• 04 Oct 2023
  • 07: 45 PM
Latest News arrow

പലസ്തീന്‍ തീവ്രവാദികള്‍ക്കെതിരേ ക‌ടുത്ത നടപടിക്ക് ഇസ്രയേല്‍

പലസ്തീന്‍ തീവ്രവാദികള്‍ക്കെതിരേ കടുത്ത നടപടിയുണ്ടാകുമെന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

ജൂത കുടിയേറ്റം ശക്തിപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങളാണ് നെതന്യാഹു ശനിയാഴ്ച രാത്രി നടത്തിയത്.

തീവ്രവാദികളുടെ കുടുംബാംഗങ്ങളുടെ പൗരത്വവും താമസവും റദ്ദാക്കുന്നതും പരിഗണനയിലാണ്. വെള്ളിയാഴ്ച രാത്രി കിഴക്കന്‍ ജറുസലേമിലെ സിനഗോഗിനു വെളിയില്‍ പലസ്തീന്‍ തീവ്രവാദികള്‍ നടത്തിയ വെടിവയ്പില്‍ ഏഴ് ഇസ്രേലികള്‍ കൊല്ലപ്പെട്ടതിന്‍റെ പശ്ചാത്തലത്തിലാണു കടുത്ത നടപടിക്കൊരുങ്ങുന്നത്.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ അടുത്തയാഴ്ച ഇസ്രയേല്‍ സന്ദര്‍ശിക്കാനിരിക്കേയാണ് നെതനാഹ്യൂവിന്‍റെ പ്രഖ്യാപനമുണ്ടായത്. അതേസമയം,വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലേമിലും ഇസ്രേലി കുടിയേറ്റത്തെ ബൈഡന്‍ ഭരണകൂടം എതിര്‍ക്കുന്നു.

ഏഴ് ഇസ്രേലികളെ കൊലപ്പെടുത്തിയ തീവ്രവാദിയുടെ കിഴക്കന്‍ ജറുസലേമിലെ വീട് ഇന്നലെ ഇസ്രേലി പോലീസ് സീല്‍ ചെയ്തു. പൊളിച്ചുനീക്കുന്നതിന്‍റെ ഭാഗമായാണു വീട് സീല്‍ ചെയ്തത്. ഇരുപത്തിയൊന്നുകാരനായ അക്രമിയെ സുരക്ഷാസേന വെടിവച്ചു കൊന്നിരുന്നു.