• 04 Oct 2023
  • 06: 24 PM
Latest News arrow

നേര് മറയ്ക്കാൻ സിബിഐ - 4 . വ്യാജ വാർത്തകളും ബാഹ്യ ഇടപെടലുകളും

ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹ മരണം പുറത്തറിഞ്ഞതു മുതൽ പല തരത്തിലുള്ള ഇടപെടലുകളും ഈ കേസിനെ ചുറ്റിപ്പറ്റി ഉണ്ടായി.

ശശീന്ദ്രൻ കേസിൽ പ്രാഥമിക അന്വേഷണം നടത്തിയ കേരളാ പോലീസും സിബിഐ യും ഒരു കാര്യത്തിൽ ഏകാഭിപ്രായമാണ് പ്രകടിപ്പിച്ചത്. ശശീന്ദ്രന്റേതു ആത്മഹത്യയും കുട്ടികളുടേതു കൊലപാതകവുമാണെന്ന് . അതായതു ശശീന്ദ്രൻ രണ്ടു മക്കളെയും കെട്ടിത്തൂക്കി കൊല ചെയ്ത ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് . എന്നാൽ, കുട്ടികളെ തൂക്കികൊല്ലുക എന്ന പ്രവർത്തി പരസഹായം കൂടാതെ ശശീന്ദ്രന് ചെയ്യാൻ കഴിയില്ലെന്നിരിക്കെ , അതിനു സഹായിച്ചത് ആരാണെന്നു കണ്ടെത്താൻ സിബിഐക്കു കഴിഞ്ഞില്ല. 

ശശീന്ദ്രന് ഒറ്റയ്ക്ക് കുട്ടികളെ  എടുത്തു കോണിയിൽ കയറി തൂക്കാൻ കഴിയില്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലും ഫോറൻസിക് റിപ്പോർട്ടിലും പറയുന്നുണ്ട്. ശശീന്ദ്രൻ കൃത്യമായ അളവിൽ കയർ വാങ്ങിക്കൊണ്ടു വന്നതായി സിബിഐയുടെ കുറ്റപത്രത്തിലുണ്ട്. കയർ വാങ്ങിയ കട, സമയം, കട ഉടമയുടെ മൊഴി എന്നിവയുമുണ്ട്. ശശീന്ദ്രന്റെ ശരീരത്തിലെ ഒരു മുറിവ് 72 മണിക്കൂർ പഴക്കം ഉള്ളതാണെന്നും മറ്റു മുറിവുകൾ കോണിയിൽ നിന്ന് വീണുണ്ടായതാണെന്നും ഫോറൻസിക് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പുറമെ നിന്നുള്ള ഒരാളുടെ വിരലടയാളവും ശശീന്ദ്രന്റെ വീട്ടിൽ നിന്ന് ലഭിച്ചിട്ടില്ല .  വീട്ടിൽ ചെറുത്തുനിൽപ്പോ പിടിവലിയോ ഉണ്ടായില്ലെന്നും ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. 

 

ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹ മരണം പുറത്തറിഞ്ഞതു മുതൽ  പല തരത്തിലുള്ള ഇടപെടലുകളും ഈ കേസിനെ ചുറ്റിപ്പറ്റി ഉണ്ടായി.രാഷ്ട്രീയ നേതാക്കൾ, മനുഷ്യാവകാശ പ്രവർത്തകർ ,പൊതുമേഖലാ കമ്പനികളുമായി ബിസിനസ്സ് ബന്ധമുള്ളവർ തുടങ്ങി പലരും ഇറങ്ങിക്കളിക്കുകയും കേസ് വഴിതിരിച്ചു വിടാൻ ശ്രമിക്കുകയും ചെയ്തു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്ത ഫോറൻസിക് സർജനെ സ്വാധീനിക്കാൻ വരെ ശ്രമം നടന്നു. ഇതേപ്പറ്റി പോലീസ് അന്വേഷിച്ചെങ്കിലും അന്വേഷണ റിപ്പോർട്ട് മുക്കി. വിശ്വാസ്യതയ്ക്കു പേര് കേട്ട ദി ഹിന്ദു ദിനപത്രത്തിൽ വരെ വ്യാജ വാർത്തകൾ സൃഷ്ടിക്കപ്പെട്ടു. രണ്ടു വാഹനങ്ങളിൽ കൊലയാളിസംഘം ശശീന്ദ്രന്റെ വീട്ടിൽ എത്തി കൃത്യം നടത്തിപ്പോയതായി ഇന്റലിജൻസ് ബ്യുറോ റിപ്പോർട്ട് നൽകിയെന്നാണ് ഹിന്ദു വാർത്ത കൊടുത്തത്. ഇതേപ്പറ്റി സിബിഐ അന്വേഷിച്ചപ്പോൾ അങ്ങനെയൊരു റിപ്പോർട്ട് കൊടുത്തിട്ടില്ലെന്നു ഐ ബി മറുപടി നൽകി. ചാരക്കേസിന്റെ കാലത്തു പത്രങ്ങൾ ഏതുവിധത്തിൽ പെരുമാറിയോ അതിനോട് സാമ്യമുള്ള സമീപനമാണ് ശശീന്ദ്രൻ കേസിലും ഉണ്ടായത്. അതുകൊണ്ടു തന്നെ ചാരക്കേസിൽ സംഭവിച്ച അതേ ട്വിസ്റ്റ് ശശീന്ദ്രൻ കേസിലും പ്രതീക്ഷിക്കാം. ചാരക്കേസിൽ ഐ ബിയും കേരളാ പോലീസും കെട്ടിപ്പൊക്കിയത് പൊളിച്ചടുക്കിയത്  സിബിഐ ആയിരുന്നെങ്കിൽ ഇവിടെ സിബിഐ പ്രതിരോധത്തിലായി  എന്ന വ്യത്യാസം മാത്രം. 

 

ചില കേസുകളിൽ യാഥാർഥ്യം ചിലപ്പോൾ സങ്കല്പങ്ങളെക്കാൾ ഭയാനകമാകും. സ്വന്തം കുട്ടികളെ കെട്ടിത്തൂക്കാൻ ഒരു 'അമ്മ അച്ഛനെ സഹായിക്കുമോ എന്ന ചോദ്യത്തോട് നമ്മുടെ മനഃസാക്ഷിക്കു പൊരുത്തപ്പെടാൻ കഴിയില്ല. അങ്ങിനെ സംഭവിക്കില്ല, ഒരമ്മക്ക് അങ്ങിനെ ചെയ്യാൻ കഴിയില്ല എന്ന വിശ്വാസം നമ്മുടെ ഉള്ളിൽ ഉറച്ചു നിൽക്കുന്നത് കൊണ്ടാണത്. എന്നാൽ, സാഹചര്യങ്ങൾ മനുഷ്യനെ കൊണ്ട് ഏതു നിഷ്ടുര പ്രവർത്തിയും ചെയ്യിക്കും. ദിവസേനയെന്നോണം അത്തരം വാർത്തകൾ ഇന്ന് കേട്ടുകൊണ്ടേയിരിക്കുന്നു. മക്കളെ  കെട്ടിത്തൂക്കാൻ ശശീന്ദ്രനെ സഹായിച്ചത് ആര് എന്ന ചോദ്യത്തിന് ഉത്തരം നൽകേണ്ടയാൾ ടീന ആയിരുന്നു. കാരണം സംഭവം നടക്കുമ്പോൾ ടീന വീട്ടിൽ ഉണ്ടായിരുന്നു എന്ന അയൽവാസിയും ശശീന്ദ്രന്റെ മൂത്ത മകൻ വ്യാസിന്റെ സുഹൃത്തും സഹപാഠിയുമായ രോഹിത്തിന്റെ മൊഴി ഇപ്പോഴും ചോദ്യം ചെയ്യപ്പെടാതെ കിടക്കുന്നു.. നിർഭാഗ്യവശാൽ ടീന  ഇന്ന് ജീവിച്ചിരിപ്പില്ല. അവർക്കു വേണ്ടി തയ്യാറാക്കിയ നാലാമത്തെ കുരുക്ക് ശശീന്ദ്രനും മക്കളും തൂങ്ങിനിന്ന മുറിയിൽ അവശേഷിച്ചിരുന്നു. ഭർത്താവും മക്കളും മരിച്ച ശേഷം ശിഷ്ടകാലം മനസ്സ് തകർന്നാണ് അവർ ജീവിച്ചത്. ആദ്യം പോലീസിനും സിബിഐക്കും കൊടുത്ത മൊഴികൾ ടീന തിരുത്തി. കേസിൽ പ്രതി ചേർക്കപ്പെടുമെന്ന ഭീതി മരണം വരെ അവരെ വേട്ടയാടിയിരുന്നു. അതുകൊണ്ടുതന്നെ  ആരുടെയൊക്കെയോ സ്ഥാപിത താൽപര്യങ്ങൾക്കു വശംവദയാകാൻ അവർ നിർബന്ധിതയായി. രോഗങ്ങൾ പിടികൂടി നരകിച്ചായിരുന്നു അവരുടെ അന്ത്യം.

