• 28 Sep 2023
  • 01: 11 PM
Latest News arrow

ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ

സിദ്ധാർത്ഥൻ

വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വഴിയിലേക്ക് കേരളം താമസിയാതെ വരുമെന്നും പശ്ചിമ ബംഗാളിനും ത്രിപുരയ്ക്കും ശേഷം കേരളത്തിൽ സി.പി.എമ്മിനെയും കോൺഗ്രസിനെയും പിറകിലാക്കി പാർട്ടി മുന്നേറുമെന്നും ബി.ജെ.പി പറയാൻ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും കേരളത്തിൽ അക്കൗണ്ട് തുറക്കാൻ ഇനിയുമാ​യില്ലെന്ന നാണക്കേട് ഒട്ടൊന്നുമല്ല ഇന്ത്യഭരിക്കുന്ന പാർട്ടിയെ വലയ്ക്കുന്നത്. 
ദേശീയ തലത്തിൽ പയറ്റിവന്നിരുന്ന ‘വർഗ്ഗീയ കാർഡ്’അത്രപെട്ടെന്നൊന്നും കേരളത്തിൽ വിലപ്പോവില്ലെന്ന യാഥാർത്ഥ്യം പാർട്ടിക്ക് ബോധ്യമുണ്ടെങ്കിലും കേരളമെന്ന മോഹം ഉപേക്ഷിക്കാൻ ബി.ജെ.പി തയ്യാറായിട്ടില്ല. വർഗ്ഗീയതയല്ലെങ്കിൽ ‘മതേതരത്വം’എന്നാണ് കേരളത്തിന് മാത്രം വേണ്ടിയുള്ള പുതിയ നയം. എന്ത് വിലകൊടുത്തും നിയമസഭയിലേക്കോ ലോകസഭയിലേക്കോ ഒരാളെയെങ്കിലും ജയിപ്പിച്ചെടുക്കണമെന്നാണ് പാർട്ടിയുടെ ഇപ്പോഴത്തെ തന്ത്രം. 
ഇതിന്‍റെ ഭാഗമായി ക്രിസ്ത്യൻ മതവിഭാഗത്തിനിടയിൽ സ്വീകാര്യതയുണ്ടെന്ന ഒരു പ്രതീതി സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞുവെന്ന ആത്മവിശ്വാസത്തിലാണ് സംസ്ഥാന ബി.ജെ.പി നേതൃത്വം. 
കഴിഞ്ഞമാസം, കേന്ദ്രസർക്കാർ റബർ വില 300 രൂപയായി പ്രഖ്യാപിച്ചാൽ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എം.പിമാരില്ലെന്ന ബി.ജെ.പിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ചുകൊടുക്കാമെന്ന് തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി കത്തോലിക്ക കോണ്‍ഗ്രസിന്‍റെ റാലിയിൽ പറഞ്ഞിരുന്നു. ജനാധിപത്യത്തിൽ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന സത്യം കർഷകർ തിരിച്ചറിയണമെന്നുമായിരുന്നു ബിഷപ്പിന്‍റെ വാക്കുകൾ. ഇതിനെതിരെ രാഷ്ട്രീയ കക്ഷികളും ക്രിസ്ത്യൻ മതവിഭാഗത്തിലെ മറ്റു ചിലരും രംഗത്ത് വരികയും ഒടുവിൽ ബിഷപ്പ് വിശദീകരിച്ച് തടിതപ്പുകയും ചെയ്തിരുന്നു.
എന്നാൽ വീണുകിട്ടിയ പിടിവള്ളിയായി ഇതിനെ തിരിച്ചറിഞ്ഞ സംസ്ഥാന ബി.ജെ.പി നേതൃത്വം മലയാറ്റൂർമല കയറിയും ഈസ്റ്റർ സ​ന്ദേശങ്ങളുമായി അരമനകളും ക്രിസ്ത്യൻ വീടുകളും സന്ദർശിക്കുകയും ചെയ്ത് രംഗം കൊഴുപ്പിച്ചു. ഇതിന് പുറമെയാണ് സമുദായ പ്രമുഖരെ വിഷുവിന് ബി.ജെ.പി നേതാക്കൾ വീട്ടിലേക്ക് ക്ഷണിച്ച് സദ്യ നൽകിയത്. 
ഇതിലൊന്നും രാഷ്ട്രീയം കാണേണ്ടതില്ലെന്നും സാമുദായിക സൗഹാർദ്ദം മാത്രമാണ് ലക്ഷ്യമെന്നും ഇരു വിഭാഗവും പറഞ്ഞിരുന്നുവെങ്കിലും തിരശ്ശീലയ്ക്ക് പിറകിലെ രാഷ്ട്രീയം എല്ലാവരും തിരിച്ചറിഞ്ഞിരുന്നു.
