ഗസ്റ്റ് ലക്ചററാകാന്‍ വ്യാജരേഖ: വിദ്യ ഉടൻ അറസ്റ്റിലാവും

കൊച്ചി: ഗസ്റ്റ് ലക്ചററാകാന്‍ വ്യാജരേഖ ചമച്ച കേസിൽ കാസര്‍കോട് തൃക്കരിപ്പൂര്‍ മണിയനോടി സ്വദേശിനി കെ. വിദ്യ ഉടൻ അറസ്റ്റിലാവും. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെട്ടതിനാൽ അറസ്റ്റ് ഒഴിവാക്കാനാവില്ലെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.
കേസിന്‍റെ ഭാഗമായി ചൊവ്വാഴ്ച വൈകീട്ട് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷന്‍ ഉദ്യോഗസ്ഥര്‍ കോളേജിലെത്തി പ്രിന്‍സിപ്പലിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. വിദ്യ സമർപ്പിച്ച രേഖ പൂര്‍ണ്ണമായും വ്യാജമാണെന്നാണ് പ്രിന്‍സിപ്പൽ പൊലീസിന് നൽകിയ മൊഴി. കൂടാതെ അട്ടപ്പാടി രാജീവ് ഗാന്ധി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍നിന്ന് മഹാരാജാസ് കോളേജിലേക്ക് അയച്ചുകിട്ടിയ മുഴുവന്‍ രേഖകളും പ്രിന്‍സിപ്പല്‍ പെലീസിന് കൈമാറുകയും ചെയ്തു.
വ്യാജരേഖ ചമച്ചതിന് പൊലീസ് മൂന്ന് കുറ്റങ്ങളാണ് വിദ്യക്കെതിരെ ചുമത്തിയിരിക്കുന്നത്. വ്യാജരേഖ നിര്‍മിക്കുക, ഇതുപയോഗിച്ച് മറ്റൊരാളെ വഞ്ചിക്കുക എന്ന ഉദ്ദേശത്തോടെ ഉപയോഗിക്കുക, അനധികൃതമായി ജോലി നേടുക തുടങ്ങിയവയാണ് വിദ്യക്കെതിരെ ചുമത്തിയ കുറ്റങ്ങൾ.
കുറ്റങ്ങൾ തെളിഞ്ഞാൽ ഏഴുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസാണിത്.
വ്യാജരേഖ ഉപയോഗിച്ചത് പാലക്കാട് അഗളി സ്റ്റേഷന്‍ പരിധിയിലായതിനാല്‍, കേസ് അഗളി പോലീസിന് കൈമാറും.
ഇവരെ കസറ്റഡിയില്‍ എടുത്ത് ചോദ്യംചെയ്തതിന് ശേഷമായിരിക്കും അറസ്റ്റ്. വ്യാജരേഖ ചമയ്ക്കല്‍ ഗുരുതരമായ കുറ്റമാണെന്നതിനാല്‍ അറസ്റ്റ് ഒഴിവാക്കാനാവില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം.