• 18 Sep 2020
  • 07: 34 PM
Latest News arrow

ബേദിയുടെ വരവ്: ബിജെപിയില്‍ മുറുമുറുപ്പ്

ന്യൂഡല്‍ഹി: ബിജെപിയില്‍ ചേര്‍ന്ന് ഡല്‍ഹി അസംബ്ലി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയും ആക്ടിവിസ്റ്റുമായ കിരണ്‍ബേദി ഇനിമുതല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കിരണ്‍ചേച്ചി അഥവാ കിരണ്‍ ദീദിയായിരിക്കും. കിരണ്‍ ബേദിജി എന്നല്ല അവരെ വിളിക്കേണ്ടതെന്ന് ഡല്‍ഹി പാര്‍ട്ടി പ്രസിഡന്റ് രാംലാല്‍ പ്രവര്‍ത്തകരോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍, അവരുടെ വരവ്, കെജ്രിവാളിനെ നേരിടുന്നതിനുള്ള വെടിക്കോപ്പുകള്‍ പാര്‍ട്ടിക്ക് സമ്മാനിക്കുമെങ്കിലും 'ഇന്നലെ' പാര്‍ട്ടിയില്‍ വന്ന ഒരാള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുന്നതിനെതിരെ പ്രാദേശിക നേതൃത്വത്തില്‍ മുറുമുറുപ്പ് ഉയര്‍ന്നിട്ടുണ്ട്. കേന്ദ്രനേതൃത്വം ഇക്കാര്യത്തില്‍ ഡല്‍ഹിയിലെ പാര്‍ട്ടിസംഘടനയോട് കാര്യങ്ങള്‍മുഴുവന്‍ തുറന്നു പറഞ്ഞിട്ടില്ലെന്നു വേണം കരുതാന്‍.

എഎപിയും കോണ്‍ഗ്രസ്സും ഭൂരിഭാഗം സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനിരിക്കുന്നതേയുള്ളൂ. ഇന്ന് വൈകുന്നേരം പാര്‍ലമെന്ററി ബോര്‍ഡ് ചേര്‍ന്ന് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കും. പ്രധാനമന്ത്രിയും പാര്‍ട്ടി അധ്യക്ഷനും ഉള്‍പ്പെട്ട ഉന്നതസമിതിയാണ് ഇത്.

2013ലും നേതൃത്വം സംബന്ധിച്ച തര്‍ക്കമുണ്ടായിരുന്നു. ഇത് ഒഴിവാക്കാനാണ് ഡോക്ടറായ ഹര്‍ഷ്‌വര്‍ധനെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നത്. കിരണ്‍ബേദി ഇപ്പോള്‍തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ കൊടുത്തുതുടങ്ങിയത് പാര്‍ട്ടി പ്രവര്‍ത്തകരെ അലോസരപ്പെടുത്തുന്നു. ചില നയപ്രഖ്യാപനങ്ങളും അവരുടെ ഭാഗത്തിനിന്നുണ്ടായിരുന്നു. കഴിഞ്ഞദിവസം അവര്‍ ഡല്‍ഹിയിലെ പാര്‍ട്ടി എംപിമാരെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. തങ്ങളുടെ മണ്ഡലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആരായാനായിരുന്നു ഇത്. ഏഴു പേരില്‍ അഞ്ചു പേര്‍ ഈ കൂടിച്ചേരലില്‍ പങ്കെടുത്തിരുന്നു.
 
70 അംഗ അസംബ്ലിയിലേക്ക് ഫിബ്രവരി 7നാണ് തിരഞ്ഞെടുപ്പ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 31 സീറ്റ് നേടിയിരുന്നു ബിജെപി. സഖ്യകക്ഷിയായ അകാലിദള്‍ ഒരു സീറ്റും നേടി. ഭൂരിപക്ഷത്തിന് അഞ്ചു സീറ്റ് കുറവായിരുന്നു ഇത്. 28 സീറ്റ് നേടിയ എഎപി അല്പകാലം ഭരിച്ച് രാജിവെച്ചൊഴിഞ്ഞിരുന്നു. കോണ്‍ഗ്രസ്സിന് 8 സീറ്റാണ് കിട്ടിയത്.

ബേദിയുടെ വരവ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് പുതിയ മുഖം നല്‍കിയിട്ടുണ്ട്. ബിജിപിക്ക് നേട്ടവുമാണ് അവരുടെ സാന്നിധ്യം. എന്നാല്‍, പാര്‍ട്ടി രാഷ്ട്രീയത്തില്‍ അവരുടെ പരിചയക്കുറവ് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുമായുള്ള അവരുടെ ഇടപെടലുകളില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. അവരുടെ പെരുമാറ്റം പരുക്കനാണെന്നും അഹങ്കാരിയാണെന്നും ചിലര്‍ക്കെങ്കിലും ആക്ഷേപമുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പുറത്തുനിന്ന് ഒരാളെ കൊണ്ടുവന്നതിലും എത്രയോ കാലമായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചവരെ താഴ്ത്തി നിര്‍ത്തുന്നതിലും സ്വാഭാവികമായി ഉയരുന്ന എതിര്‍പ്പുമുണ്ട്. മുഖ്യമന്ത്രിസ്ഥാനം ആഗ്രഹിച്ചിരുന്ന ജഗദീശ് മുഖി, ബേദിയെ കൊണ്ടുവരുന്ന കാര്യം തന്നോട് ആലോചിച്ചിട്ടില്ലെന്ന് പറയുകയുണ്ടായി. അതേസമയം പാര്‍ട്ടി തീരുമാനത്തിന് വഴങ്ങി താന്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറയുന്നു. ഏതായാലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പാര്‍ട്ടി പ്രസിഡന്റ് അമിത് ഷായുടെയും പിന്തുണ ബേദിക്കുണ്ട്.പക്ഷെ മുഖ്യമന്ത്രിസ്ഥാനത്തിരിക്കാന്‍ അതു മാത്രം മതിയാവില്ല. ഏതായാലും അണ്ണ ഹസാരെയുടെ പ്രസ്ഥാനത്തില്‍ ഒരുമിച്ച് പ്രവര്‍ത്തകര്‍ പരസ്പരം എതിരിടുന്നതിന് തിരഞ്ഞെടുപ്പിന് പതിവില്‍ കവിഞ്ഞ ചൂട് പകര്‍ന്നിട്ടുണ്ട്.

അണ്ണാ ഹസാരെയ്ക്ക് ബേദിയുടെ രാഷ്ട്രീയപ്രവേശനം അത്ര ഇഷ്ടമായിട്ടില്ലെന്നാണ് സൂചന. ബേദി പലതവണ വിളിച്ചിട്ടും ഹസാരെ ഫോണ്‍ എടുക്കാന്‍ കൂട്ടാക്കിയില്ലെന്നും വാര്‍ത്തയുണ്ട്.