ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയയാൾ പിടിയിൽ

കണ്ണൂർ: കണ്ണൂരിലെ ചെറുപുഴ ബസ് സ്റ്റാന്റിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയയാൾ പിടിയിൽ. ചിറ്റാരിക്കൽ നല്ലോംപുഴ സ്വദേശി നിരപ്പിൽ ബിനുവിനെയാണ് പൊലീസ് ഒളിവിലിരിക്കെ പിടികൂടിയത്. ഇന്ന് പുലർച്ചെയാണ് പൊലീസ് ഇയാളുടെ ഒളിത്താവളം കണ്ടെത്തി പിടികൂടിയത്. ചെറുപുഴ-തളിപ്പറമ്പ് റൂട്ടിലോടുന്ന ബസിൽ മേയ് 28നായിരുന്നു സംഭവം നടന്നത്. ജീവനക്കാരും മറ്റും ഭക്ഷണം കഴിക്കാനായി പോയ സമയത്തായിരുന്നു സംഭവം.
സഹയാത്രികൻ നടത്തിയ നഗ്നതാ പ്രദർശനവും അശ്ലീല ചേഷ്ടയും ബസിലുണ്ടായിരുന്ന യുവതി മൊബൈലിൽ ചിത്രീകരിച്ച് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. മുണ്ടും കടുംനീല ഷർട്ടും മാസ്കും ധരിച്ച മധ്യവയസ്കൻ നഗ്നത പ്രദർശിപ്പിക്കുന്നതും കൈയിലെ പത്രം ഉപയോഗിച്ച് മറച്ചുപിടിച്ച് സ്വയംഭോഗം നടത്തുന്നതും വീഡിയോയിൽ വ്യക്തമായി കാണുന്നുണ്ട്.
ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞതും പിടികൂടിയതും.