 

 ടീന   ജീവിച്ചിരിക്കുമ്പോൾ തന്നെ കേസിൽ വ്യക്തത വരുത്താനും ദുരൂഹത നീക്കാനും ശ്രമിക്കാതിരുന്ന സിബിഐ കുറ്റകരമായ അലംഭാവമാണ് ഈ  കേസിൽ കാണിച്ചത്. . സിബിഐക്കു അപമാനം എന്ന് കേരള ഹൈക്കോടതി അഭിപ്രായപ്പെട്ട  അന്വേഷണ ഉദ്യോഗസ്ഥൻ ശശീന്ദ്രൻ  കേസ് തുമ്പും വാലും ഇല്ലാതാക്കുകയാണ് ചെയ്തത്. യാതൊരു വിധ സമ്മർദ്ദങ്ങൾക്കും വഴങ്ങാതെ സത്യസന്ധമായി അന്വേഷണം നടത്തി കേസിൽ യഥാർത്ഥ പ്രതികളെ പിടികൂടി വെളിച്ചത്തു കൊണ്ടുവന്നു പേരും പെരുമയും സമ്പാദിച്ച ഒരു  അന്വേഷണ ഏജൻസിയുടെ രണ്ടു കുറ്റപത്രങ്ങൾ തള്ളി കേസ് വീണ്ടും അന്വേഷിക്കാൻ കോടതി പറഞ്ഞത് സിബിഐക്കു ഒരിക്കലും ഭൂഷണമല്ല. അന്വേഷണ ഉദ്യോഗസ്ഥൻ മുൻവിധിയോടെ കേസിനെ സമീപിക്കുകയും ബാഹ്യ സമ്മർദ്ദങ്ങൾക്കോ സ്വാധീനങ്ങൾക്കോ വഴങ്ങി സ്വന്തം താല്പര്യത്തിനനുസരിച്ചു തിരക്കഥകൾ മെനയുകയും ചെയ്യുമ്പോൾ സത്യം മരിച്ചു വീഴും. കോടതി പോലും ഇവിടെ നിസ്സഹായമാണ്. കുറ്റപത്രം തള്ളി വീണ്ടും അനേഷിക്കാൻ നിർദേശിക്കാമെന്നല്ലാതെ അതിന്റെ പേരിൽ നടപടിയെടുക്കാൻ നിയമത്തിൽ വ്യവസ്ഥയില്ല. അന്വേഷണ ഉദ്യോഗസ്ഥനെ തീരുമാനിക്കുന്നത് അന്വേഷണ  ഏജൻസിയാണ്. ഇന്ന ആളെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നു കോടതി നിർദേശിക്കാറില്ല . അതിനാൽ, ആദ്യം എസ് പി അന്വേഷിച്ച കേസ് പിന്നീട് ഡി വൈ എസ് പി അന്വേഷിക്കുന്നു. അത് തൃപ്തികരമല്ലെന്ന് വന്നപ്പോൾ അന്വേഷിച്ചത് ഇൻസ്പെക്ടറാണ്. ഇതേ മാനദണ്ഡം സിബിഐ തുടർന്നാൽ ഇനി കേസ്  അന്വേഷിക്കേണ്ടത് ഹെഡ് കോൺസ്റ്റബിൾ ആയിരിക്കും.