• 07 Dec 2021
  • 02: 00 AM
Latest News arrow

മൂല്യങ്ങള്‍ നിശ്ചയിക്കുന്നത് സിനിമയല്ല: ശ്രിനിവാസന്‍

മനാമ: കേരളത്തിന്റെ മൂല്യങ്ങള്‍ തീരുമാനിക്കുന്നതില്‍ തന്റേതുള്‍പ്പെടെയുള്ള സിനിമകള്‍ക്ക് ഒരു പങ്കുമില്ല. സിനിമ കണ്ടിട്ട് ഒരു സമൂഹം നന്നാകുമെന്നോ ചീന്തയാകുമെന്നോ കരുതുന്നില്ല. കലാകാരന് പ്രതിബദ്ധത സ്വയം ഉണ്ടാകേണ്ടതാണെന്ന് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ പറഞ്ഞു.

ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം ബഹ്‌റൈനില്‍ എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു. സിനിമയോടൊപ്പം തന്റെ കാര്‍ഷികാനുഭവങ്ങളും മാധ്യമപ്രവര്‍ത്തകരുമായി പങ്കിട്ട ശ്രീനിവാസന്‍ കീടനാശിനിമുക്തമായ കാര്‍ഷികവൃത്തിക്കേ കേരളത്തെ ഗ്രസിക്കുന്ന മാരകരോഗങ്ങളെ തടയാനാകൂവെന്ന് വ്യക്തമാക്കി. 

ദൈവത്തില്‍ വിശ്വാസം നഷ്ടപ്പെടുമ്പോഴാണ് ജനങ്ങള്‍ ആള്‍ദൈവങ്ങള്‍ക്കു പിന്നാലെ പോകുന്നത്. പെട്ടെന്നുള്ള നേട്ടങ്ങളാണു ജനങ്ങള്‍ക്ക് ആവശ്യം. വിലകൊടുത്ത് എല്ലാം വാങ്ങാമെന്ന അവസ്ഥ വന്നുചേര്‍ന്നു. പണം ഉണ്ടാക്കല്‍ മാത്രമായി ജീവിതലക്ഷ്യം മാറി. രാഷ്ട്രീയ പാര്‍ട്ടികളുടെ നയങ്ങളിലും അപചയമുണ്ടായി. രാഷ്ട്രീയപാര്‍ട്ടി വേണ്ട, അതിലെ ഏതെങ്കിലും നേതാവുമായി ബന്ധമുണ്ടായാല്‍ മതി കാര്യങ്ങള്‍ നടക്കാന്‍ എന്നതാണ് ഇന്നത്തെ അവസ്ഥ. 

വിമര്‍ശനങ്ങളോട് തനിക്ക് അസഹിഷ്ണുതയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായമുണ്ടാകും. എന്നാല്‍ ഇയിടെ ഒരാള്‍ തന്റെ സിനിമകളോട് വെറുപ്പാണ് എന്നു പറഞ്ഞു. വെറുക്കുന്നു എന്ന് പറയുന്നതില്‍ എന്തോ പ്രശ്‌നമുണ്ട് എന്നാണ് ഞാന്‍ പ്രതികരിച്ചത്. ആരെങ്കിലും എന്തെങ്കിലും സമ്മര്‍ദ്ദം ചെലുത്തി സിനിമയെ നിയന്ത്രിക്കുന്നു എന്ന അഭിപ്രായമൊന്നും തനിക്കില്ല. ഒരാള്‍ക്ക് സിനിമയെ ആകെ നിയന്ത്രിക്കാവുന്ന അവസ്ഥവരുന്നത് അയാള്‍ ജനങ്ങള്‍ക്ക് അത്രമേല്‍ പ്രിയങ്കരനാകുമ്പോഴാണ്. പുതുതുതായി വരുന്നവര്‍ക്ക് അവസരമുണ്ടാകുന്നില്ല എന്നൊന്നും വിലപിക്കേണ്ടതില്ല. സിനിമക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്.

