മഴവില്ലഴകില്‍ ദുപ്പട്ടകള്‍

കാഴ്ച്ച ഉറയ്ക്കുന്ന കാലം തൊട്ടേ പെണ്‍കുട്ടികളില്‍ കൗതുകം ഉണര്‍ത്തുന്നവയാണ് ദുപ്പട്ടകള്‍ .ചേച്ചിമാരുടെ ഷാളുകള്ക്കായി വാശിപിടിച്ച് കരയാത്ത കുട്ടികള്‍ ഉണ്ടാവുകയില്ല.ചുരിദാറുകള്‍ക്കൊപ്പം ദുപ്പട്ടകള്‍ ധരിക്കുന്ന പാരമ്പര്യം പ്രധാനമായും ഇന്ത്യയിലാണുള്ളത്. ഭാരതീയ പൈതൃകപ്രകാരം ദുപ്പട്ടയ്ക്ക് വളരെയേറെ പ്രാധാന്യമുണ്ട്.പുരാണങ്ങളില്‍ വളരേയേറെ പ്രാധാന്യത്തോടുകൂടിയാണ് പരാമര്‍ശിക്കപ്പെടുന്നത്.
ദുപ്പട്ടകളുടെ പ്രാധാന്യം സൗന്ദര്യത്തേക്കാള്‍ സ്ത്രീകളുടെ വിനയവും ലജ്ജയും സൂചിപ്പിക്കുന്നതിലാണ്. ചുനരി, ലഹരിയ എന്നിങ്ങനെ നാടു മാറുതിനനുസരിച്ച് പേരിലും രൂപത്തിലും വ്യത്യസ്തമാകുന്നുണ്ടിവ .ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ച് നിരവധി പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട് ദുപ്പട്ടയില്‍.
ദുപ്പട്ടകള്ധരിക്കുന്നത് ഒരു വസ്ത്ര ശൈലിയുടെ ഭാഗമായിമാത്രമല്ല. മാറിവരുന്ന ട്രെന്‍ഡുകളുടെ ചാരുത പ്രദര്‍ശിപ്പിക്കാന്‍ കൂടിയാണ്. ഒരു നിറത്തിലും പല നിറങ്ങളിലും, വൈവിധ്യമാര്‍ന്ന പ്രിന്റുകളിലും ദുപ്പട്ടകള്‍ മാര്‍ക്കറ്റുകളിലും പെണ്മനസ്സിലും ഇടം നേടുന്നുണ്ട്. കളര്‍ഫുള്‍ ബോര്‍ഡറുകളില്‍ വരുന്നവയും , കല്ലും മുത്തും പതിച്ച ദുപ്പട്ടകളും മാര്‍ക്കറ്റില്‍ ലഭ്യമാണ്.