ഒഡീഷ ട്രെയിൻ അപകടത്തിൽപ്പെട്ടത് ഒരു ട്രെയിൻ മാത്രമെന്ന് റെയിൽവെ

മുംബൈ: ഒഡീഷ ട്രെയിൻ അപകടത്തിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചെന്ന വർത്ത ശരിയല്ലെന്ന് റെയിൽവേ മന്ത്രാലയം. അപകടത്തിൽപ്പെട്ടത് കൊറമാണ്ഡൽ എക്സ്പ്രസ് മാത്രമാണെന്ന് റെയിൽവേ ബോർഡ് അംഗം ജയ വർമ സിൻഹ ഞായറാഴ്ച വൈകുന്നേരം നടത്തിയ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.
‘അപകടം സംഭവിച്ച സ്റ്റേഷനിൽ ആകെ നാല് ട്രാക്കുകളാണുള്ളത്. അതിൽ രണ്ടെണ്ണം നേരെയുള്ള പ്രധാന ലൈനുകളാണ്. ഈ ട്രാക്കുകളിൽ ട്രെയിനുകൾ നിർത്താറില്ല. ശേഷിക്കുന്ന രണ്ടു ലൈനുകൾ ലൂപ് ലൈനുകളാണ്. ഈ സ്റ്റേഷനിൽ ട്രെയിനുകൾ നിർത്തേണ്ടി വന്നാൽ ലൂപ് ലൈനുകളാണ് അതിനായി തിരഞ്ഞെടുക്കുക. അപകടം നടക്കുന്ന സമയത്ത് ഇരു ദിശകളിലേക്കുമായി രണ്ട് മെയിൽ എക്സ്പ്രസ് ട്രെയിനുകളാണ് സ്റ്റേഷനിലൂടെ കടന്നുപോയിരുന്നത്’ എന്നും ജയ വർമ വിശദീകരിച്ചു.
ബാലസോറിലുണ്ടായ അപകടത്തിൽ മൂന്നു ട്രെയിനുകൾ പരസ്പരം കൂട്ടിയിടിച്ചെന്നായിരുന്നു തുടക്കത്തിൽ പുറത്തുവന്ന വാർത്തകളിലുണ്ടായിരുന്നത്. യശ്വന്ത്പുരിൽ നിന്നും ഹൗറയിലേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് എക്സ്പ്രസ് പാളം തെറ്റി തൊട്ടടുത്തുള്ള ട്രാക്കിലേക്ക് മറിഞ്ഞതിനെ തുടർന്ന് ഷാലിമാർ- കോറമണ്ഡൽ എക്സപ്രസിലേക്ക് ഇടിച്ചുകയറുകയും ഈ സമയം അടുത്ത ട്രാക്കിലൂടെ വന്ന ഗുഡ്സ് ട്രെയിൻ പാളംതെറ്റി മറിഞ്ഞ കോച്ചുകൾക്ക് മുകളിലേക്ക് മറിയുകയുമാണെന്നായിരുന്നു വാർത്തകൾ.
ഈ വാർത്തകളാണ് ഇപ്പോൾ റെയിൽവേ മന്ത്രാലയം നിഷേധിച്ചിരിക്കുന്നത്.