• 18 Sep 2020
  • 07: 04 PM
Latest News arrow

ശശി തരൂര്‍ പ്രതിയാവുമോ?

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശശി തരൂരിന് ഡല്‍ഹി പോലീസ് നോട്ടീസയച്ചു. ക്രിമിനല്‍ നടപടി ചട്ടം 160ാം വകുപ്പ് പ്രകാരം സാക്ഷിയെന്ന നിലയിലാണ് ഇപ്പോള്‍ അദ്ദേഹത്ത ചോദ്യം ചെയ്യുക. കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്ന പക്ഷം തരൂര്‍ പ്രതി തന്നെയായേക്കാം.

സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ അന്വേഷണം ഉടന്‍ തന്നെ യുക്തിസഹമായ ഒരു നിഗമനത്തിലെത്തുമെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി എസ് ബസ്സി അറിയിച്ചു. വരും ദിവസങ്ങളില്‍ തരൂരിനെ പോലീസ് ചോദ്യം ചെയ്യും. പോലീസ് ഇപ്പോള്‍തന്നെ കുറെപ്പേരെ ചോദ്യം ചെയ്തു കഴിഞ്ഞു. മറ്റുള്ളവരെയും ഉടന്‍ തന്നെ ചോദ്യം ചെയ്യും. സുനന്ദയുടെ ആന്തരാവയ സാമ്പിളുകള്‍ പോലീസ് വിദേശത്തേക്ക് പരിശോധനയ്്ക്ക് അയക്കാനിരിക്കുന്നതേയുള്ളൂ.

52കാരിയായ സുന്ദയെ ഡല്‍ഹിയിലെ ഹോട്ടലില്‍ കഴിഞ്ഞ വര്‍ഷം ജനവരി 17നാണ് മരിച്ചു കിടക്കുന്നതായി കണ്ടത്. ഇക്കഴിഞ്ഞ ജനവരി 1നാണ് പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

അതിനിടെ ഈ കേസില്‍ പരാമര്‍ശിക്കപ്പെട്ട് 'കേറ്റി'യുടെ പേരില്‍ തന്നെക്കുറിച്ച് വ്യാജമായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് കാണിച്ച് എഴുത്തുകാരിയായ കാതറീന്‍ എബ്രഹാം രംഗത്തു വന്നു. തന്റെ ചിത്രങ്ങള്‍ സഹിതം വ്യാജമായ വിവരങ്ങള്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി. തിരുവന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരാളല്ല താന്‍. തിരുവനന്തപുരത്തോ ദുബായിലോ പോയിട്ടില്ല. 2012 ഫെബ്രുവരിയില്‍ ഒരു ചടങ്ങില്‍വെച്ച് സുനന്ദ പുഷ്‌ക്കറുമായി എല്ലാവരും കാണ്‍കെ അല്പനേരം സംസാരിച്ചു എന്നതു മാത്രമേ അവരുമായി ബന്ധമുള്ളൂ. അതു കഴിഞ്ഞ് അവരെ കാണുകയോ അവരുമായി സംസാരിക്കുകയോ ചെയ്തിട്ടില്ല. ശശി തരൂരിന്റെ ജീവചരിത്രം രചിക്കാന്‍ തനിക്ക് ഉദ്ദേശ്യമില്ലെന്നും അവര്‍ അറിയിച്ചു. കേറ്റി എന്നയാള്‍ കാതറീനാണെന്ന് ഡോ സുബ്രഹ്മണ്യ സ്വാമിയാണ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയത്.