• 28 Sep 2023
  • 01: 12 PM
Latest News arrow

മകൾക്ക്​ മരണചിന്തവന്നത്​ എങ്ങിനെയെന്നന്വേഷിക്കണം- ആത്മഹത്യ ചെയ്ത ശ്രദ്ധയുടെ പിതാവ്​

ഉച്ചവരെ ശ്രദ്ധ സന്തോഷവതിയായിരുന്നു എന്നതിന്​ തെളിവുണ്ട്​

കോട്ടയം: മകൾ ഉച്ചവരെ സന്തോഷവതിയായിരുന്നുവെന്നും കോളജ്​ അധികൃതരുടെ കാബിനിൽ നിന്ന്​ ഇറങ്ങിയ ശേഷമാണ്​ കൂട്ടു​കാരികളോട്​ മരിക്കണമെന്ന്​ പറഞ്ഞതെന്നും ഈ സമയത്തിനിടയിൽ സംഭവിച്ചത്​ എന്താണെന്ന്​ അന്വേഷിക്കണമെന്നും ആത്​മഹത്യചെയ്ത കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളേജ് വിദ്യാർത്ഥിനി ശ്രദ്ധയുടെ പിതാവ്​ സതീശൻ ആവശ്യപ്പെട്ടു. 

മകൾ മരിച്ചതിന്​ കാരണമറിയണം. അതിനുവേണ്ടി നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. 
ഉച്ചവരെ ശ്രദ്ധ സന്തോഷവതിയായിരുന്നു എന്നതിന്​ തെളിവായി മെസേജുകളുണ്ട്​. പിന്നീട്​ കോളജ്​ അധികൃതരു​ടെ കാബിനിൽ നിന്നിറങ്ങിയപ്പോഴാണ്​ മകൾ ദുഃഖിതയായത്​. അപ്പോൾ കാബിനിൽ എന്തോ നടന്നിട്ടുണ്ട്​. അതെന്താണെന്ന്​ ഞങ്ങൾക്കറിയണം. കുറ്റക്കാർക്കെതിരെ കടുത്ത നടപടിയെടുക്കണം. നിയമനടപടികളുമായി ശക്​തമായി മുന്നോട്ടുപോകും. ശ്രദ്ധയ്ക്ക്​ എന്താണ്​ സംഭവിച്ചതെന്നതിന്​ മറുപടി കോളജ്​ അധികൃതർ തന്നേ മതിയാവുവെന്നും ശതീശൻ പറഞ്ഞു.
ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ നീതി കിട്ടുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. എന്നാൽ അന്വേഷണം തൃപ്തികരമല്ലെന്ന് തോന്നിയാൽ അടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
കോളേജിലെ ലാബില്‍ മൊബൈല്‍ ഫോൺ  ഉപയോഗിച്ചതിനെ തുടർന്ന്​ അധ്യാപകര്‍ ശ്രദ്ധയുടെ ഫോൺ പിടിച്ചെടുത്തിരുന്നു. ഇതിന്​ പിന്നാലെ വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ കോളജ് ഹോസ്റ്റലിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്​.  
ശ്രദ്ധയുടെ മരണത്തെതുടർന്ന്​ കോളജിൽ തുടരുന്ന സമരം മന്ത്രിമാരുമായി നടത്തിയ ചർച്ചയെ തുടർന്ന്​ പിൻവലിച്ചു. കുറ്റക്കാർ എന്ന് കണ്ടെത്തിയാൽ ആരോപണ വിധേയരായ അധ്യാപകർക്കെതിരെ അപ്പോൾ തന്നെ നടപടി സ്വീകരിക്കുമെന്നും വിദ്യാർത്ഥികൾ ഏറ്റവും അധികം പരാതി ഉന്നയിച്ച ഹോസ്റ്റൽ വാർഡൻ സിസ്റ്റർ മായയെ തൽക്കാലത്തേക്ക് മാറ്റി നിർത്തുമെന്നും സമരത്തിൽ പ​ങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ പ്രതികാര നടപടികൾ സ്വീകരിക്കില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വിദ്യാർത്ഥികൾക്ക്​ ഉറപ്പുവരുത്തി. 

RECOMMENDED FOR YOU
Editors Choice