തൊഴിലാളികളുടെ 'പരിശോധന'ക്ക് കുവൈത്ത് ഇന്ത്യയില്‍ ഓഫീസ് തുറന്നു

മനാമ: തൊഴില്‍ വിസയില്‍ വരുന്ന ഇന്ത്യക്കാര്‍ക്ക് വൈദ്യപരിശോധന നടത്താനായി ഇന്ത്യയില്‍ കുവൈത്ത് ഓഫീസ് തുറന്നു. കുവൈത്തില്‍ ജോലി ചെയ്യാനാഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് നടപടികള്‍ എളുപ്പമാക്കാന്‍ ഓഫീസ് ഉതകുമെന്ന് പബ്ലിക് സര്‍വീസ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ ബദര്‍ അല്‍ എനെസി അറിയിച്ചു. രോഗ മുക്തരാണ് രാജ്യത്തേക്കു വരുന്നതെന്ന് ഉറപ്പുവരുത്താനായാണിത്.
കുവൈത്തിലേക്ക് കൂടുതല്‍ തൊഴിലാളികള്‍ എത്തുന്ന രാജ്യങ്ങളിലെല്ലാം ഇത്തരം ഓഫീസുകള്‍ തുറക്കുന്നുണ്ട്. നിലവില്‍ ഈജിപ്ത് അടക്കം ചില രാജ്യങ്ങളില്‍ മെഡിക്കല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ ആരംഭിച്ച ഇതേ സംവിധാനങ്ങളുമായി താരതമ്യം ചെയ്താല്‍ ഈജിപ്തിലെ സംവിധാനം കൂടുതല്‍ കാര്യക്ഷമമാണ്. അവിടെ, ഗള്‍ഫ് രാജ്യങ്ങളിലെപ്പോലെ, ജനങ്ങള്‍ക്ക് ദേശീയ തലത്തില്‍ സ്വന്തമായി സിവില്‍ ഐഡി നമ്പര്‍ ഉണ്ടെന്നതാണ് കാരണം. ഇതുവഴി ഒറ്റനമ്പറില്‍ എല്ലാ നടപടി ക്രമങ്ങളും എളുപ്പം പൂര്‍ത്തിയാക്കാം. തൊഴിലന്വേഷകരുടെ കുവൈത്തിലേക്കുള്ള വൈദ്യപരിശോധന ഇത് അനായസമാക്കുന്നു.
എന്നാല്‍, ഇന്ത്യയിലും മറ്റു രാജ്യങ്ങളുമായി പൗരന്മാര്ക്ക് ഒറ്റ സിവില്‍ ഐഡിയില്ല. പാസ്പോര്‍ട്ട്, ആധാര്‍ കാര്‍ഡ്, തെരഞ്ഞെടുപ്പ് ഐഡന്‍ഡിറ്റി കാര്‍ഡ്, പാന്‍കാര്‍ഡ് ഇങ്ങിനെ പല സിവില്‍ ഐഡികളാണ് പൗരന്മാര്ക്കുള്ളത്. അതുകൊണ്ടുതന്നെ മെഡിക്കല്‍ പരിശോധനക്കുമുന്നോടിയായി എല്ലാ രേഖകളും സൂക്ഷ്മ പരിശോധനക്കു വിധേയമാക്കേണ്ടി വരും.
