• 08 Jun 2023
  • 05: 44 PM
Latest News arrow

രാഹുല്‍ ഗാന്ധി അയോഗ്യൻ; എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനമിറക്കി

രാഹുല്‍ ഗാന്ധി അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനമിറക്കി. എംപി സ്ഥാനത്ത് അയോഗ്യനാക്കിയാണ് ഉത്തരവ് പുറത്തിറക്കിയത്. ‘മോദി’ പരാമർശത്തിലെ അപകീർത്തിക്കേസിൽ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് രണ്ടു വർഷം തടവുശിക്ഷ വിധിച്ചതിനെ തുടർന്നാണ് അയോഗ്യനാക്കിയത്.

‘മോദി’ പരാമര്‍ശവുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് പുറത്തുവന്ന വ്യാഴാഴ്ച മുതൽ അയോഗ്യനാക്കിയ തീരുമാനം പ്രാബല്യത്തിലായെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ വയനാട് ലോക്സഭാ സീറ്റിൽ നിന്നുള്ള എംപി സ്ഥാനം രാഹുൽ ഗാന്ധിക്ക് നഷ്ടമായി. രാഹുൽ ഗാന്ധി ഇന്ന് ലോക്സഭയിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എംപി സ്ഥാനത്തുനിന്ന് നീക്കി ഉത്തരവിറക്കിയത്.

 

രണ്ടു വര്‍ഷമോ അതിലേറെയോ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടാല്‍ പാര്‍ലമെന്റ് അംഗത്വം റദ്ദാവുമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ. 2019ലെ ലോക്സഭക തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമര്‍ശം. ഇതിനെതിരെ ബിജെപി എംഎൽഎ പൂർണേഷ് മോദിയാണു കോടതിയെ സമീപിച്ചത്. ‘എല്ലാ കള്ളൻമാർക്കും മോദി എന്നു പേരുള്ളത് എന്തുകൊണ്ടാണ്’ എന്നായിരുന്നു രാഹുലിന്റെ പരാമർശം.

 

മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മാനനഷ്ടക്കേസ് നൽകിയത്. രാഹുലിന്റെ കേസില്‍ വിധി പറഞ്ഞ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ നടപ്പാക്കുന്നത് 30 ദിവസത്തേക്ക് തടഞ്ഞിരുന്നു. അപ്പീല്‍ നല്‍കുന്നതിനായി രാഹുലിന് ജാമ്യവും അനുവദിച്ചിരുന്നു. നിലവിലെ ചട്ടപ്രകാരം ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവർ ശിക്ഷ വിധിക്കുന്ന അന്നു മുതൽ അയോഗ്യരാവും.