• 27 May 2022
  • 10: 47 AM
Latest News arrow

സിനിമയിലെ ഭിന്നലൈംഗികത

മൂന്നാം ലിംഗക്കാര്‍, ഭിന്നലിംഗക്കാര്‍ എന്നെല്ലാം വിളിക്കപ്പെടുന്നവര്‍ ഇന്ത്യന്‍ മുഖ്യധാരസിനിമകളില്‍ ഇന്നും പരിഹാസപാത്രങ്ങളാണ്. അത്തരക്കാര്‍ ഇരുണ്ടജീവിതം നയിക്കുന്ന കുറ്റവാസനയുള്ളവരും വിചിത്രലൈംഗികചോദനയുള്ളവരുമായ 'ആണുംപെണ്ണും കെട്ട'വരാണെന്ന മുന്‍വിധി സിനിമകള്‍ അടിച്ചുറപ്പിച്ചുകൊണ്ടിരിക്കുന്നു. ലോകമെമ്പാടും ഭിന്നലിംഗക്കാരുടേയും സ്വവര്‍ഗാനുരാഗികളുടേയും അവകാശപോരാട്ടങ്ങള്‍ ശക്തമാകുമ്പോള്‍ തീര്‍ത്തും ലജ്ജാകരമായ മുന്‍വിധി വിളമ്പുകയാണ് മുഖ്യധാരസിനിമകള്‍. വിക്രം-ശങ്കര്‍ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം 'ഐ' ഒടുവിലത്തെ ഉദാഹരണം. സിനിമക്ക് എതിരെ തമിഴ്‌നാട്ടില്‍ മൂന്നാംലിംഗക്കാരുടെ പ്രതിഷേധം ശക്തമായി. 

എഴുപതുകളുടെ തുടക്കത്തില്‍ ലോകമെമ്പാടും ഗേ അവകാശ പ്രസ്ഥാനങ്ങള്‍ തലപൊക്കിത്തുടങ്ങിയതോടെയാണ് ബദല്‍ ലൈംഗികതയുള്ളവര്‍ സിനിമകളില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. മുപ്പതുകളുടെ തുടക്കത്തില്‍ ഹോളിവുഡില്‍ അതിഥികഥാപാത്രങ്ങളായി അവര്‍ പ്രത്യക്ഷപ്പെട്ടു. ഇന്ത്യന്‍ സിനിമകളില്‍ സ്വവര്‍ഗലൈംഗികത കടന്നുവരാന്‍ പിന്നീട് നാലുദശകത്തോളമെടുത്തു. വിലകുറഞ്ഞ ലൈംഗിക തമാശകള്‍ സൃഷ്ടിക്കാന്‍ വേണ്ടിയുള്ള കഥാപാത്രങ്ങള്‍ മാ്രതമായിരുന്നു അവ. വഴിയില്‍ തടഞ്ഞുനിര്‍ത്തി പണം പിരിക്കുന്നവരും ആണ്‍കുഞ്ഞുങ്ങളുണ്ടാകന്‍ അനുഗ്രഹിക്കുന്നവരുമായി കഥാപാത്രങ്ങളാണ് മിക്കവയും. 70കളില്‍ 'അമര്‍ അക്ബര്‍ ആന്റണി' തുടങ്ങിയ സിനികളില്‍ മുതല്‍ അത്തരക്കാര്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ അവര്‍ നേരിടുന്ന ഒറ്റപ്പെടലും ലിംഗപ്രതിസന്ധിയും ചിത്രീകരിച്ച സിനിമകള്‍ തുലോം കുറവ്. ന്യൂനപക്ഷ ലൈംഗികതയെ താണതരം കോമഡിക്കും കറുത്തകാമനയുടെ പ്രകടനപരതക്കും വേണ്ടി മുഖ്യധാരസിനിമ ചൂഷണംചെയ്യുകയാണുണ്ടായത്. സന്തോഷ് ശിവന്റെ നവരസ, ഡേവിഡ് അറ്റ്കിന്റെ ക്യൂന്‍സ് ഡെസ്റ്റിനി ഓഫ് ഡാന്‍സ്, തമിഴ് സിനിമ അപ്പു, ശ്യാം ബെനഗലിന്റെ വെല്‍ക്കം സജ്ജാന്‍പുര്‍, മറാത്തി ചിത്രം ജോഗ്വാ തുടങ്ങിയവ 'ഹിജഡജീവിത'ത്തിന്റെ ഗൗരവകാഴ്ചകള്‍ ഒരുക്കി. സന്തോഷ് സൗപര്‍ണിക ഒരുക്കിയ 'അര്‍ധനാരി' മലയാളവെള്ളിത്തിരയില്‍ മൂന്നാംലിംഗക്കാര്‍ക്ക് വേണ്ടി ഉയര്‍ന്ന ശക്തമായ ശബ്ദമായിരുന്നു. അതിവൈകാരികതയിലേക്ക് വീണുപോയചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. 'ചാന്ത്‌പൊട്ട്' പോലുള്ള ചിത്രങ്ങള്‍ ഭിന്നലൈംഗികത ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യാന്‍ ശ്രമിച്ചില്ല.
 
