റംസാന്‍, വിഷു;ഗള്‍ഫ് കേരള വിമാനനിരക്കില്‍ നാലിരട്ടി വര്‍ധന

വേനലവധിയും റംസാന്‍, വിഷു ആഘോഷങ്ങളും കണക്കിലെടുത്ത് മലയാളികളെ കൊള്ളയടിക്കാന്‍ ലക്ഷ്യമിട്ട് വിമാനക്കമ്ബനികള്‍ യാത്രാനിരക്ക് നാലിരട്ടിയോളം കൂട്ടി.
കേരളത്തില്‍നിന്ന് ഗള്‍ഫ് നാടുകളിലേക്കും തിരിച്ചുമുള്ള വിമാനനിരക്കിലാണ് വര്‍ധന. നിരക്ക് ഞായറാഴ്ച നിലവില്‍വന്നു. എയര്‍ ഇന്ത്യയാണ് ആദ്യം വര്‍ധിപ്പിച്ചതെങ്കിലും മറ്റു വിമാനക്കമ്ബനികളും ഇതുപിന്തുടരും. വിമാന ഇന്ധനത്തിന്റെ വില ഈയിടെ കുറച്ചിരുന്നു, എന്നിട്ടും യാത്രാക്കൂലി കുറയ്ക്കാന്‍ തയ്യാറാകാതിരുന്ന വിമാനക്കമ്ബനികളാണ് തിരക്ക് മുതലെടുത്ത് യാത്രക്കാരെ കൊള്ളയടിക്കുന്നത്.
ഖത്തറിലേക്കാണ് ഏറ്റവും വലിയ വര്‍ധന, 10,000 മുതല്‍ 15,000 വരെയുണ്ടായിരുന്ന യാത്രാനിരക്ക് 38,000 –-40,000 ആക്കി. നെടുമ്ബാശേരി–- ദുബായ് യാത്രയ്ക്ക് 9000 മുതല്‍ 12,000 രൂപവരെയായിരുന്നത് 30,000 രൂപയാക്കി. കരിപ്പൂര്‍–- ദുബായ് നിരക്ക് 31,000 രൂപയും തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളില്‍നിന്ന് ദുബായ് നിരക്ക് 30,500 രൂപയുമാണ്. കുവൈത്തിലേക്കുമാത്രമാണ് മാറ്റമില്ലാത്തത്. നേരത്തെയുള്ള 25,000 നിലനിര്‍ത്തി. സൗദി മേഖലയിലും വര്‍ധനയുണ്ട്. 15,000 മുതല്‍ 19,000 രൂപവരെയായിരുന്നത് 20,000 മുതല്‍ 23,000 രൂപവരെയാക്കി. വേനലവധി കഴിയുംവരെ തുകയില്‍ കാര്യമായ കുറവുവരാനിടയില്ല.
ചെറിയ പെരുന്നാളും വിഷുവും ആഘോഷിക്കാന്‍ വരുന്നവര്‍ക്കും ഗള്‍ഫില്‍ കുടുംബത്തിനൊപ്പം ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വര്‍ധന വലിയ പ്രയാസമുണ്ടാക്കും. മലബാര്‍ മേഖയില്‍നിന്ന് ലക്ഷക്കണക്കിന് പേരാണ് ഗള്‍ഫ് മേഖലയിലേക്ക് ഇത്തരത്തില്‍ യാത്രചെയ്യുന്നത്.
ഗള്‍ഫ് മേഖലയിലേക്കുള്ള വിമാനസര്‍വീസ് എയര്‍ ഇന്ത്യ വെട്ടിക്കുറച്ചതോടെ സീറ്റുകള്‍ കുറയുന്നതും ടിക്കറ്റ് നിരക്ക് കൂട്ടാന്‍ കാരണമായിട്ടുണ്ട്. പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നത് മുന്നില്‍ക്കണ്ട് ഏപ്രിലില്‍ നിരക്ക് ഇനിയും ഉയര്‍ത്തിയേക്കാനുമിടയുണ്ട്.
ജെറ്റ് ഇന്ധനത്തിന്റെ വിലയില്‍ മാര്‍ച്ച് ഒന്നിന് നാലായിരത്തോളം രൂപ കുറഞ്ഞിരുന്നു. അന്താരാഷ്ട്ര എണ്ണവിലയിലെ ഇടിവിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം നാലുതവണയായി വിമാന ഇന്ധന വില കുറഞ്ഞു. അതിന്റെയൊന്നും ആനുകൂല്യം യാത്രക്കാര്‍ക്ക് നല്‍കിയിരുന്നില്ല. രണ്ടാഴ്ചയിലെ അന്താരാഷ്ട്ര എണ്ണവിലയുടെ നിരക്കിനെ അടിസ്ഥാനമാക്കി എല്ലാ മാസത്തിലെയും 1, 16 തീയതികളില്‍ ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വില പരിഷ്കരിക്കാറുണ്ട്.
ഗള്‍ഫിലേക്കില്ല,
എയര്‍ ഇന്ത്യ !
യുഎഇ മേഖലയില്‍നിന്ന് കേരളത്തിലേക്കുള്ള 14 സര്‍വീസുകള്‍ അവസാനിപ്പിച്ച് എയര്‍ ഇന്ത്യ. ഞായറാഴ്ച രാത്രി എട്ടിന് കരിപ്പൂരില്‍നിന്ന് പുറപ്പെട്ട ഷാര്‍ജ സര്‍വീസാണ് അവസാനമായി എയര്‍ ഇന്ത്യയുടെതായി ഗള്‍ഫ് മേഖലയിലേക്ക് പുറപ്പെട്ടത്. കരിപ്പൂരില്‍നിന്നുള്ള മൂന്നു പതിറ്റാണ്ടുപിന്നിട്ട സര്‍വീസും ഇതിലുള്‍പ്പെടും. തിങ്കളാഴ്ചമുതല്‍ എയര്‍ ഇന്ത്യക്ക് കരിപ്പൂരില്‍നിന്ന് നാല് മുംബൈ സര്‍വീസ് മാത്രമാണുണ്ടാകുക. സ്വകാര്യവല്‍ക്കരണത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യയില്‍ വരുത്തുന്ന മാറ്റങ്ങളുടെ ഭാഗമായാണ് സര്‍വീസ് വെട്ടിക്കുറയ്ക്കല്‍.