത്തു കാണാൻ കഴിയും വിധം ചിരിക്കാൻ കഴിയൂ"
പെലെയെ ഫുട്ബോൾ ഇതിഹാസമായിട്ടേ നമ്മളിൽ പലരും അറിഞ്ഞിരുന്നുള്ളൂ.എന്നാൽ അദ്ദേഹം മികച്ച ഗിറ്റാറിസ്റ്റും ഗായകനും ആയിരുന്നു. പന്തിനൊപ്പം ഒരു ഗിറ്റാറും എപ്പോഴും ഒപ്പമുണ്ടായിരുന്നു.ദുഃഖങ്ങൾ അദ്ദേഹം ഒറ്റക്കിരുന്നു പാടി തീർത്തു ..! മറഡോണ അടക്കമുള്ള കൂട്ടുകാരെ അതിലൂടെ ആഹ്‌ളാദിപ്പിക്കുകയും ചെയ്തു. .
പേലേ ഒരിക്കൽ തന്റെ പിൻഗാമിയെന്നു വിശേഷിപ്പിച്ചു നെയ്മർ ജൂനിയർ തന്റെ ഇതിഹാസ നായകനെ കുറിച്ച് സമൂഹ് മാധ്യമങ്ങളിൽ എഴുതിയത് ഇങ്ങനെയാണ് . "ഫുട്ബോൾ കളിക്കാരുടെ കുപ്പായത്തിലെ പത്താം നമ്പർ പെലേക്കു മുൻപ് വെറുമൊരു അക്കം മാത്രമായിരുന്നു..അതണിഞ്ഞു അദ്ദേഹം അന്നുവരെ സാധാരണ മനുഷ്യന്റെ കേവല വിനോദമായിരുന്ന ഫൂട്ബാളിനെ കലയും സംഗീതവും ജനങ്ങളുടെ ആഘോഷവും ആക്കി മാറ്റി...അതോടെ ബ്രസീലും ഫുട്ബോളും ആദരിക്കപ്പെട്ടു... ഫുട്ബോൾ രാജാവിന്റെ ആത്മാവ് മാത്രമേ നമ്മളെ വിട്ടകന്നിട്ടുള്ളു... അദ്ദേഹം അനശ്വരനാണ് . .പെലെ സമ്മാനിച്ച ഫുട്ബോൾ ലഹരിയും മാന്ത്രിക ഭാവവും ഈ പ്രപഞ്ചമുള്ളിടത്തോളം നില നിൽക്കും. ഹൃദയം പുറത്തുകാണുന്ന ആ മനോഹരമായ മന്ദഹാസവും എതിരാളികളെ വെട്ടിച്ചു ഡ്രിബിൾ ചെയ്തു ശാന്തനായി മുന്നേറി പന്തു ഒരു ചിത്രകലയിലെ ദൃശ്യ വിസ്മയം പോലെ വലയുടെ ഒരു കോണിൽ പ്രതിഷ്ഠിച്ചു നർത്തകനെ പോലെ നടന്നു നീങ്ങുന്ന ആ രൂപവും അനശ്വരമാണ് ..ഭൂമിയിൽ പന്തുരുളുന്ന കാലമത്രയും മനുഷ്യ മനസുകളിൽ അതങ്ങനെ ജ്വലിച്ചു നിൽക്കും
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