ബി.ജെ.പിയുടെ ഹൈദരാബാദ് ദേശീയ നിര്‍വാഹക സമിതി യോഗത്തിൽ എടുത്ത തീരുമാനങ്ങളുടെ ഭാഗമായാണ് മതന്യൂന പക്ഷങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കാനുള്ള ശ്രമം നടന്നുവരുന്നത്.
അതേസമയം, പെട്ടെന്നുള്ള ബി.ജെ.പിയുടെ ‘ന്യൂനപക്ഷപ്രേമം’കേരളത്തിൽ നെഗറ്റീവ് ഇമേജിനും കാരണമായിരുന്നു. ‘കുറുക്കന്‍റെ കോഴി​സ്നേഹ’മെന്ന രീതിയിൽ സാമൂഹികമാധ്യമങ്ങളിൽ ട്രോളന്മാർ ഇത് ആഘോഷിക്കുകയും ചെയ്തു. ഇതോടെ കുറച്ചുകൂടി ശ്രദ്ധയോടെയുള്ള ചുവടുവെപ്പുകളാവും കേരളത്തിന് യോജിച്ചതെന്ന തിരിച്ചറിവ് സംസ്ഥാന നേതൃത്വത്തിനുണ്ടായി.
ഇതിന്‍റെ ഭാഗമായാണ് ഈസ്റ്റര്‍ ദിനത്തിലെ ‘സ്‌നേഹ സംഗമം’ റമദാൻ ദിനത്തില്‍ ആവര്‍ത്തിക്കേണ്ടതില്ലെന്ന പുതിയ നിലപാട് പാർട്ടി സ്വീകരിച്ചത്. റമദാന്‍ ദിനത്തില്‍ നഗരങ്ങളില്‍ കഴിയുന്ന മുസ്‍ലീംകളെ മാത്രം നേരില്‍ കണാനാണ് പാർട്ടി ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. നഗരത്തിൽ കഴിയുന്ന  മുസ്‍ലീംസമുദായത്തിലുള്ളവർ ​നരേ​​ന്ദ്രമോദി സർക്കാറിന്‍റെ വികസന പ്രവർത്തനങ്ങളിൽ ആകൃഷ്ടരാണെന്നാണ് ബി.ജെ.പി കരുതുന്നത്. 
എറ്റവുമൊടുവിൽ ജോണി നെല്ലൂരിന്‍റെ നേതൃത്വത്തിൽ ഒരു വിഭാഗം കേരള കോൺഗ്രസുകാർ പുതിയ പാർട്ടിരൂപീകരിച്ച്  ബി.ജെ.പി പാളയത്തിലേക്ക് പോകുന്നതിനെയും ഇതിന്‍റെ ഭാഗമായി കാണാവുന്നതാണ്. എന്നാൽ സാധാരണക്കാരായ ക്രിസ്ത്യൻ സമുദായംഗങ്ങൾ ഈ നിലപാടിനോട് എങ്ങിനെ പ്രതികരിക്കുമെന്ന കാര്യം അറിയണമെങ്കിൽ അടുത്ത തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടിവരും.
ഇന്ത്യയിലെ ജനാധിപത്യധ്വംസനങ്ങൾക്കെതിരെ വിദേശ രാഷ്ട്രങ്ങളും പാശ്ചാത്യ മാധ്യമങ്ങളുമെല്ലാം വിമർശനങ്ങൾ ഉയർത്തിയിട്ടും ഒരുതരത്തിലുള്ള കൂസലുമില്ലാതെ പാർട്ടി അതിന്‍റെ തുരുപ്പു ചീട്ടായ വർഗ്ഗീയത കർണ്ണാടകയുൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ പയറ്റുന്നുണ്ട്. എന്നാൽ  കേരളത്തിലെ പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയിൽ ഇത്തരം മത-വർഗ്ഗീയ തന്ത്രങ്ങൾ മാറ്റിപ്പിടിക്കാനാണ് കേന്ദ്ര നേതൃത്വമടക്കമുള്ളവർ തീരുമാനിച്ചിരിക്കുന്നത്. 
