• 27 May 2022
  • 12: 38 PM
Latest News arrow

സൂപ്പര്‍സ്റ്റാറുകള്‍ രാഷ്ടീയത്തിലേക്ക്

കോഴിക്കോട്: വിണ്ണില്‍ തിളങ്ങി നിന്ന താരങ്ങള്‍ മണ്ണിലേക്കിറങ്ങി വരുന്നു. തമിഴകത്തെ പോലെ  മലയാള നാട്ടിലും സിനിമാ താരങ്ങള്‍ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുകയാണ്. സുരേഷ്‌ഗോപി മാത്രമല്ല, മോഹന്‍ലാലും മമ്മൂട്ടിയുമെല്ലാം രാഷ്ട്രീയ കളരിയില്‍ ഇറങ്ങാനുള്ള പരിശീലനത്തിലാണെന്നാണ് ചലച്ചിത്ര രംഗത്തെ ഉപശാലാ സംസാരം. 

സുരേഷ്‌ഗോപി ബി ജെ പിയില്‍ ചേരാന്‍ കുപ്പായം തയ്പിച്ചു കാത്തിരിക്കുകയാണ്. പാര്‍ട്ടി പ്രവേശനത്തിന്റെ തീയതി മാത്രമേ  അറിയേണ്ടതുള്ളൂ. നേരത്തെ കോണ്‍ഗ്രസുമായി അടുപ്പത്തിലായിരുന്നു . കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ്‌ഗോപിയെ കൊല്ലത്ത്  നിര്‍ത്തുന്നതിനെ കുറിച്ച് പാര്‍ട്ടി ആലോചിച്ചതാണ്. സ്ത്രീവിവാദത്തില്‍ കുടുങ്ങിയ  പീതാംബരകുറുപ്പിന് സീറ്റ് കിട്ടില്ലെന്ന് ഉറപ്പായപ്പോള്‍ താരത്തിന്റെ പേര് സജീവ പരിഗണനയില്‍ വന്നു. എന്നാല്‍ എന്‍ കെ പ്രേമചന്ദ്രന്‍ എല്‍ഡിഎഫ് വിട്ടതിനാല്‍ കൊല്ലം സീറ്റ് അദ്ദേഹത്തിന് കൊടുക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരായി. 

ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്ത് നരേന്ദ്രമോദിയെ സന്ദര്‍ശിച്ചപ്പോള്‍  സുരേഷ്‌ഗോപി ബിജെപി യിലേക്ക് എന്ന് ഏറെക്കുറെ തീര്‍ച്ചപ്പെടുത്തിയിരുന്നു . പ്രധാനമന്ത്രിയായ ശേഷം മോദിയെ വീണ്ടും  സന്ദര്‍ശിക്കുകയും പാര്‍ട്ടി പ്രവേശനം ഉറപ്പുവരുത്തുകയും ചെയ്തു. സാധാരണ അംഗം എന്ന നിലയ്ക്കല്ല, ശ്രദ്ധേയമായ ഒരു പദവി നല്‍കി താരത്തെ പാര്‍ട്ടിയില്‍ എടുക്കാനാണ് സാധ്യത. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തോടെ സംസ്ഥാന ബി ജെ പി ഘടകത്തിനും സുരേഷ് ഗോപി പ്രിയപ്പെട്ടവനായി കഴിഞ്ഞു. സുനന്ദ പുഷ്‌കര്‍ കേസില്‍ ശശി തരൂര്‍ രാജി വെക്കേണ്ടി വന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി ബിജെപി സ്ഥാനാര്‍ഥി ആകുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. കഴിഞ്ഞ തവണ മത്സരിച്ചു തോറ്റ മുന്‍  കേന്ദ്രമന്ത്രി  ഓ രാജഗോപാല്‍ സുരേഷ് ഗോപി സ്ഥാനാര്‍ഥി ആകുന്നതില്‍ സന്തോഷം രേഖപ്പെടുത്തിക്കഴിഞ്ഞു. 
മുന്‍മന്ത്രി കെ ബി ഗണേഷ് കുമാറും ബി ജെ പിയുടെ പടിവാതില്‍ക്കല്‍ വരെ എത്തിയിട്ടുണ്ട്. അങ്ങോട്ട് കടക്കാനുള്ള കാലതാമസമേ ഉള്ളൂ. ഗണേഷ് അടുത്തകാലത്ത് നടത്തിയ ചില നീക്കങ്ങള്‍ ബിജെപി പ്രവേശനത്തിന്റെ  ഉറച്ച സൂചനകള്‍ നല്‍കുന്നതായിരുന്നു . അച്ഛനെ കൂടി ഉള്‍ക്കൊള്ളണമെന്നാണ് ബിജെപി ക്ക് മുന്നില്‍ ഗണേഷ് വെച്ച ഉപാധികളിലൊന്ന് .അഴിമതിക്കേസില്‍ ജയിലില്‍ കിടന്ന ആളെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു കൊണ്ടുവന്നാല്‍ പൊതുജനം എങ്ങിനെ കാണുമെന്നതിലാണ് ബിജെപിക്ക് ആശങ്ക. ആര്‍ ബാലകൃഷ്ണപിള്ള മുന്നണി വിട്ടു പോകുകയാണെങ്കില്‍ പൊയ്‌ക്കൊള്ളട്ടെ എന്നാണ് കോണ്‍ഗ്രസിന്റെ മനസ്സിലിരിപ്പ്. പക്ഷേ, പിള്ള പുലിവാലാകുമെന്നതിനാല്‍ ബിജെപി അറച്ചു നില്‍ക്കുകയാണ് .

സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും രാഷ്ട്രീയം ഇല്ലാത്തവരല്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മമ്മൂട്ടിയെ എല്‍ഡിഎഫ് സ്വതന്ത്രനായി പരീക്ഷിക്കാന്‍ സി പി എം ആലോചിച്ചിരുന്നു. അതിനു തയ്യാറാകാതിരുന്ന മമ്മൂട്ടി ഇന്നസന്റിനെ കണ്ടെത്തി  ചാലക്കുടിയില്‍ സ്ഥാനാര്‍ഥിയായി നിര്‍ത്തി . അന്തരിച്ച നടന്‍ മുരളി ആലപ്പുഴയില്‍ മത്സരിച്ചു തോറ്റതോടെ സിനിമാ താരങ്ങള്‍ രാഷ്ട്രീയ മോഹം മനസ്സില്‍ കുഴിച്ചു മൂടിയിരുന്നു. കേരളത്തില്‍ ഇതൊന്നും നടക്കില്ലെന്നു അവര്‍ വിലയിരുത്തുകയും ചെയ്തു. എന്നാല്‍ ഇന്നസെന്റ് രാഷ്ട്രീയ കളരിയില്‍ തഴക്കവും പഴക്കവുമുള്ള പി സി ചാക്കോയെ ചാലക്കുടിയില്‍ തോല്‍പിച്ചതോടെ താരങ്ങള്‍ക്ക് ആത്മവിശ്വാസം കൈവന്നിരിക്കുകയാണ്. 
മമ്മൂട്ടിക്ക് സിപിഎമ്മുമായിട്ടാണ് അടുപ്പമെങ്കില്‍ മോഹന്‍ലാലിനു കോണ്‍ഗ്രസ്സുമായാണ് ബന്ധം. അടുത്ത തെരഞ്ഞെടുപ്പില്‍  ഇവരൊക്കെ അതാതു പാര്‍ട്ടി ടിക്കറ്റുകളില്‍ ഇറങ്ങിതിരിക്കില്ലെന്നാര് കണ്ടു?