• 01 Oct 2023
  • 08: 40 AM
Latest News arrow

എഴുത്തിന്റെ പെരുവിരല്‍ മുറിച്ച മുരുകനൊപ്പം ചേരാം

പെരുമാള്‍ മുരുകന്‍ എന്ന തമിഴ് എഴുത്തുകാരന്‍ എഴുത്തു നിറുത്തിയിരിക്കുന്നു! അദ്ദേഹം പറയുന്നു: 'എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍ മരിച്ചു.' ജീവിച്ചിരിക്കേതന്നെ താന്‍ മരിച്ചു എന്ന്് ഒരെഴുത്തുകാരനു പറയേണ്ടിവരുന്ന  അതിദാരുണമായ ജീവിതാവസ്ഥയാണ് നമുക്കുചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇത് എഴുത്തുകാരന്റെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നം മാത്രമല്ല; മനുഷ്യന്‍ എന്ന നിലയില്‍ ഒരു വ്യക്തിക്കു സംഭവിക്കാവുന്ന ഏറ്റം നികൃഷ്ടവും നിഷ്ഠുരവുമായ ഭീകരതകൂടിയാണ്.

സര്‍ഗാത്മകകൃതികള്‍ക്കെതിരെ എന്നും ഭീഷണികള്‍ ഉയര്‍ന്നിട്ടുണ്ട്. അലക്‌സാണ്ടര്‍ കുപ്‌റിന്റെ 'യാമാ ദ പിറ്റ്', ഫ്‌ളോബറിന്റെ. 'മദാം ബൊവാറി', ഡി എച്ച് ലോറന്‍സിന്റെ 'ലേഡി ചാറ്റര്‍ലീസ് ലവര്‍', സല്‍മാന്‍ റുഷ്ദിയുടെ 'സാത്താനിക് വേര്‍സസ്', തസ്ലീമ നസറിന്റെ 'ലജ്ജ' തുടങ്ങി അനേകം നോവലുകളുടെ പേരില്‍ കാലാകാലങ്ങളില്‍ പ്രതിഷേധങ്ങളും കോടതികേസുകളും നടന്നിട്ടുണ്ട്. പക്ഷേ, അതൊക്കെ എഴുത്തുകാരെ കൂടുതല്‍ ശക്തരാക്കുകയാണ് ചെയ്തത്. എഴുത്തിന് വലിയൊരു ഉത്തേജനം ലഭിച്ചതായിട്ടാണ് ആ എഴുത്തുകാര്‍. പില്‍ക്കാലത്തെ എഴുത്തുകൊണ്ടും ജീവിതം കൊണ്ടും തെളിയിച്ചത്. ഇവിടെ എഴുത്തുകാരന്‍ മുരുകന്‍ നോവല്‍ പിന്‍വലിക്കുകയോ മാപ്പുപറയുകോയോ മാത്രമല്ലചെയ്തത്. എഴുത്തു തന്നെ നിറുത്തിക്കളഞ്ഞു!

എതിര്‍പ്പ് എപ്പോഴും എതിര്‍ക്കപ്പെടുന്ന ആശയത്തിനോ വസ്തുവിനോ സംഭവത്തിനോ കൂടുതല്‍ ശക്തി പകരുകയാണു ചെയ്യുന്നത്. എല്ലാതരത്തിലുള്ള ഭീകരതകളുടെയും ആത്യന്തികഫലം അതാണ്. ഫ്രഞ്ച് ആക്ഷേപഹാസ്യ മാസികയ്‌ക്കെതിരെ ഉണ്ടായ ആക്രമണം ആക്രമണവിധേയരായവരെ കൂടുതല്‍ ശക്തരാക്കിയിരിക്കുന്നു എന്നാണ് വാര്‍ത്ത.
മുപ്പതിനായിരം കോപ്പി അച്ചടിച്ച മാസികയുടെ അതേലക്കം ആക്രമണത്തിനുശേഷം 50 ലക്ഷം കോപ്പിയടിച്ച് പ്രചരിപ്പിച്ച് പ്രതിഷേധം അറിയിച്ചിരിക്കുന്നു! മലാലമാര്‍ നൂറുകണക്കിന് ഉയിര്‍ത്തെഴുന്നേറ്റുകൊണ്ടിരിക്കുന്നു. എല്ലാതരത്തിലുള്ള ഭീകരതകളും ഇത്തരത്തില്‍ ഉത്തേജകശക്തിയായി മാറുകയാണു ചെയ്യുന്നത്!

പെരുമാള്‍ മുരുകന് സംഭവിച്ചതെന്ത്? മുരുകന്‍ എഴുതിയ 'മാതോരുഭാഗന്‍' എന്ന തമിഴ് നോവലില്‍ തിരിച്ചെങ്കോട് അര്‍ധനാരീശ്വരക്ഷേത്രത്തിലെ രഥോത്സവത്തിന്റെ അവസാനനാള്‍ വിവാഹിതരല്ലാത്തവര്‍ പരസ്പരസമ്മതത്തോടെ ഒന്നുചേരുന്ന ആചാരത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. നാട്ടിലെ ഒരു മിത്ത് സ്വന്തം നോവലില്‍ അവതരിപ്പിക്കാന്‍ ഒരെഴുത്തുകാരന് അവകാശമില്ലേ? അത് എങ്ങനെയാണ് സാമൂഹികവിരുദ്ധമായിത്തീരുന്നത്?

