ഗുസ്തി താരങ്ങളുടെ പ്രക്ഷോഭം: അന്താരാഷ്ട്ര സംഘടനകൾ ഇടപെടുന്നു

ന്യൂഡല്‍ഹി: ഗുസ്തി താരങ്ങൾ നടത്തുന്ന പ്രക്ഷോഭത്തോട് കേന്ദ്ര സർക്കാർ അവഗണ തുടരുന്നതിനിടെ പ്രശ്നത്തിൽ അന്താരാഷ്ട്ര സംഘടനകൾ ഇടപെടുന്നു. ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരെ നടപടി ആവശ്യപ്പെട്ട് ഏപ്രില്‍ 21 മുതൽ നടക്കുന്ന സമരം ഇന്ത്യക്ക് പുറത്തും കായിക സ്നേഹികളുടെയും അന്താരാഷ്ട്ര മാധ്യമങ്ങളുടെയും ശ്രദ്ധയാകർഷിച്ചതോടെയാണ് അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്‍, അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി എന്നിവ തങ്ങളുടെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്.
വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നടക്കുന്ന സംഘര്‍ഷങ്ങള്‍ മാസങ്ങളായി നിരീക്ഷിക്കുന്നുണ്ടെന്ന് പറഞ്ഞ അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്‍ 45 ദിവസത്തിനകം ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ ഇന്ത്യയെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കി. ബ്രിജ് ഭൂഷനെതിരെ നിഷ്പക്ഷമായ രീതിയില്‍ അന്വേഷണം നടത്തണമെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടു.
ബ്രിജ് ഭൂഷനെതിരായ ലൈംഗിക ആരോപണ കേസില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയും രംഗത്തുവന്നു. താരങ്ങളോടുള്ള പോലീസ് പെരുമാറ്റം അങ്ങേയറ്റം അപലപനീയമെന്നും കമ്മിറ്റി വിലയിരുത്തി.
സമരത്തോടുത്തുള്ള സർക്കാറിന്റെ അവഗണനയിലും ബ്രിജ് ഭൂഷണ്‍ സിങ്ങിനെ സംരക്ഷിക്കുന്ന നിലപാടിലും പ്രതിഷേധിച്ച് ചൊവ്വാഴ്ച വൈകീട്ട് തങ്ങളുടെ മെഡലുകള്‍ ഗംഗാനദിയിൽ ഒഴുക്കിക്കളയാന്‍ ഹരിദ്വാറിലെത്തിയ താരങ്ങളെ കര്‍ഷക നേതാക്കാളാണ് അനുനയിപ്പിച്ച് തത്ക്കാലം തിരിച്ചയച്ചത്. ഈ സംഭവങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തത്.
നടപടി വൈകുന്നസാഹചര്യത്തില്‍ ഇന്ത്യാ ഗേറ്റില്‍ അനിശ്ചിതകാല നിരാഹാരസമരം ഇരിക്കാനാണ് ഗുസ്തി താരങ്ങളുടെ തീരുമാനം.
നിരവധി ദേശീയ ഗുസ്തി താരങ്ങള്‍ എം.പി കൂടിയായ ബ്രിജ് ഭൂഷണെതിരെ ലൈംഗികപിഡനപരാതി ഉന്നയിച്ചിട്ടുണ്ട്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു താരവും ഉള്‍പ്പെടും.