• 28 Sep 2023
  • 02: 20 PM
Latest News arrow

മൂവായിരം കോടിയുടെ അരി, ഏഴായിരം കോടിയുടെ മരുന്ന്

ഡോ. പി കെ ശശിധരൻ മലയാളിയുടെ വികലമായ ഭക്ഷണ രീതിയെ കുറിച്ചു ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ്

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു മരുന്നുപഭോഗവും, ചികിത്സയും കേരളത്തിൽ വളരെ കൂടുതലാണ് എന്നത് യാഥാർഥ്യമാണ്. അതു പോലും മലയാളിയുടെ ഉയർന്ന ആരോഗ്യ അവബോധം കൊണ്ടാണ് എന്ന് പറയാനാണ് വികലമായ മലയാളി മനസിനിഷ്ടം!  കഴിഞ്ഞ ജനുവരി ഏഴിന് മനോരമയിൽ വന്ന "അത്യാസന്ന  നിലയിൽ ഒരാശുപത്രി "എന്ന  പത്രാധിപ കുറിപ്പും, മലയാളി  ഭക്ഷണത്തേക്കാൾ മരുന്നിനു പണം ചിലവാക്കുന്നു എന്ന ലേഖനവും എങ്ങനെയാണു വിലയിരുത്തുക എന്നാണ് നാം മനസ്സിലാക്കേണ്ടത്‌. മലയാളി ഒരു വർഷം 3000 കോടി രൂപയ്ക്കു അരി വാങ്ങുമ്പോൾ 7000 കോടി രൂപയ്ക്കു മരുന്ന് വാങ്ങുന്നു എന്നതും  കൂട്ടിച്ചേർത്തു വായിക്കേണ്ടതുണ്ട്. മരുന്ന് അല്ലെങ്കിൽ ചികിത്സാ കേന്ദ്രീകൃത ആരോഗ്യസംരക്ഷണം മാത്രമാണ് ഇന്ത്യയിൽ എവിടെയും , അല്ലെങ്കിൽ പ്രബുദ്ധ കേരളത്തിൽ പോലും നടക്കുന്നത്. ആരോഗ്യ സംരക്ഷണം എന്നാൽ പരമ്പരാഗത ചികിത്സാ രീതികളും, അതല്ലെങ്കിൽ ആധുനിക രീതികളും ഉപയോഗിച്ചുള്ള രോഗ ചികിത്സ മാത്രമാണോ? യഥാർത്ഥത്തിൽ ആരോഗ്യം എന്താണെന്നു പോലും അറിയാത്തവർ ആരോഗ്യനയ രൂപീകരണത്തിൽ ഇടപെടാൻ പാടുണ്ടോ? ആരോഗ്യത്തെപ്പറ്റി ശരിയായ, അല്ലെങ്കിൽ ശാസ്ത്രീയമായ  കാഴ്ചപ്പാട് ആർക്കാണ് ലഭിക്കുക? നമ്മുടെ ആരോഗ്യ അവബോധവും, ആരോഗ്യ സംരക്ഷണ രീതികളും, ചികിത്സാ  സംവിധാനങ്ങളും ഒരേ പോലെ കുത്തഴിഞ്ഞതാണ് എന്നാണ് നാം ഇനിയെങ്കിലും മനസിലാക്കേണ്ടത്. 
ആരോഗ്യത്തിനായി അരി അല്ലെങ്കിൽ മറ്റു അന്നജത്തിന്റെ സ്രോതസുകൾ മാത്രം പലരൂപത്തിൽ വെട്ടി വിഴുങ്ങി ശരീര ഭാരം കൂട്ടി, പച്ചക്കറികളിലും പഴങ്ങളിലും വിഷമാണെന്ന് വിശ്വസിച്ചു അവ പാടെ ഒഴിവാക്കി, ഒരു വ്യായാമവും ചെയ്യാതെ, ആരോഗ്യ സംരക്ഷണത്തിന്റെ പേരിൽ കുറുക്കു വഴികൾ മാത്രം അവലംബിച്ചു, രോഗങ്ങളെ ഉത്പ്പാദിപ്പിച്ചു  കൊണ്ട്,  ചികിത്സക്കു വേണ്ടി വളരെ ഗമയോടെ സ്വയം രക്ത പരിശോധനയും സ്കാനുകളും ഒക്കെ ചെയ്തു, ഒരു ഫയലുമായി അഭിമാനത്തോടെ ആശുപത്രികൾ കയറിഇറങ്ങുകയോ, അല്ലെങ്കിൽ സുഖ ചികിത്സ എന്ന പേരിൽ പതിനായിരങ്ങൾ മുടക്കി റിസോർട്ടുകളിൽ പോയി ആരോഗ്യം വിലക്ക് വാങ്ങാൻ  