• 28 Sep 2023
  • 12: 24 PM
Latest News arrow

കുവൈത്തില്‍ മന്ത്രാലയങ്ങളില്‍ വിദേശികളെ കുറയ്ക്കുന്നു

മനാമ: കുവൈത്ത് തൊഴില്‍, സാമൂഹ്യകാര്യ മന്ത്രാലയത്തില്‍ ജോലിചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരായ 45 വിദേശികളെ പിരിച്ചുവിട്ടു. മറ്റു 42 പേരോട് ജൂണ്‍മാസത്തോടെ പിരിഞ്ഞുപോകാന്‍ തൊഴില്‍, സാമൂഹ്യകാര്യമന്ത്രി ഹിന്ദ് അല്‍ സുബായ്ഹ് ഇറക്കിയ ഉത്തരവില്‍ നിര്‍ദ്ദേശിച്ചു. വിവിധ മന്ത്രാലയങ്ങളില്‍നിന്നും വിദേശികളായ ജോലിക്കാരുടെ എണ്ണം 25 ശതമാനം കുറയ്ക്കണമെന്ന സിവില്‍സര്‍വീസ് കമീഷന്റെ തീരുമാനത്തെ തുടര്‍ന്നാണിത്. 

പദ്ധതിയുടെ ആദ്യഘട്ടമായി ഈ മാസാദ്യം തൊഴില്‍, സാമൂഹ്യകാര്യമന്ത്രാലയത്തില്‍നിന്നും 30 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ 105 വിദേശജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ചെലവ് ചുരുക്കുന്നതിന്റെയും ഈ മേഖലയില്‍ കുവൈത്തികള്‍ക്ക് കൂടുതല്‍ അവസരം ലഭ്യമാക്കുന്നതിന്റെയും ഭാഗമായിരുന്നു തീരുമാനം. മന്ത്രി തല സമിതിയുടെ അംഗീകാരവും ഇതിനു ലഭിച്ചിരുന്നു.
 
പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി മന്ത്രാലയങ്ങളില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കിയ വിദേശികളുടെയും സ്വദേശികളുടെയും കണക്ക് അധികൃതര്‍ ശേഖരിച്ചുവരികയാണ്. 30 വര്‍ഷം പൂര്‍ത്തിയാക്കിയ കുവൈത്തികള്‍ക്ക് സര്‍വീസില്‍നിന്നും നിര്‍ബന്ധിത റിട്ടയര്‍മെന്റ് നല്‍കുമെന്ന് അധികൃതര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
സര്‍ക്കാര്‍ സര്‍വീസിലും മന്ത്രാലയങ്ങളിലും ജോലിചെയ്യുന്ന കുവൈത്തികളല്ലാത്ത ജീവനക്കാരെ പിരിച്ചുവിടുന്നത് കഴിഞ്ഞവര്‍ഷം ജൂണിലാണ് ആരംഭിച്ചത്. അന്ന് സാമൂഹ്യക്ഷേമമന്ത്രാലയത്തില്‍ 30 വര്‍ഷത്തിലേറെ സേവനം അനുഷ്ഠിച്ച നൂറോളം വിദേശ നിയമവിദഗ്ധര്‍ക്ക് വിരമിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു തുടക്കം. മന്ത്രാലയത്തിന്റെ പരിഷ്‌കരണ നടപടികളുടെയും കുവൈത്ത് അഭിഭാഷകര്‍ക്ക് അവസരം നല്‍കുന്നതിന്റെയും ഭാഗമായിരുന്നു ഇത്. പ്രധാനമായും അറബ് മേഖലയില്‍നിന്നുള്ളവരാണ് നിയമവിദഗ്ധരായി ജോലിചെയ്യുന്നവരില്‍ നല്ലൊരു ഭാഗവും. 

കുവൈത്തില്‍ ഭൂരിഭാഗം മന്ത്രാലയങ്ങളിലും വിദേശികള്‍ ജോലി ചെയ്യുന്നുണ്ട്. കൂടുതല്‍ പേര്‍ ജോലി ചെയ്യുന്നത് സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിലാണ്.