സ്വവര്‍ഗലൈംഗികത 70കളില്‍ തന്നെ ഹിന്ദി സിനിമകളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഹോമോ സെക്ഷ്വാലിറ്റിയെ കുറിച്ചുള്ള ആദ്യ പരാമര്‍ശമുള്ള ഇന്ത്യന്‍ ചിത്രം റാഫോ ചക്ക്രാര്‍ (1975) ആയിരിക്കും. മലയാളത്തില്‍ എണ്‍പതുകളില്‍ തന്നെ സ്വവര്‍ഗാനുരാഗം പ്രമേയമായി അവതരിച്ചിട്ടുണ്ട്.  1978ല്‍ ഇറങ്ങിയ മോഹന്റെ 'രണ്ടു പെണ്ണുങ്ങള്‍' പരസ്പരംവല്ലാതെ അടുത്തുപോയ രണ്ട് പെണ്‍കുട്ടികളുടെ കഥയാണ് പറഞ്ഞത്. നന്ദകുമാറിന്റെ നോവലിന്റെ സ്വതന്ത്ര ചലച്ചി്രതാവിഷ്‌കാരമായിരുന്നു സിനിമ. പത്മരാജന്റെ ദേശാടനക്കിളി കരയാറില്ല (1986) പ്രകടമല്ലാത്തവിധം ലെസ്ബിയന്‍ ജീവിതം പ്രമേയമാക്കി. എന്നാല്‍ 2004ല്‍ ലിജി എസ് പുല്ലപ്പള്ളി സംവിധാനം ചെയ്ത 'സഞ്ചാരം' ലെസ്ബിയന്‍ അഭിനിവേശം തിരിച്ചറിഞ്ഞ രണ്ടുപെണ്‍കുട്ടികളുടെ ജീവിതയാത്രയുടെ കഥയാണ് ശക്തമായി പറഞ്ഞത്. എന്നാല്‍ ശ്യാമപ്രസാദിന്റെ ഋതു(2009)വിലും സ്വവര്‍ഗലൈംഗികതത പരാമര്‍ശവിധേയമായി. പരസ്പരം ഇഷ്ടപ്പെടുന്ന രണ്ട് പുരുഷന്മാരെ മുഖ്യകഥാപാത്രങ്ങളാക്കി മലയാളത്തില്‍ അവതരിപ്പിച്ചത് കഴിഞ്ഞവര്‍ഷമിറങ്ങിയ 'മൈ ലൈഫ് പാര്‍ടണര്‍' ആണ്. പൃഥ്വിരാജ് മുംബൈ പോലീസില്‍ സ്വവര്‍ഗാനുരാഗിയായ പൊലീസ് ഓഫീസറെ അവതരിപ്പിച്ചു. എന്നാല്‍ സിനിമയ്ക്ക് അവിചാരിതമായി ട്വിസ്റ്റ് ഉണ്ടാക്കാന്‍ വേണ്ടി മാത്രമാണ് നായകനില്‍ അത്തരമൊരു സ്വഭാവം കെട്ടിവയ്ക്കപ്പെട്ടത്.
ഇന്ത്യന്‍ സിനിമയില്‍ സ്വവര്‍ഗാനുരാഗികളുടെ ശബ്ദം ഏറ്റവും സാര്‍ഥകമായ പ്രതിഫലിപ്പിച്ചത് ബംഗാളിന്റെ അനുഗ്രഹിത പ്രതിഭ ഋതുപര്‍ണഘോഷ് ആണ്. ജീവിതംകൊണ്ടും സിനിമകൊണ്ടും അദ്ദേഹം ന്യൂനപക്ഷ ലൈംഗികതയ്ക്കായി നിലകൊണ്ടു. സ്വവര്‍ഗലൈംഗികത പറയുന്നതുകൊണ്ട് ദീപമേത്തയുടെ ഫയര്‍(1998) ഏറെ പ്രതിഷേധങ്ങള്‍ ക്ഷണിച്ചുവരുത്തി. ലൈംഗിക അവകാശം രാജ്യത്ത് ചര്‍ച്ചയാകുന്നതിനു മുമ്പ് തന്നെ മറാത്തി ചി്രതം മിതാചി ഗോഷ്ട (1981)ല്‍ ലെസ്ബിയന്‍ അവകാശങ്ങള്‍ക്ക് വേണ്ടി വാദിച്ചു. രോഹിണി ഹത്തംഗഡിയായിരുന്നു സിനിമയിലെ നായിക. ബുദ്ധദേവ്ദാസ് ഗുപ്തയുടെ ഉത്തര (2000), നിഷിത് സരണിന്റെ സമ്മര്‍ ഇന്‍ മൈ വെയിന്‍സ് (1999), കെയ്‌സാദ് ഗുസ്താദിന്റെ ബോംബെ ബോയ്‌സ് (1998), ദേവ് ബെനഗളിന്റെ സ്പിറ്റ് വൈഡ് ഓപ്പണ്‍ തുടങ്ങിയവ ഇതര ലൈംഗികതയുടെ പ്രതിസന്ധികളെ അനുകമ്പയോടെ സമീപിച്ച സിനിമകളാണ്.

എന്നാല്‍ രണ്ടായിരമാണ്ടിനു ശേഷമുള്ള ബോളിവുഡ് സിനിമകളില്‍ സ്വവര്‍ഗലൈംഗികതയെ സ്വാഭവികചുറ്റുപാടില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മധുര്‍ഭണ്ടാര്‍ക്കറിന്റെ പേജ് ത്രി(2005), , അനുരാഗ്ബസുവിന്റെ ലൈഫ് ഇന്‍ എ മെട്രോ (2007), റീമ കാഗ്തിയുടെ ഹണിമൂണ്‍ ട്രാവല്‍സ് (2007) എന്നിവ ഉദാഹരണം. ദോസ്താന, സ്റ്റുഡന്റ്‌സ് ഓഫ് ദ ഇയര്‍ തുടങ്ങിയ ബോളിവുഡ് മുഖ്യധാര സിനിമകള്‍ ഇത്തരം പ്രമേയങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സ്ഥിരം ചട്ടക്കൂടില്‍ നിന്ന് പുറത്തുവരുന്നില്ല.