ഫ്രാങ്കോ മുളക്കല്‍ ജലന്ധർ രൂപത ബിഷപ്പ് സ്ഥാനം രാജിവെച്ചു

ചണ്ഡീഗഡ്: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റാരോപിതനായ ഫ്രാങ്കോ മുളക്കല്‍ ജലന്ധർ രൂപത ബിഷപ്പ് സ്ഥാനം രാജിവെച്ചു. രാജി വത്തിക്കാന്‍ സഭ അംഗീകരിച്ചതോടെ ഇദ്ദേഹം ഇനിമുതൽ മുൻബിഷപ്പ് എന്നപേരിലായിരിക്കും അറിയപ്പെടുക.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് 2018 സെപ്റ്റംബറിലാണ് ഫ്രാങ്കോ മുളക്കലിനെ രൂപതയുടെ ചുമതലകളില്‍നിന്ന് മാറ്റിനിര്‍ത്തിയത്. കോട്ടയം അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതി ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. തുടർന്ന് നാലുമാസത്തിനു ശേഷമാണ് പദവിയിലേക്ക് തിരിച്ചെടുക്കാനുളള വത്തിക്കാന്റെ തീരുമാനം വന്നത്. ഇതനുസരിച്ചായിരുന്നു മുളക്കൽ വീണ്ടും ജലന്ധർ രൂപത ബിഷപ്പായി ചുമതലയേറ്റത്.
കോട്ടയം കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽ വച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ ബലാൽസംഗം ചെയ്തെന്നായിരുന്നു കേസ്. ബലാത്സംഗം, അന്യായമായി തടവിൽ വെയ്ക്കൽ, അധികാരമുപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കലുൾപ്പടെ ഏഴ് സുപ്രധാന വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരുന്നത്.
കോട്ടയം അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കിയതിനെ തുടർന്ന് പ്രോസിക്യൂഷൻ ഹൈകോടതിയെ സമീപിച്ചിരുന്നു. അപ്പീൽ തള്ളണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ മുളക്കലും ഹൈകോടതിയെ സമീപിച്ചിരുന്നു.
ഈ രണ്ട് ഹരജികളും ഹൈകോടതിയുടെ പരിഗണനയിലിരിക്കെയാണ് ഫ്രാങ്കോ മുളക്കലിന്റെ രാജി.