• 28 Sep 2023
  • 12: 23 PM
Latest News arrow

ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചു; ഒളിവിലായിരുന്ന അറ്റന്‍ഡര്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന അറ്റന്‍ഡര്‍ പിടിയില്‍.

വടകര മയ്യന്നൂര്‍ സ്വദേശി ശശീന്ദ്രനെ കോഴിക്കോട് നഗരത്തില്‍ നിന്നാണ് മെഡിക്കല്‍ കോളജ് പൊലീസ് പിടികൂടിയത്.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശനിയാഴ്ചയാണ്് ദാരുണ സംഭവമുണ്ടായത്. ശസ്ത്രക്രിയ കഴിഞ്ഞ് തിയറ്ററില്‍ നിന്ന് സ്ത്രീകളുടെ സര്‍ജിക്കല്‍ ഐസിയുവിലേക്ക് മാറ്റിയതിനു പിന്നാലെയാണ് പീഡനം നടന്നത്. പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് കോഴിക്കോട്ട് മടങ്ങിയെത്തിയ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.

ശനിയാഴ്ചയാണ് യുവതി ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്നത്. ആക്രമണം നടത്തിയ അറ്റന്‍ഡറാണ് യുവതിയെ ശസ്ത്രക്രിയയ്ക്ക് ശേഷം സര്‍ജിക്കല്‍ ഐസിയുവിലേക്ക് മാറ്റിയത്. ഇതിനുശേഷം കുറച്ചുകഴിഞ്ഞ് തിരിച്ചെത്തിയശേഷം യുവതിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്നതാണ് കേസ്. ഈ സമയത്ത് മറ്റൊരു രോഗിയുടെ സ്ഥിതി ഗുരുതരമായതിനാല്‍ ജീവനക്കാരെല്ലാം ആ രോഗിയുടെ അടുത്തായിരുന്നു.

ശസ്ത്രക്രിയക്ക് ശേഷം മയക്കം പൂര്‍ണമായും മാറാത്ത അവസ്ഥയിലായിരുന്ന യുവതി പിന്നീടാണ് ബന്ധുക്കളോട് വിവരം പറഞ്ഞത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ സുദര്‍ശന്റെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്.

RECOMMENDED FOR YOU
Editors Choice