വ്യാപാരിയെ വെട്ടിനുറുക്കിയ ഹോട്ടൽ അടച്ചുപൂട്ടാൻ ഉത്തരവ്

കോഴിക്കോട്: ഹോട്ടൽ വ്യാപാരി സിദ്ദീഖിനെ വെട്ടിനുറുക്കി ട്രോളിബാഗിലാക്കി അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ എരഞ്ഞിപ്പാലത്തെ ഹോട്ടൽ അടച്ചു പൂട്ടാൻ നഗരസഭയുടെ ഉത്തരവ്. എരഞ്ഞിപ്പാലത്തെ ‘ഡി കാസ ഇന്‍ ഹോട്ടലാ’ണ് ലൈസന്‍സില്ലാത്തതിനാൽ നഗരസഭ പ്രവർത്തനാനുമതി നിഷേധിച്ചത്.
നേരത്തെയും ലൈസൻസ് ഇല്ല എന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടൽ നഗരസഭ പൂട്ടിച്ചിരുന്നു. എന്നാൽ രാഷ്ട്രീയ ഇടപെടലിനെ തുടർന്ന് ആറു മാസങ്ങള്‍ക്കു ശേഷം ഹോട്ടല്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കുകയായിരുന്നു.
ഒരു വര്‍ഷം മുമ്പ് മലിനീകരണവുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ ഹോട്ടലിനെതിരെ പരാതി നല്‍കിയത്. അന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ ഹോട്ടലിന് ലൈസന്‍സില്ലെന്ന് കണ്ടെത്തുകയും പൂട്ടാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.
കൊലപാതകത്തെ തുടർന്ന് നടന്ന പരിശോധനയിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നത് ലൈസൻസ് ഇല്ലാതെയാണെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ലഭിച്ചിട്ടില്ലെന്നും കണ്ടെത്തിയത്. ഇവിടെ മയക്കു മരുന്നുപയോഗമുള്‍പ്പടെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടക്കാറുണ്ടെന്ന് നേരത്തെയും പരാതികളുയര്‍ന്നിട്ടുണ്ട്.
മെയ് 24 നാണ് കോഴിക്കോട് മാങ്കാവിലെ ഹോട്ടലുടമയായ തിരൂര്‍ സ്വദേശി മേച്ചേരി സിദ്ദിഖി(58)നെ ഡി കാസ ഇന്‍ ഹോട്ടലിൽവെച്ച് മുന്നുപേർ ചേർന്ന് കൊലചെയ്തത്.