സംസ്ഥാന സർക്കാറിന്‍റെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാതലത്തിൽ  കേന്ദ്ര പദ്ധതികൾ കൂടുതലായി കേരളത്തിലെത്തിച്ചും ന്യൂനപക്ഷങ്ങൾക്കിടയിലെ ​തൊട്ടുകൂടായ്മയെ മാറ്റിയെടുക്കാൻ ശ്രമിച്ചും പുതിയ മാർഗ്ഗങ്ങളാണ് ബി.ജെ.പി തേടുന്നത്. ഇതിന്‍റെ ഭാഗമായാണ്  ആർ.എസ്.എസ് താത്വികാചാര്യൻ മാധവ് സദാശിവ ഗോൾവാൾക്കർ രചിച്ച ‘വിചാരധാര’യിൽ ക്രിസ്ത്യാനികൾക്കെതിരെയുള്ള അക്രമണോത്സുക പരാമർശങ്ങളെ വിഴുങ്ങാനും അതിനെ ലളിതവത്കരിക്കാനും സംസ്ഥാന ബി.ജെ.പി നേതൃത്വം തയ്യാറായിരിക്കന്നത്. വിചാരധാരയിലുള്ളത് 1940കളിലും ’50കളിലും പറഞ്ഞ കാര്യങ്ങളാണെന്നും ഇപ്പോള്‍ ആ പറഞ്ഞതിന് പ്രസക്തിയില്ലെന്നും  ബി.ജെ.പി നേതാവ് എം.ടി. രമേശ് പറഞ്ഞതും  ഈ പശ്ചാതലത്തിൽ വായിച്ചെടുക്കാവുന്നതാണ്.  വിചാരധാരയെ തള്ളിപ്പറയാന്‍ ബി.ജെ.പി തയാറുണ്ടോയെന്ന് ചോദിച്ച മന്ത്രി മുഹമ്മദ് റിയാസിന് മറുപടിയായാണ് ഇദ്ദേഹം ഇതു പറഞ്ഞതെങ്കിലും കേരളത്തിൽ വേരുറപ്പിക്കാൻ ഏതറ്റംവരെയും പോകും എന്ന സന്ദേശമാണ് ബി.ജെ.പി ഇതിലൂടെ മുന്നോട്ടുവെക്കുന്നത്. 
പ്രധാനമന്ത്രി മോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി  വിവാദത്തില്‍ വ്യത്യസ്ത നിലപാട് രേഖപ്പെടുത്തിയതിന് പിന്നാലെ എ.കെ. ആൻറണിയുടെ മകൻ അനിൽ ആൻറണിയുടെ ബി.ജെ.പി പ്രവേശനവും തങ്ങളുടെ രാഷ്ട്രീയ കൗശലങ്ങളുടെ നേട്ടമായാണ് പാർട്ടികരുതുന്നത്. 
ചുരുക്കത്തിൽ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഭയപ്പെടുത്തിയാണെങ്കിലും വികസനം പറഞ്ഞ് നല്ലപിള്ള ചമഞ്ഞാണെങ്കിലും മറ്റ് രാഷ്ട്രീയ കക്ഷികളിലെ അസംതൃപ്ത​രെ വിലക്കെടുത്താണെങ്കിലും കേരളത്തിൽ താമര വിരിയിക്കുമെന്ന കഠിന വ്രതത്തിലാണ് ബി.ജെ.പി എന്ന് വേണം കരുതാൻ. 
കേരളത്തിൽ വികസനം മുന്നോട്ടുവെച്ച് വർഗ്ഗീയമുഖത്തെ മായ്ച്ചു കളയാനുള്ള പാർട്ടിയുടെ  രഹസ്യ അജണ്ടയുടെ ഭാഗമായിത്തന്നെ വേണം ‘വന്ദേഭാരത്’ട്രെയിനിന്‍റെ കേരളത്തിലേക്കുള്ള വരവിനെ ഒരു വലിയ ചർച്ചയാക്കി മാറ്റാൻ കഴിഞ്ഞ തന്ത്രത്തെ  കാണാൻ. തങ്ങൾക്ക് ഏറ്റവും കൂടുതൽ വോട്ടുകളുള്ള കാസർകോടിനെ അവസാനനിമിഷത്തിൽ നടത്തിയ നീക്കത്തിലൂടെ കൂടെ നിർത്താനും അവിടെ കൂടുതൽ രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാനുമുള്ള ശ്രമവും ഇതിന്‍റെ ഭാഗമായിരുന്നു. ‘വന്ദേഭാരത്’ട്രെയിൻ പ്രഖ്യാപിച്ചതുമുതൽ കണ്ണൂർ വരെ മാത്രം സർവീസ് നടത്തുമെന്ന പ്രതീതി സൃഷ്ടിക്കുകയും ഒടുവിൽ തങ്ങളെ പരിഗണിച്ചുവെന്ന ശക്തമായ ധാരണ കാസർകോട്ടുകാരിൽ സൃഷ്ടിച്ചുകൊണ്ട് സർവീസ് നാടകീയമായി നീട്ടിയതുമെല്ലാം വരാനിരിക്കുന്ന ഒരു ശക്തമായ രാഷ്ട്രീയക്കളിയുടെ തുടക്കമായി വേണം കാണാൻ.