കുട്ടനാട്ടിലെ ജനങ്ങൾക്ക് മോഹന്‍ലാലിന്റെ കുടിവെള്ള സമ്മാനം

ആലപ്പുഴ: പരിസ്ഥിതി ദിനത്തിൽ കുട്ടനാട്ടിലെ എടത്വ ഒന്നാം വാർഡിലെ ജനങ്ങൾക്ക് മലയാളത്തിന്‍റെ സൂപ്പർ സ്റ്റാറിന്‍റെ കുടിവെള്ള സമ്മാനം. മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷനും ഇ.വൈ.ജി.ഡി.എസും ചേർന്നാണ് വാർഡിലെ 300 ഓളം കുടുംബങ്ങളുടെ കുടിവെള്ളപ്രശ്നത്തിന് പരിഹാരം കണ്ടിരിക്കുന്നത്.
നിലവിൽ കുട്ടനാട്ടിലെ ജലത്തില്‍ ആരോഗ്യത്തിന് ഹാനികരമായ ഇരുമ്പ് കാല്‍സ്യം ക്ലോറൈഡ് എന്നിവയും കോളി ഫോം, ഇ കോളി തുടങ്ങി രോഗകാരികളായ ബാക്ടീരിയകളും കൂടുതലാണ്. ഇതുമൂലം ഏറ്റവുംകൂടുതൽ ബുദ്ധിമുട്ടുന്നവരാണ് എടത്വ ഒന്നാം വർഡിലെ കുടുംബങ്ങൾ.
അന്താരാഷ്ട്ര നിലവാരമുള്ള പൂര്‍ണ്ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റിൽ നിന്ന് ലഭിക്കുന്ന കുടിവെള്ളം പൂർണ്ണമായും ശുദ്ധീകരിച്ചതാണ്.
വിശ്വശാന്തി ഫൗണ്ടേഷന്‍ മാനേജിങ് ഡയറക്ടര്‍ മേജര്‍ രവി ഓട്ടോമേറ്റഡ് കുടിവെള്ള പ്ലാന്റ് കുട്ടനാട്ടിലെ ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. കുടുംബങ്ങൾക്ക് പുറമെ സ്കൂളുകൾ, ആരാധനാലയങ്ങൾ ഉൾപ്പെടെ ആയിരത്തിലധികം ജനങ്ങൾക്ക് ഈ പ്ലാന്‍റിന്‍റെ ഗുണം ലഭിക്കുമെന്ന് ഫൗണ്ടേഷൻ അറിയിച്ചു. ഗുണഭോക്താക്കൾക്ക് നല്കിയിരിക്കുന്ന ഇലക്ട്രോണിക് കാർഡ് ഉപയോഗിച്ചു ഓരോ കുടുംബത്തിനും ആവശ്യമായ ശുദ്ധജലം പ്ലാന്റിൽനിന്നും സൗജന്യമായി എടുക്കാം.