• 08 Jun 2023
  • 06: 26 PM
Latest News arrow

കയ്യെഴുത്തിലുള്ള പാസ്‌പോര്‍ട്ടുകള്‍ക്ക് നിരോധനം

ന്യൂഡല്‍ഹി: 2001നു മുന്‍പ് വിതരണം ചെയ്ത മെഷിന്‍ റീഡബിള്‍ അല്ലാത്ത പാസ്‌പോര്‍ട്ടുകള്‍ക്ക് നിരോധനം വരുന്നു. 2015 നവംബര്‍ മുതല്‍ കയ്യെഴുത്തിലുള്ള പാസ്‌പോര്‍ട്ടുകള്‍ പരിഗണിക്കില്ലെന്ന് ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ എംബസി ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരുന്നു. നിലവില്‍ ഇന്ത്യക്കാര്‍ക്കും പ്രവാസികള്‍ക്കും നിയമം ബാധകമാണ്.

കയ്യെഴുത്ത് പാസ്‌പോര്‍ട്ടുകള്‍ വിസ നടപടികള്‍ക്ക് തടസ്സമുണ്ടാക്കുമെന്ന് കണ്ടാണ് എംബസിയുടെ വിജ്ഞാപനം. ഇത്തരം പാസ്‌പോര്‍ട്ടുകള്‍ കൈവശമുള്ളവര്‍ മാറ്റിവാങ്ങണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

ഇന്ത്യയില്‍ 1990മുതല്‍ 2001 വരെ വിതരണം ചെയ്ത 2.86 ലക്ഷം പാസ്‌പോര്‍ട്ടുകള്‍ കൈ കൊണ്ടെഴുതിയിട്ടുള്ളവയാണ്. 20 വര്‍ഷക്കാലാവധിയില്‍ 1995 മുതല്‍ അനുവദിച്ച പാസ്‌പോര്‍ട്ടുകള്‍ക്കായിരിക്കും ഈ നിയമം ബാധകമായി വരിക.

നിലവില്‍ മുതിര്‍ന്നവര്‍ക്ക് പത്ത് വര്‍ഷവും കുട്ടികള്‍ക്ക് അഞ്ച് വര്‍ഷവുമാണ് പാസ്‌പോര്‍ട്ട് കാലാവധി. കാലാവധി അവസാനിക്കുന്നതിനു മുമ്പ് പാസ്‌പോര്‍ട്ടുകള്‍ പുതുക്കണമെന്നും സ്ഥിരം യാത്രചെയ്യുന്നവര്‍ 64 പേജുള്ള ജംബോ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.