സിനിമ വിജയിക്കുമ്പോള്‍ അതു നായകന്റേയും നായികയുടേയും വിജയമായി വിലയിരുത്തപ്പെടുകയും പരാജയപ്പെടുമ്പോള്‍ സംവിധായകന്റെ കഴിവുകേടായി കരുതുകയും ചെയ്യുകയാണ് നമ്മുടെ രീതി. അങ്ങിനെയാണ് താരപ്പൊലിമ ഉണ്ടാകുന്നത്. നടീനടന്‍മാരെ അതിജീവിക്കുന്ന സംവിധായകരുണ്ടാകുമ്പോള്‍ ഇതെല്ലാം അപ്രസക്തമാകും. സംവിധായകന്‍ കഴിവുതെളിയിച്ചു കഴിഞ്ഞാല്‍ പിന്നെ ആരാണ് അഭിനയിക്കുന്നത് എന്നതു പ്രശ്‌നമല്ലാതായിത്തീരുന്നു. സത്യജിത്‌റെ, ബര്‍ഗ്മാന്‍ തുടങ്ങിയവരുടെയൊന്നും സിനിമ ആര് അഭിനയിച്ചു എന്നത് നോക്കിയല്ല ജനം കാണുന്നത്.  50 കോടി രൂപയും 10 വര്‍ഷവും തന്നാലും തനിക്കു സത്യജിത് റെയുടേതു പോലുള്ള ഒരു ഫ്രെയിം ഷൂട്ടുചെയ്യാന്‍ കഴിയില്ല. 

അഭിനയത്തേക്കാള്‍ ആഹ്ലാദം നല്‍കുന്ന പ്രവൃത്തി തിരക്കഥാ രചനയാണ്. എന്തെങ്കിലും ചെയ്‌തെന്ന സംതൃപ്തി അതുനല്‍കും. അഭിനയം പരിചയിച്ചാല്‍ എളുപ്പത്തില്‍ ചെയ്യാം. എന്നാല്‍, എഴുത്ത് എന്നും ഒരു വെല്ലുവിളിയാണ്. പുതുമ തേടിയുള്ള അന്വേഷണമാണത്. വായന, യാത്ര എല്ലാം അതിനാവശ്യമായിത്തീരുന്നു. 
ചിലര്‍ പറയും നൂറു ദിവസം ഓടുന്ന സിനിമ ഉണ്ടാക്കാന്‍ എളുപ്പമാണെന്ന്. ഇതു വെറും വീമ്പുപറച്ചിലാണ്. മാര്‍ക്കറ്റില്‍ ഓടുന്ന സിനിമയെ പുഛിക്കേണ്ട കാര്യമില്ല. ഓടുന്ന സിനിമ എടുക്കുക എന്നത് ഒരു കഴിവാണ്. ആര്‍ട് സിനിമ എടുക്കുന്നവരും ജനം തിയറ്ററില്‍ കയറണമെന്ന് ആഗ്രഹിക്കുന്നുണ്ട്. 

ന്യൂജനറേഷന്‍ സിനിമ ഓരോ കാലത്തും സംഭവിക്കുന്നതാണ്. അതില്‍ കവിഞ്ഞ പ്രാധാന്യമതിനില്ല. വൈവിധ്യവും പുതുമയുമാണ് സിനിമയുടെ ആകര്‍ഷണം. അതുകൊണ്ട് ഒരു പ്രത്യേക ഗണത്തില്‍പെടുന്ന ഒരു സിനിമ ഹിറ്റായാല്‍ അതേ മാതൃകയില്‍ സിനിമ എടുക്കുന്നതില്‍ കാര്യമില്ല. ഒരു പണിയും ചെയ്യാതെ ജീവിക്കാന്‍ ആഗ്രഹിച്ച ആളാണ് ഞാന്‍. എന്നാല്‍ സിനിമ എന്നെ ഉത്തരവാദിത്തബോധമുള്ള ഒരാളാക്കി മാറ്റിയെന്ന് അദ്ദേഹം പറഞ്ഞു. 

കേരളത്തില്‍ നടക്കുന്ന ചുംബനസമരം ഒരു പ്രതീകാത്മക സമരമാണെന്ന് ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. ആ സമരം നടത്തുന്നവര്‍ പൊതുസ്ഥലങ്ങളില്‍ തന്നെ ഉമ്മവക്കണം എന്ന താല്‍പര്യമുള്ളവരൊന്നുമല്ല. ഒരാളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്ന അതിക്രമത്തിനെതിരായ ഒരു പ്രതിഷേധമാണത്. ചുംബന സമരം കാണാനെത്തിയവരും ഇത്തരം ഒളിഞ്ഞുനോട്ടത്തിന്റെ സുഖം അനുഭവിക്കുന്നവരാണ്്. ലൈംഗിക ദാരിദ്ര്യമാണ് ഇവരെ കാഴ്ചക്കാരായി അവിടെയത്തെിക്കുന്നത്. കാമദാരിദ്ര്യവും സെക്‌സ് ജലസിയും പിടിപെട്ടവരാണ് സദാചാരപോലീസായി വരുന്നതെന്ന് ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. കേരളത്തോട് ഏറ്റവും വികാരപരമായി അടുപ്പം കാണിക്കുന്നവരാണ് പ്രവാസി മലയാളികളെന്നും ശ്രീനിവാസന്‍ പറഞ്ഞു.

