• 30 Mar 2023
  • 07: 25 AM
Latest News arrow

അദാനി ഗ്രൂപ്പില്‍ 36,475 കോടി 
നിക്ഷേപിച്ചെന്ന് എല്‍ഐസി

അദാനി ഗ്രൂപ്പിന്റെ വിവിധ കമ്ബനികളിലായി 36,474.78 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്ന് എല്‍ഐസി.

ഓഹരികളിലും കടപത്രങ്ങളിലുമായി നിക്ഷേപിച്ചത് 35,917.31 കോടി രൂപയാണ്. അദാനി ഓഹരികളിലെ നിക്ഷേപത്തിന്റെ നിലവിലെ വിപണിമൂല്യം 56,142 കോടി രൂപയാണെന്നും വിശദീകരണക്കുറിപ്പില്‍ അറിയിച്ചു.

എന്നാല്‍, ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വന്നതിനുശേഷവും അദാനി എന്റര്‍പ്രൈസസില്‍ 300 കോടി രൂപകൂടി നിക്ഷേപിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് എല്‍ഐസി വിശദീകരിച്ചിട്ടില്ല. അദാനി ഗ്രൂപ്പ് കമ്ബനികളില്‍ നിക്ഷേപകര്‍ക്കുള്ള വിശ്വാസം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി രാഷ്ട്രീയ സമ്മര്‍ദത്തെതുടര്‍ന്നാണ് എല്‍ഐസിയുടെ നടപടിയെന്ന വിമര്‍ശം ശക്തമാണ്. എല്‍ഐസിക്കു പുറമെ പൊതുമേഖലയിലെ മുന്‍നിര ബാങ്കായ എസ്ബിഐയും അദാനി എന്റര്‍പ്രൈസസസില്‍ 225 കോടി രൂപയുടെ നിക്ഷേപിച്ചു.

എല്‍ഐസിയുടെ ആകെ ഓഹരി നിക്ഷേപത്തിന്റെ ഒരു ശതമാനം മാത്രമാണ് അദാനി ഗ്രൂപ്പിലുള്ളത്. അദാനി ഓഹരികള്‍ കഴിഞ്ഞ ദിവസങ്ങളിലായി കുത്തനെ ഇടിഞ്ഞതോടെ ഓഹരിമൂല്യത്തില് 20,000 കോടിയോളം രൂപയാണ് എല്‍ഐസിക്ക് നഷ്ടമായത്.

മൗനം തുടര്‍ന്ന് മോദി, ആര്‍ബിഐ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്തബന്ധം പുലര്‍ത്തുന്ന ഗൗതം അദാനി ഓഹരി വിപണിയില്‍ വലിയ തട്ടിപ്പ് നടത്തിയെന്ന് വെളിപ്പെടുത്തിയിട്ടും മൗനം തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സെബിയും. അദാനി കമ്ബനികള്‍ ഓഹരി വിപണിയില്‍ വലിയ തട്ടിപ്പ് നടത്തിയ വിഷയത്തില്‍ കൃത്യമായ രാഷ്ട്രീയ ഇടപെടലുണ്ടെന്നതിന് തെളിവാണ് ആര്‍ബിഐയുടെയും സെബിയുടെയും നിശ്ശബ്ദത. മൂന്ന് ദിവസംകൊണ്ട് ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിനുണ്ടായത് 6.7 ലക്ഷം കോടി രൂപയാണ്. 2014ല്‍ മോദി അധികാരമേറ്റശേഷം അദാനിയുടെ സ്വത്ത് 22 മടങ്ങ് വര്‍ധിച്ചത് മോദി–- അദാനി സഖ്യത്തില്‍ നിക്ഷേപകര്‍ക്കുള്ള വിശ്വാസത്താലാണ്.
പാര്‍ലമെന്റ് സമ്മേളനത്തില്‍ ആദ്യദിനംതന്നെ വിഷയം ഉയര്‍ത്തുമെന്ന നിലപാടിലാണ് പ്രതിപക്ഷ പാര്‍ടികള്‍.