ഈജിപ്ത് ആരോഗ്യ വകുപ്പിനു കീഴിലെ സെന്‍ട്രല്‍ മെഡിക്കല്‍ ലാബും മറ്റു ഏജന്‍സികളുമായി ബന്ധപ്പെടുത്തിയാണ് ഈജിപ്തില്‍ പ്രവര്‍ത്തനം. നേരത്തെ 40 ദിവസമായിരുന്നു വൈദ്യ പരിശോധാന പ്രക്രിയക്ക് എടുത്തിരുന്നത്. ഇത് ഇപ്പോള്‍ അഞ്ചു ദിവസമായി കുറഞ്ഞതായി അല്‍ എനെസി അറിയിച്ചു. കഴിഞ്ഞവര്‍ഷം അവസാനം വരെ 50,000 ഈജിപ്തുകാരുടെ വൈദ്യപരിശോധന നടപടികള്‍ പൂര്‍ത്തിയാക്കി ഇവരെ റിക്രൂട്ട്മെന്റിന് സജ്ജമാക്കാന്‍ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
ഫീസ് ഈടാക്കിയാണ് ഈ സൗകര്യം നല്‍കുന്നത്. ഈജിപ്തില്‍ എല്ലാ പരിശോധാനകള്ക്കുമായി 900 ഈജിപ്ഷ്യന്‍ പൗണ്ടാണ് (7604.13 രൂപ)വാങ്ങുന്നത്. ഈജിപ്ത് സെന്‍ട്രല്‍ മെഡിക്കല്‍ ലാബ് ഫീസ് ഇനത്തില്‍ 200 ഈജിപ്ഷ്യന്‍ പൗണ്ടും വാങ്ങുന്നുണ്ട്. ഇതിനു സമാനമായ തുകയായാണ് മറ്റു രാജ്യങ്ങളിലും ഏര്‍പ്പെടുത്തുന്നത്. എല്ലാ രാജ്യങ്ങളിലും അവിടുത്തെ ആരോഗ്യ വകുപ്പുമായി ചേര്‍ന്നാണ് പ്രവര്‍ത്തനം.
നിലവില്‍ ഇന്ത്യ, പാകിസ്താന്, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, ഈജിപ്ത് എന്നീ രാജ്യങ്ങളിലായി ജിസിസി അംഗീകാരമുള്ള 18 മെഡിക്കല്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അപകടകരവും സാംക്രമികവുമായ രോഗമുള്ളവരുമായവരുടെ ഗള്‍ഫ് യാത്ര തടയാനായാണിത്. ഈ സെന്ററുകളില്‍ നടത്തുന്ന പരിശോധന കൂടുതല്‍ കര്‍ക്കശമാക്കാന്‍ ഈ വര്‍ഷാദ്യം ജിസിസി തീരുമാനിച്ചിരുന്നു. ഈ സെന്ററുകള്‍ക്കു പുറമേയാണ് കുവൈത്ത് സ്വന്തം നിലയ്ക്ക് സെന്റര്‍ തുറക്കുന്നത്. ഇന്ത്യയില്‍ ജിസിസി അംഗീകൃത സെന്ററില്‍നിന്നും വൈദ്യ പരിശോധന നടത്തിയവരും കുവൈത്ത് ആരംഭിച്ച സെന്ററില്‍ വൈദ്യ പരിശോധനക്ക് വിധേയമാകേണ്ടിവരും.
വിട്ടുമാറാത്ത രോഗമുള്ള(chronically ill) വിദേശ തൊഴിലാളികളെ ഗള്‍ഫിലേക്ക് റിക്രൂട്ട് ചെയ്യേണ്ടെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍(ജിസിസി) സെക്രട്ടറിയേറ്റിനു കീഴിലുള്ള ഗള്‍ഫ് ആരോഗ്യ മന്ത്രിമാരുടെ കൗണ്‍സില്‍ ഈയിടെ തീരുമാനിച്ചിരുന്നു. 'മെഡിക്കലി ഫിറ്റ്' ആയവരെമാത്രം റിക്രൂട്ട് ചെയ്യാനായി നാട്ടില്‍ നടത്തുന്ന ഗള്‍ഫ് വൈദ്യപരിശോധനയും ഗള്‍ഫില്‍ എത്തിയാല്‍ നടത്തുന്ന പ്രീ എംപ്ലോയ്മെനറ് മെഡിക്കല്‍ ടെസ്റ്റും കൂടുതല്‍ കാര്യക്ഷമമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