നോവല്‍ 2010ലാണ് തമിഴില്‍ പ്രസിദ്ധപ്പെടുത്തിയത്. അതിന്റെ ഇംഗ്ലീഷ് പരിഭാഷ 'വണ്‍ പാര്‍ട്ട് വുമണ്‍'. അടുത്ത് പ്രസിദ്ധപ്പെടുത്തി. അതിനുശേഷമാണ് എതിര്‍പ്പുകളും ആക്രമണങ്ങളും ഉണ്ടായത്. വീട്ടില്‍ സൈ്വരമായി ജീവിക്കാന്‍ വയ്യാത്ത അവസ്ഥ അധ്യാപകനായ ഒരു വ്യക്തിക്കു സംഭവിച്ചാലുണ്ടാകാവുന്ന മാനസികവിഭ്രാന്തികളെക്കുറിച്ച് ആലോചിച്ചുനോക്കൂ. മുരുകന്‍ ദളിത് ജാതിയില്‍പ്പെട്ട ഒരു സ്ത്രീയെയാണ് വിവാഹം കഴിച്ചത് എന്നറിയുന്നു. എതിര്‍പ്പിന്റെ മൂര്‍ച്ചകൂട്ടാന്‍ അതും സഹായകരമായിത്തീര്‍ന്നിട്ടുണ്ടാവാം.

പോലീസ് മുരുകനോട് ഒളിവില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു!
എന്തൊരു വിചിത്രമായ നാട്!
നിയമസംരക്ഷണം നല്‍കേണ്ട അധികാരികള്‍ തീവ്രവാദികള്‍ക്ക് അനുകൂലം!
സമരക്കാരും മുരുകനും തമ്മില്‍ നടന്ന ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ മുരുകന്‍ നിരുപാധികം മാപ്പുപറയുകയും തമിഴിലെയും ഇംഗ്ലീഷിലെയും കൃതികള്‍ പിന്‍വലിക്കുകയും ചെയ്തിരിക്കുന്നു. താന്‍ എഴുതുകയാണെങ്കില്‍ ഇനിയും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുെണ്ടന്നും അതിനാല്‍ ഇനി ഒന്നും എഴുതുകയില്ല എന്നും ഇതുവരെയുള്ള എല്ലാ കൃതികളും പിന്‍വലിക്കുന്നു എന്നും മുരുകന്‍ പറയുന്നു. ഇത്തരം ഒരു തീരുമാനത്തിലെത്താന്‍ മുരുകനെ പ്രേരിപ്പിച്ച മാനസികാവസ്ഥയെക്കുറിച്ച് സ്വാതന്ത്ര്യവാദികളായ എല്ലാ മനുഷ്യരും ഗൗരവത്തോടെ ചിന്തിക്കേണ്ടതും അടിയന്തിരമായി മുരുകന്റെ തുണയ്‌ക്കെത്തേണ്ടതുമാണ്. ഇത്തരം അവസ്ഥകള്‍ ഏതൊരെഴുത്തുകാരനും സംഭവിക്കാവുന്ന ഭീകരതയാണ് എന്നു നമ്മള്‍ തിരിച്ചറിയണം.

പണ്ട് ബംഗാളിലെ പട്ടുനൂല്‍കര്‍ഷകര്‍ക്ക് എതിരായി ബ്രിട്ടീഷ് സര്‍ക്കാര്‍.
ചില നിയമങ്ങള്‍ കൊണ്ടുവരികയും പട്ടുനൂല്‍ ഇറക്കുമതി ചെയ്യുകയും ചെയ്തപ്പോള്‍ കര്‍ഷകര്‍ പ്രതിഷേധിക്കാന്‍ മറ്റൊരു വഴിയും കാണാത്തതിനാല്‍ പെരുവിരല്‍ മുറിച്ച് പ്രതിഷേധിക്കുകയുണ്ടായി. അത്തരം ഒരു പ്രതിഷേധമാണ് പെരുമാള്‍ മുരുകന്‍ അനുഷ്ഠിച്ചിരിക്കുന്നത്. മുരുകന്‍ എഴുത്തിന്റെ പെരുവിരല്‍ മുറിച്ചെറിഞ്ഞിരിക്കുന്നു!

മനുഷ്യന്‍ എന്ന നിലയില്‍ തനിക്കു ജീവിക്കാനുള്ള അവകാശമെങ്കിലും അനുവദിച്ചു തരൂ എന്നാണ് ആ പ്രവൃത്തിയുടെ അര്‍ഥം!
ആത്മാഭിമാനികളായ എഴുത്തുകാരേ, സഹൃദയരേ, നമുക്കു പെരുമാള്‍ മുരുകനോടൊപ്പം ചേര്‍ന്നുനില്‍ക്കാം.