വേണ്ടി കറങ്ങി നടക്കുകയോ ചെയുന്ന മലയാളികൾ ആണ് എവടേയും. അക്കൂട്ടത്തിൽ ചിലരാണെങ്കിലോ,  ചികിത്സാചെലവ്  താങ്ങാൻ പറ്റാതെ ജീവിതം പോലും അവസാനിപ്പിച്ചിട്ടുണ്ടിവിടെ. ഗൾഫ് നാടുകളിൽ പോയി ചോര നീരാക്കി കൊണ്ടുവരുന്ന പണം മുഴുവനും അവരുടെയും കുടുംബത്തിന്റെയും ആരോഗ്യ പരിശോധനക്ക്  (master health check up)   അല്ലെങ്കിൽ ചികിത്സക്ക് ഉപയോഗിക്കുന്നവർ ആണ് ഏറെയും. എന്നാൽ ഒരാൾക്കും  എന്താണ് കഴിക്കേണ്ടത്,  എത്ര ഭക്ഷണം കഴിക്കണം എന്ന് പോലും അറിയില്ല എന്നതാണ് യാഥാർഥ്യം. രക്തത്തിലെ കൊളെസ്റ്ററോൾ ലെവൽ ഒക്കെ കൃത്യമായി നോക്കും. രോഗാതുരതയുടെ, രോഗഭാരത്തിന്റെ  കാര്യത്തിൽ ലോകത്തു ഒരു രാജ്യത്തിനും ഇന്ത്യയെ ഇനി ഒരിക്കലും കടത്തി വെട്ടാൻ സാധിക്കാത്ത വിധത്തിൽ നാം അധഃപതിച്ചു  കഴിഞ്ഞു.  ചികിത്സക്കാണെങ്കിലോ അവയവ കേന്ദ്രീകൃത ചികിത്സ മാത്രം,  അല്ലെങ്കിൽ അന്ധവിശ്വാസങ്ങളിൽ കുടുങ്ങി പരമ്പരാഗത ചികിത്സകൾ മാത്രം വ്യാപിപ്പിച്ചു കൊണ്ടേയിരിക്കുകയാണ്. കൂടുതൽ മെഡിക്കൽ കോളേജുകൾ ഉണ്ടാക്കാനും, MBBS സീറ്റുകൾ വർധിപ്പിക്കാനും, സ്പെഷ്യലിറ്റി കോഴ്സുകൾ വർധിപ്പിക്കാനും വേണ്ടി കരയുന്നവരാണെവിടെയും. ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനും ചികിത്സക്കും യഥാർത്ഥത്തിൽ  വേണ്ടതെന്തു എന്ന തിരിച്ചറിവ്‌  പോലും ആർക്കും ഇല്ല. ലോകത്താകമാനം ഉപഭോഗ സംസ്കാരത്തിന്റെ പിടിയിലായി മനുഷ്യരാശി തന്നെ ഇരുന്നൂറു കൊല്ലം കഴിഞ്ഞാൽ അപ്രത്യക്ഷമാവാൻ കുഴിയിലേക്കു കാലും നീട്ടി ഇരിപ്പാണ്.  ഇതേ രീതി പിന്തുടർന്നാൽ, ഇനി ഒരു നൂറു കൊല്ലം കൂടി ഇങ്ങനെ തന്നെ പോയാൽ, ലോകത്തിൽ ആദ്യമായി മനുഷ്യരാശി അപ്രത്യക്ഷമാവുന്നതു ഇന്ത്യയിൽ ആവാൻ  ഇടയുണ്ട്.
അന്ധമായ വിശ്വാസങ്ങൾ, അശാസ്ത്രീയ ചിന്തകൾ, മനുഷ്യത്വം ഇല്ലായ്‌മയും ആരോഗ്യക്കുറവും,  പെരുകുന്ന രോഗങ്ങളും എല്ലാം ചേർന്ന് ഇന്ത്യയെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് . അന്ധമായ ജാതി മത ചിന്തകളും, അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധവും, അഴിമതിക്ക് വേണ്ടിയുള്ള് രാഷ്ട്രീയവും, അന്ധമായ അമേരിക്കൻ പ്രേമവും, അന്ധമായ പാർട്ടി വിശ്വാസവും,  അധികാരത്തിനു വേണ്ടി മാത്രമുള്ള രാഷ്ട്രീയ പ്രവർത്തനങ്ങളും എല്ലാം ഒരു പോലെ രാജ്യത്തിന് ഹാനികരമാണ്. 
നാം എന്ത് ചെയ്യണം? - മറ്റൊരു ദിവസം കുറിക്കാമെന്നു കരുതുന്നു