കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം

തിരുവനന്തപുരം: കേന്ദ്രം കനിഞ്ഞാൽ കുഞ്ഞുമായി ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കാനുള്ള വഴിതുറന്നേക്കും. ഇതിന്റെ ഭാഗമായി നിയമപരമായ ഇളവിന് കേരളം കേന്ദ്രസർക്കാറിനെ സമീപിക്കും. റോഡിൽ നിർമ്മിതബുദ്ധി കാമറകൾ വരികയും ഗതാഗത നിയമലംഘനത്തിന് ശിക്ഷ ഉറപ്പാവുകയും ചെയ്ത സാഹചര്യത്തിൽ പൊതുജന വികാരം കണക്കിലെടുത്താണിത്. കുട്ടികളടങ്ങുന്ന ഇടത്തരക്കാരായ കുടുംബങ്ങൾക്ക് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കാൻ കഴിയാതെ വന്നതോടെ ട്രോളുകളായും പ്രതിഷേധങ്ങളായും സർക്കാറിനെതിരെ പൊതുജനവികാരം ഉയർന്നിരുന്നു. ഈ പശ്ചാതലത്തിലാണ് ഇരുചക്ര വാഹനങ്ങളിൽ രക്ഷിതാക്കളോടൊപ്പം ഒരു കുട്ടിയെ എങ്കിലും കൊണ്ടുപോകാൻ അനുവദിക്കണമെന്ന ആവശ്യവുമായി സംസ്ഥാനം കേന്ദ്രത്തെ സമീപിക്കുന്നത്.
ഇരുചക്ര വാഹനത്തില്‍ രണ്ട് പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാനാകൂവെന്നത് നേരത്തെതന്നെയുള്ള നിയമമാണ്. എന്നാൽ സംസ്ഥാന പൊലീസ് പരിശോധനകളിൽ ഈ വ്യവസ്ഥ കർശനമായി നടപ്പാക്കിയിരുന്നില്ല. എന്നാൽ സംസ്ഥാനത്ത് എ.ഐ ക്യാമറകൾ വന്നതോടെയാണ് മൂന്നാമതായി കുട്ടി വാഹനത്തിൽ യാത്രചെയ്താലും ക്യാമറ നിയമലംഘനമായി കണ്ടെത്തി പിഴ ചുമത്തുന്ന സാഹചര്യമുണ്ടായത്. ഇതിനെതിരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധമുയർന്നത്.
ഈ പ്രശ്നത്തിൽ മോട്ടോർ വാഹന നിയമഭേദഗതിക്ക് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന കാര്യം പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു. ഈ ആവശ്യം നിയമപരമായി നിലനില്‍ക്കുമോയെന്ന് പരിശോധിക്കാന്‍ സർക്കാർ മോട്ടോര്‍ വാഹനവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇടത്തരക്കാരായ കുടുംബങ്ങൾ ഇരുചക്ര വാഹനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്ന സംസ്ഥാനമാണ് കേരളം. പുതിയ സാഹചര്യത്തിൽ ഇവർക്ക് കുട്ടികളുമായി യാത്രചെയ്യാൻ കഴിയാതെ വരും. പ്രശ്നം സർക്കാറിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മേയ് 10ന് നടക്കുന്ന ഉദ്യോഗസ്ഥ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും.