മുരുകന്‍ സ്വയം വധശിക്ഷ വിധിക്കുന്നു...

മലയാളത്തിലെ പ്രശസ്തരായ രണ്ട് എഴുത്തുകാര്‍ നന്തനാരും രാജലക്ഷ്മിയും ആത്മഹത്യ ചെയ്യുകയാണുണ്ടായത്. രാജലക്ഷ്മിയുടെ മരണം എഴുത്തുജീവിതവുമായി ബന്ധപ്പെട്ടതായിരുന്നു. നന്തനാരുടേത് അങ്ങനെയല്ല. തമിഴ് എഴുത്തുകാരനായ പെരുമാള്‍ മുരുകന്‍ 48ാം വയസ്സില്‍ ഇപ്പോള്‍ എഴുത്ത് അവസാനിപ്പിച്ചിരിക്കുന്നു. രാജലക്ഷ്മിയെപ്പോലെ ജീവിതം അവസാനിപ്പിച്ചിട്ടില്ല അദ്ദേഹം. താന്‍ രചിച്ച ഏഴ് നോവലുകളും നാല് ചെറുകഥകളും കവിതാസമാഹാരങ്ങളും പിന്‍വലിക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വിറ്റുപോകാത്ത പുസ്തകങ്ങള്‍ നശിപ്പിച്ചു കളയാന്‍ തന്റെ പ്രസാധകരോട് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നു. മാതോരുഭാഗന്‍ എന്ന അദ്ദേഹത്തിന്റെ നോവല്‍ തമിഴ്‌നാട്ടിലെ വടക്കുപടിഞ്ഞാറന്‍ പട്ടണമായ തിരുച്ചെങ്ങോടിന് അപകീര്‍ത്തികരമാണെന്ന് കാണിച്ച് ഒരുകൂട്ടം ഹിന്ദുക്കള്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പിന്തുണയോടെ നടത്തിവന്ന പ്രക്ഷോഭമാണ് ഒരു എഴുത്തുകാരന്‍ എന്ന നിലക്കുള്ള തന്റെ ജീവിതം അവസാനിപ്പിക്കാന്‍ മുരുകനെ പ്രേരിപ്പിച്ചത്. എഴുത്തുകാരന്‍ എന്ന നിലയില്‍ ഇത് ഒരു ആത്മഹത്യ തന്നെ.
ജഡ്ജിമാര്‍ വധശിക്ഷ വിധിയെഴുതിയ പേനയുടെ മുനയൊടിക്കുക എന്നത് ഒരാചാരമാണ്. സ്വയം വധശിക്ഷ വിധിച്ചുകൊണ്ട് മുരുകനും അതുതന്നെ ചെയ്തു.
2010ലാണ് മാതോരുഭാഗന്‍ പ്രസിദ്ധപ്പെടുത്തിയത്. 2013ല്‍ ഇതിന്റെ പരിഭാഷ വണ്‍ പാര്‍ട്ട് വുമണ്‍ എന്ന പേരില്‍ പുറത്തുവന്നു. ഇതോടെയാണ് തനിക്കെതിരെ നീക്കങ്ങളുണ്ടായതെന്ന് മുരുകന്‍ ആരോപിക്കുന്നു. വിവാദപരമായ പരാമര്‍ശങ്ങള്‍ നീക്കാമെന്ന് പറഞ്ഞിട്ടൊന്നും എതിര്‍പ്പുമായി രംഗത്തെത്തിയവര്‍ പിന്മാറുകയുണ്ടായില്ല.
തിരുച്ചെങ്കോട്ടെ കൈലാസനാഥര്‍ അമ്പലത്തില്‍ ഒരുനൂറ്റാണ്ട് മുമ്പ് നിലനിന്നിരുന്ന ഒരു ആചാരത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളാണ് വിവാദത്തിന് വഴിവെച്ചത്. കുട്ടികളില്ലാത്ത ദമ്പതികളിലെ സ്ത്രീകള്‍ ഇവിടത്തെ രഥോത്സവത്തില്‍ പങ്കെടുക്കവെ അന്യപുരുഷനുമായി ശാരീരിക ബന്ധം പുലര്‍ത്തി ഗര്‍ഭംധരിക്കാന്‍ തയ്യാറാകുന്ന ഒരു സമ്പ്രദായം നിലനിന്നിരുന്നു. നോവലിലെ കഥാപാത്രമായ പൊന്നയും ഈ മാര്‍ഗം പിന്തുടരുകയാണ്. നോവലിന്റെ രചനയക്ക് പിന്നല്‍ ഗവേഷണ പ്രയത്‌നവുമുണ്ട്. ഇതാണ് ഹിന്ദുക്കളിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്.
അറുപതുകളിലെ തിരുച്ചെങ്കോട് മുരുകന് പരിചിതമാണ്. അമ്മയുടെ ജോലി കുന്നിന്‍ ചരിവിലെ കിണറ്റില്‍നിന്ന് വെള്ളംകോരി കടകളില്‍ നല്‍കുകയായിരുന്നു. അമ്മയിലൂടെയാണ് താന്‍ ഈ പ്രദേശത്തെ കൂടുതല്‍ അറിഞ്ഞതെന്ന് മുരുകന്‍ പറയുന്നു. ഒഴിവുകാലത്ത് സോഡയും കൂള്‍ഡ്രിംഗ്‌സും വില്‍ക്കലായിരുന്നു മുരുകന്റെ പണി. അമ്പലം മുരുകന്റെ ബാല്യകാല ജീവിത്തിന്റെ പ്രധാനഭാഗം തന്നെയായിരുന്നു.
ഈ പ്രദേശത്തുകാരനായ മുരുകന്‍ തിരുച്ചെങ്കോട്ടാണ് കുട്ടിക്കാലം ചെലവിട്ടത്. സര്‍ക്കാര്‍ കോളേജ് അധ്യാപകനാണ് അദ്ദേഹം. നോവലിനോടുള്ള എതിര്‍പ്പിന്റെപേരില്‍ ഇവിടെ ബന്ദ് വരെ നടത്തുകയുണ്ടായി. മുരുകന് ഭീഷണിയും ഉണ്ടായിരുന്നു. കൈലാസനാഥര്‍ അമ്പലത്തെയും അവിടത്തെ ഭക്തകളെയും അപമാനിക്കുന്നതാണ് നോവലെന്ന് ആര്‍എസ്എസും ബിജെപിയും ആക്ഷേപിക്കുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച കലക്റ്ററേറ്റില്‍ സമാധാനയോഗം എന്ന പേരില്‍ മുരുകന്‍ കൂടി പങ്കെടുത്ത ഒരു യോഗം നടക്കുകയുണ്ടായി. ഇവിടെവെച്ച് ഒത്തുതീര്‍പ്പിന്റെ ഭാഗമായി നിരുപാധികം മാപ്പ് പറയാനും പുസ്തകത്തില്‍നിന്ന് വിവാദ പരാമര്‍ശങ്ങള്‍ നീക്കാനും മാര്‍ക്കറ്റിലുള്ള പുസ്തകങ്ങള്‍ പിന്‍വലിക്കാനും മുരുകന്‍ നിര്‍ബന്ധിതനായി. മാത്രമല്ല ഇനി ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്താവുന്ന വിഷയങ്ങള്‍ കൈകാര്യംചെയ്യില്ലെന്നും മുരുകന് സമ്മതിക്കേണ്ടി വന്നു. ഈ ദുഃഖമാണ് എഴുത്ത് പൂര്‍ണമായും നിര്‍ത്താന്‍ മുരുകനെ പ്രേരിപ്പിച്ചത്.
യുക്തിവാദത്തിന്റെയും ജാതിവിരുദ്ധതയുടെയും വലിയ പാരമ്പര്യമുള്ള ദ്രാവിഡപ്രസ്ഥാനങ്ങള്‍ ആധിപത്യം പുലര്‍ത്തുന്ന തമിഴ്‌നാട്ടില്‍ ഡിഎംകെയോ എഐഎഡിഎംകെയോ മുരുകന്റെ രക്ഷയ്ക്ക് എത്തുകയുണ്ടായില്ല. പോലീസും ജില്ലാഭരണകൂടവും എഴുത്തുകാരനെ സംരക്ഷിക്കുന്നതിനു പകരം അയാള്‍ക്ക് എതിരായ നിലപാടാണ് ഫലത്തില്‍ സ്വീകരിച്ചത്. തനിക്കുനേരെ ഭീഷണിയുയര്‍ന്ന ഘട്ടത്തില്‍ മുരുകന്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നതാണ്. ഹിന്ദു മുന്നണിയും മൂന്നു ജാതി സംഘടനകളുമായിരുന്നു മുരുകനെതിരെയുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത്. കൊങ്ങുവെള്ളാര്‍ സമുദായത്തിന് സ്വാധീനമുള്ള സ്ഥലമാണ് തിരുച്ചെങ്കോട്. അവരുടെ വോട്ട് ബലമാണ് ദ്രാവിഡ പാര്‍ട്ടികളെ ഇക്കാര്യത്തില്‍ പിന്നോട്ടടിപ്പിച്ചത് എന്നു വേണം കരുതാന്‍.
35ാം വയസ്സിലാണ് രാജലക്ഷ്മി ആത്മഹത്യ ചെയ്തത്. ഒറ്റപ്പാലം എന്‍എസ്എസ് കോളേജിലെ ഫിസിക്‌സ് അധ്യാപികയായ അവര്‍ക്ക് എഴുത്തിന്റെപേരില്‍ അടുത്ത ആളുകളില്‍നിന്നു തന്നെ വലിയ എതിര്‍പ്പ് നേരിടേണ്ടിവന്നിരുന്നു. രണ്ട് നോവലുകളും 12 ചെറുകഥകളും മാത്രമേ അവര്‍ രചിച്ചിട്ടുള്ളൂ. ഒരു നോവല്‍ ഉച്ചവെയിലും ഇളംനിലാവും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചുവരവെ പകുതിവഴിക്കു വെച്ച് നിര്‍ത്തുകയാണുണ്ടായത്. പ്രസിദ്ധീകരിക്കാത്തഭാഗം നശിപ്പിച്ചുകളയണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. മാനസികമായ സമ്മര്‍ദ്ദങ്ങള്‍ താങ്ങാനാവാതെ അവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.
തഞ്ചാവൂരിലെയും തിരുനല്‍വേലിയിലെയും ഗ്രാമീണജീവിതവും ചെന്നൈയില്‍ മധ്യവര്‍ത്തി ജീവിതവും വിഷയമാക്കിയിരുന്ന ആധുനിക തമിഴ് കഥാസാഹിത്യലോകത്തിലേക്ക് കൊങ്ങുനാടിനെ ആനയിച്ച എഴുത്തുകാരനാണ് മുരുകന്‍. ഏതാണ്ട് ഒറ്റക്കാണ് മുരുകന്‍ ഇത് നിര്‍വഹിച്ചതെന്ന് കെആര്‍ വെങ്കടാചലപതി പറയുന്നു (ദി ഹിന്ദു ജനവരി 12). ഇപ്പോഴത്തെ കോയമ്പത്തൂര്‍, ഈറോഡ്, തിരുപ്പൂര്‍, സേലം, കരൂര്‍ എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് കൊങ്ങുനാട്. കൊങ്ങുനാട്ടിലെ പഴയ എഴുത്തുകാരുടെ രചനകള്‍ തേടിപ്പിടിച്ച് അദ്ദേഹം പുനഃപ്രസിദ്ധീകരിക്കുകയുണ്ടായി. ആ പ്രദേശത്തെ പദങ്ങള്‍ ശേഖരിച്ച് ഒരു പദകോശവും മുരുകന്‍ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. അങ്ങനെ ഒരു നാടിന്റെ തന്നെ എഴുത്തുകാരനായി മാറിയ മുരുകന് ഒടുവില്‍ ഭീഷണികാരണം തന്റെ ജന്മദേശം വിട്ട് ജനവരി എട്ടിന് ഓടിപ്പോകേണ്ടി വന്നു. പിറ്റേന്നായിരുന്നു അവിടെ ബന്ദ്.
എഴുത്തുകാരുടെ ജീവന് ഭീഷണി മുമ്പും ഉണ്ടായിട്ടുണ്ട്. സല്‍മാന്‍ റഷ്ദിക്ക് ബ്രിട്ടീഷ് പോലീസിന്റെ സഹായത്തോടെ കുറെക്കാലം ഒളിച്ചുതാമസിക്കേണ്ടി വന്നു. തസ്ലീമ നസ്രീന് ബംഗ്ലാദേശ് വിട്ട് മറ്റുരാജ്യങ്ങളില്‍ അഭയം തേടേണ്ടതായും വന്നു.
മുരുകനോടുള്ള എതിര്‍പ്പിനുപിന്നില്‍ മറ്റു കാരണങ്ങളും ഉണ്ടെന്ന് പറയപ്പെടുന്നു. നാമക്കലില്‍ താമസക്കാരനായ മുരുകന്‍ ഈ പ്രദേശത്തെ കച്ചവടവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെയും മുരുകന്‍ ലേഖനങ്ങള്‍ എഴുതിയിരുന്നു. ഇക്കൂട്ടരും മുരുകനെതിരെ തിരിഞ്ഞിട്ടുണ്ടാവും.
എഴുത്ത് നിര്‍ത്തിക്കൊണ്ട് മുരുകന്‍ നടത്തിയ പ്രസ്താവന സങ്കടത്തോടെ മാത്രമേ വായിക്കാനാവൂ. 'പെരുമാള്‍ മുരുകന്‍ എന്ന എഴുത്തുകാരന്‍ മരിച്ചിരിക്കുന്നു. അയാള്‍ ദൈവമല്ലാത്തതു കൊണ്ട് സ്വയം പുനരുജ്ജീവിപ്പിക്കാന്‍ യാതൊരു സാധ്യതയുമില്ല. അയാള്‍ പുനര്‍ജന്മത്തിലും വിശ്വസിക്കുന്നില്ല. ഒരു സാധാരണ അധ്യാപകനായ അയാള്‍ പി മുരുകനായി ജീവിതം തുടരും. അയാളെ വെറുതെ വിടുക'.
'കൊങ്ങുനാട്ടിലെ ജാതിവാദികളുടെ ചെവിയില്‍ ഇത് പതിക്കുമെന്ന് തോന്നുന്നില്ല. എന്നാല്‍, വിശാല തമിഴ് സമൂഹത്തിന് ഇതില്‍ ഒരു ഉത്തരവാദിത്വവുമില്ലേ? എഴുത്തിന്റെ വഴിയിലേക്ക് മുരുകനെ തിരിച്ചുകൊണ്ടു വരാന്‍ സാധിച്ചില്ലെങ്കില്‍ അത് വലിയ പരാജയമായിരിക്കും.