• 19 Sep 2020
  • 05: 49 PM
Latest News arrow

ബസില്‍ കണ്ടക്ടറുടെ പീഡനശ്രമം: പോലീസ് നടപടിയില്‍ ആക്ഷേപം

കല്‍പറ്റ: കെഎസ്ആര്‍ടിസി ബസില്‍ പകല്‍ സമയത്ത് കണ്ടക്ടറുടെ അപമര്യാദയായ പെരുമാറ്റത്തില്‍ പരാതി നല്‍കാന്‍ മീനങ്ങാടി പോലീസില്‍ എത്തിയ വിദ്യാര്‍ഥിനിയുടെ ആക്ഷേപം പരിഗണിക്കാതെ ബസ് കണ്ടക്ടറെ വിട്ടയച്ചതായി പരാതി.തിങ്കളാഴ്ച കാലത്ത് തിരുവനന്തപുരത്തുനിന്നും മൈസൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് വയനാട്ടില്‍ കല്‍പറ്റയ്ക്കു സമീപമെത്തിയപ്പോഴായിരുന്നു സംഭവം.

എറണാകുളത്തുകാരിയായ പെണ്‍കുട്ടി വയനാട്ടിലാണ് പഠിക്കുന്നത്.  കല്‍പറ്റയിലായിരുന്നു കുട്ടിക്ക് ഇറങ്ങേണ്ടിയിരുന്നത്. തന്റെ ദേഹത്ത് സ്പര്‍ശിച്ച കണ്ടക്ടറെ പെണ്‍കുട്ടി ചോദ്യം ചെയ്തു. കണ്ടക്ടറാവട്ടെ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. ക്ഷുഭിതരായ സഹയാത്രക്കാര്‍ പെണ്‍കുട്ടിയെ കല്‍പറ്റയില്‍ ഇറക്കാതെ മീനങ്ങാടി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. പെണ്‍കുട്ടി രേഖാമൂലം പരാതി നല്‍കി. പോലീസ് കണ്ടക്ടറുടെ വിലാസവും മറ്റും എഴുതിവാങ്ങി ബസുമായി പോകാന്‍ അനുവദിക്കുകയായിരുന്നു.എന്നാല്‍ പെണ്‍കുട്ടിയെ പോലീസ് സ്‌റ്റേഷനില്‍ പിടിച്ചിരുത്തി.

പോലീസിന്റെ ഈ നടപടിയാണ് ആക്ഷേപത്തിന് ഇടവരുത്തിയത്. സാധാരണഗതിയില്‍ ഇത്തരം ആക്ഷേപങ്ങള്‍ ലഭിച്ചാല്‍ ബസും കണ്ടക്ടറെയും കസ്റ്റഡിയിലെടുക്കുകയാണ് വേണ്ടതത്രെ. യാത്രക്കാര്‍ക്കു പോകാന്‍ മറ്റൊരു ബസ് ഏര്‍പ്പെടുത്തുകയാണ് ഉചിതം. വേണമെങ്കില്‍ പകരം കണ്ടക്ടറെ വരുത്തി ബസ് വിട്ടയക്കാമായിരുന്നു. മീനങ്ങാടി സ്റ്റേഷനില്‍ നിന്ന് ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് ഏകദേശം പന്ത്രണ്ടു കിലോമീറ്റര്‍ ദൂരമേ ഉള്ളൂ. പോലീസിന് അവിടെ നിന്ന് ഒരു കണ്ടക്ടറെ വരുത്താവുന്നതേയുള്ളൂവെന്നും അങ്ങനെ ചെയ്തില്ലെന്നുമാണ് ആക്ഷേപം.
പ്രതിയായ കണ്ടക്ടര്‍ തിരുവനന്തപുരം ട്രാഫിക് സ്‌റ്റേഷനിലെ  പൊലീസുകാരിയുടെ ഭര്‍ത്താവാണ്. പൊലീസുകാര്‍ സഹപ്രവര്‍ത്തകയുടെ ഭര്‍ത്താവിനെ രക്ഷിക്കുകയായിരുന്നെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.