• 19 Sep 2020
  • 06: 02 PM
Latest News arrow

പിള്ളയുടെ ഫോണ്‍ സംഭാഷണം കേരള രാഷ്ട്രീയം കലക്കുന്നു

തിരുവനന്തപുരം: ബാര്‍ കോഴകേസില്‍ മന്ത്രി മാണിയെ വിടരുതെന്നും സിബിഐ അന്വേഷണം  ആവശ്യപ്പെട്ട് ഹര്‍ജി നല്‍കണമെന്നും ബാര്‍ ഉടമ ബിജു രമേശിനോട് മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണ പിള്ള. ബാലകൃഷ്ണ പിള്ളയും ബിജു രമേശും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയിലെ   ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ വരുംദിവസങ്ങളില്‍ കോളിളക്കം സൃഷ്ടിക്കും.
ആരോപണവുമായി ഇറങ്ങിത്തിരിച്ച സ്ഥിതിക്ക് കേസുമായി മുന്നോട്ടുപോകണമെന്നും വിജിലന്‍സ് കോടതിയെയോ സിബിഐയെയോ സമീപിക്കണമെന്നും ബാലകൃഷ്ണ പിള്ള ആവശ്യപ്പെട്ടു. നവംബര്‍ ഒന്ന്, രണ്ട് തിയ്യതികളില്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളാണ് പുറത്ത് വിട്ടത്.

യുഡിഎഫ് സ്ഥാപക നേതാവായ ബാലകൃഷ്ണ പിള്ള യുഡിഎഫ് ഭരണത്തിലെ ഘടകകക്ഷിയായ കേരളാ കോണ്‍ഗ്രസ്(എമ്മി)ന്റെ പ്രമുഖ നേതാവിനെതിരെ നടത്തിയ ഞെട്ടിക്കുന്ന പരാമര്‍ശങ്ങള്‍ പ്രതിപക്ഷത്തെപ്പോലും അത്ഭുതപ്പെടുത്തുമാറുള്ളതാണ്. മാണിക്കെതിരേയുള്ള കേസുമായി മുന്നോട്ട് പോകുന്നതിന് തന്റെ എല്ലാ അനുഗ്രഹവും പിന്തുണയും ഉണ്ടാകുമെന്നും ബാലകൃഷ്ണപിള്ള ഉറപ്പുനല്‍കി. കേസ് എങ്ങനെ വേണമെന്ന് താന്‍ തന്റെ അഭിഭാഷകനോട് സംസാരിക്കുന്നുണ്ടെന്ന് ബിജു രമേശ് സൂചിപ്പിച്ചപ്പോള്‍ താനും അദ്ദേഹത്തോട് പറയാമെന്നായിരുന്നു പിള്ളയുടെ വാഗ്ദാനം.

മന്ത്രി മാണി  കോഴ വാങ്ങിയ കാര്യം താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കണ്ട് വിശദമായി ധരിപ്പിച്ചിട്ടുണ്ടെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു. അഴിമതിക്കും കോഴക്കുമെതിരെ താന്‍ എന്നും എതിരാണെന്നും 22 ാംവയസ്സില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയ താന്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന് വേണ്ടി തന്റെ സ്വത്ത് വിറ്റതല്ലാതെ ഇന്നേവരെ യാതൊന്നും കൈപ്പറ്റിയിട്ടില്ലെന്നും ഫോണ്‍ സംഭാഷണത്തില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

ചീഫ് വിപ്പ് പിസി ജോര്‍ജ്  ബിജു രമേശിനോട് നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ട ഫോണ്‍ സംഭാഷണവും പുറത്ത് വന്നത് കോഴക്കേസിന്റെ നില സങ്കീര്‍ണ്ണമാക്കും.
സ്വര്‍ണ്ണക്കടക്കാരില്‍ നിന്ന് 19 കോടിയും അരിമില്ലുകാരില്‍ നിന്ന് രണ്ട്‌കോടിയും കോഴ വാങ്ങിയിട്ടുണ്ടെന്ന് ബാലകൃഷ്ണ പിള്ള പറഞ്ഞപ്പോള്‍ 'അതു മാത്രമല്ല സാര്‍ ബേക്കറിക്കാരില്‍ നിന്നും രണ്ട് കോടി വാങ്ങിയതായി അവര്‍ പറഞ്ഞു' എന്നായിരുന്നു ബിജു രമേശിന്റെ പ്രതികരണം.

ഫോണ്‍ സംഭാഷണം താന്‍ നടത്തിയതാണെന്ന് കൊല്ലത്ത് നടത്തിയ പത്രസമ്മേളനത്തില്‍ ബാലകൃഷ്ണ പിള്ള സമ്മതിച്ചു. ഇടമലയാര്‍ കേസില്‍ എന്നെ സിബിഐക്ക് എറിഞ്ഞുകൊടുത്തവര്‍ ഇത്ര വലിയ ഒരു ആരോപണമുണ്ടായിട്ടും പ്രതികരിക്കാതെ പോയതിലുള്ള അമര്‍ഷമാണ് ഞാന്‍ പ്രകടിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ സംഭവം നടന്നതിന് ശേഷം താന്‍ ബാലകൃഷ്ണ പിള്ളയെ കണ്ടിട്ടില്ലെന്നും ഈ വിഷയം തന്നോട് സംസാരിച്ചിട്ടേയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അതേസമയം താന്‍ ക്ലിഫ് ഹൗസില്‍ വെച്ച് ഗണേശുമൊത്ത് മുഖ്യമന്ത്രിയെക്കണ്ടപ്പോള്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്ന് പിള്ള ആവര്‍ത്തിച്ചു.
 

മദ്യനയം സംബന്ധിച്ച വിവാദം കോണ്‍ഗ്രസ്സില്‍ കെട്ടടങ്ങിയ സാഹചര്യത്തിലാണ് യുഡിഎഫിന് തലവേദന സൃഷ്ടിച്ചു കൊണ്ട് പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടിട്ടുള്ളത്. മാണിയെ കണ്ട് തങ്ങള്‍ സഹായം അഭ്യര്‍ഥിക്കുക മാത്രമാണ് ചെയ്തതെന്നും കോഴ നല്‍കിയിട്ടില്ലെന്നും ബാറുടമകളുടെ അസോസിയേഷന്‍ വിജിലന്‍സിന് മുന്നില്‍ മൊഴിനല്‍കിയതിന് പിന്നാലെയാണ് പുതിയ സംഭവ വികാസങ്ങള്‍. ബാറുടമകളുടെ പിന്‍വാങ്ങല്‍ സൂചിപ്പിക്കുന്ന മൊഴി സൃഷ്ടിച്ച സാഹചര്യം പുതിയ വിവരങ്ങള്‍ മാറ്റിമറിച്ചിരിക്കുകയാണ്.