എന്തും ചികിത്സിച്ചുമാറ്റാമെന്ന വ്യാമോഹമാണ് മലയാളിയെ നയിക്കുന്നത്. 450 കോടിരൂപ മുടക്കി കാന്‍സര്‍ ആശുപത്രികള്‍ പണിയുന്ന സര്‍ക്കാര്‍ കീടനാശിനിയും രാസവളവുമില്ലാത്ത കൃഷിക്കു 50 കോടി വിനിയോഗിച്ചിരുന്നെങ്കില്‍ 5,000 പേരെയെങ്കിലും കാന്‍സര്‍ വരാതെ രക്ഷിക്കാമായിരുന്നു. ആ ബോധത്തിലേക്കു കേരളം വളരേണ്ടതുണ്ട്. കടിച്ച പാമ്പുപോലും ചത്തുപോകുന്നത്രയും വിഷംപേറി നടക്കുന്നവരുടെ നാടായി കേരളം മാറിയെന്ന് ആദ്ദേഹം പറഞ്ഞു.

കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ അതിവേഗം വ്യാപിക്കുകയാണ്. എന്നാല്‍, ഇതിന്റെ കാരണം നാം തേടുന്നില്ല. കോടികളുടെ മുതല്‍മുടക്കില്‍ കേരളത്തിലാകെ കാന്‍സര്‍ ആശുപത്രികള്‍ പണിയാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എറണാകുളത്ത് 450 കോടി രൂപ ചെലവഴിച്ച് ആശുപത്രി പണിയുകയാണ്. എന്തുകൊണ്ടാണ് മാരകരോഗങ്ങള്‍ വ്യാപിക്കുന്നത് എന്നു ചിന്തിക്കേണ്ട സമയം അതിക്രമിച്ചു. വിഷലിപ്തമായ ഭക്ഷണമാണ് പ്രധാനവില്ലന്‍. മാരക കീടനാശിനികള്‍ ഉപയോഗിച്ചുണ്ടാക്കുന്ന പച്ചക്കറികളും പഴങ്ങളും സംസ്ഥാനത്തെയാകെ നശിപ്പിച്ചു. 

ബ്രിട്ടീഷുകാര്‍ പോയപ്പോള്‍ നിശബ്ദമായി അമേരിക്ക ഇവിടെയത്തെി. സന്നദ്ധപ്രവര്‍ത്തനങ്ങളുടെ പേരില്‍ റോക്ക്‌ഫെല്ലര്‍ ഫൗണ്ടേഷന്‍ പോലുള്ള സ്ഥാപനങ്ങളും മൈദയും കീടനാശികളും രാസവളങ്ങളും പിന്നാലെ വന്നു. ശാസ്ത്രജ്ഞരെ സൗജന്യമായി അമേരിക്കയില്‍ കൊണ്ടുപോയി പരിശീലിപ്പിച്ചു. കുറഞ്ഞസ്ഥലത്ത് കൂടുതല്‍ വിളവെന്ന സങ്കല്‍പ്പമായിരുന്നു അവര്‍ പകര്‍ന്നത്. ഇത് ഒരു കീടനാശിനിയും പ്രയോഗിക്കാതെ കൃഷിയിറക്കിയ നമ്മുടെ നാട്ടില്‍ ഹരിതവിപ്ലവം ഉണ്ടാക്കി. അതോടെ കൃഷിയുടെയും കാര്‍ഷിക ഉല്‍പന്നങ്ങളുടെയും സ്വഭാവംമാറി. കാര്‍ഷികോല്‍പന്നങ്ങള്‍ രോഗവാഹകരായി. ഈ അവസ്ഥയാണ് തന്നെ കൃഷിയിലേക്ക് ആകര്‍ഷിച്ചത്. 20 വര്‍ഷത്തോളം ഒരു കൃഷിയും നടക്കാത്ത സ്ഥലത്താണ് ഞാന്‍ വിത്തെറിഞ്ഞത്. കൃഷി നഷ്ടമാണെന്ന വാദത്തില്‍ കഴമ്പില്ല. കേരളത്തില്‍ പലയിടത്തും കൃഷിക്ക് അനുകൂലമായ ചില മാറ്റങ്ങള്‍ കാണുന്നു. 2016ഓടെ ജൈവകൃഷിയില്‍ വന്‍മുന്നേറ്റം നടത്താനാകുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ശുഭകരമാണെന്ന് അദ്ദേഹം പറഞ്ഞു.