• 28 Sep 2023
  • 12: 28 PM
Latest News arrow

കോപ്പയില്‍ ഗോള്‍ വര്‍ഷം; ചിലിക്ക് സമനില

രണ്ട് കളികളിലായി 11 ഗോളുകള്‍. കോപ്പ അമേരിക്കയില്‍ ഗോള്‍ വര്‍ഷമായിരുന്നു ഇന്നലെ. എ ഗ്രൂപ്പില്‍ ആതിഥേയരായ ചിലിയെ മെക്‌സിക്കോ  33ന് സമനിലയില്‍ തളച്ചു. അതേ ഗ്രൂപ്പില്‍ ബൊളീവിയ ഇക്വഡോറിനെ 32 നും തോല്‍പ്പിച്ചു.
    
മെക്‌സിക്കോ രണ്ടു തവണമുന്നിട്ടുനിന്നപ്പോഴും ചിലി തിരിച്ചടിച്ചു. ചിലി മൂന്നാം ഗോള്‍ നേടി കളി കെട്ടിപ്പൂട്ടാന്‍ ഒരുങ്ങുന്നതിനിടെ മെക്‌സിക്കോ സമനില നേടി. ഇതോടെ ഒരു ചിലി വിജയം തേടി ഇറങ്ങിയപ്പോള്‍, അതു വരെ വ്യക്തത പോരാതിരുന്ന കളി വെയിലുദിച്ചപോലെ തെളിഞ്ഞു. ചിലിയുടെ വാള്‍ഡിവിയയും അലക്‌സിസ് സാഞ്ചസും രണ്ടു തവണ പന്ത് വലയിലെത്തിച്ചുവെങ്കിലും നേരിയ വ്യത്യാസത്തില്‍ അസിസ്റ്റന്റ് റഫറി ഓഫ് സൈഡ് വിളിച്ചു.

ചിലി ആക്രമിച്ചുകളിക്കവെ മെക്‌സിക്കോക്ക് വേണ്ടി വിസന്റെ വ്യൂസോ മെക്‌സിക്കോക്ക് വേണ്ടി 21 ാം മിനുട്ടില്‍ ആദ്യ ഗോള്‍ നേടി. ഒറ്റ മിനുട്ടിനുള്ളില്‍ വിഡാല്‍ ഗോള്‍ മടക്കി. ജിമനേസ് 29ാം മിനുട്ടില്‍ മെക്‌സിക്കോയെ വീണ്ടും മുന്നിലെത്തിച്ചു. വര്‍ഗാസ് ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് സമനില നേടി. രണ്ടാം പകുതിയില്‍ വിഡാല്‍ ഒരു പെനാല്‍ട്ടിയിലൂടെ ഗോള്‍ നേടിയപ്പോള്‍ അവര്‍ കളിയില്‍ പിടിമുറുക്കുമെന്ന് തോന്നി. എന്നാല്‍ മെക്‌സിക്കോ അവസാനിപ്പിച്ചിരുന്നില്ല. വ്യൂസോ അവര്‍ക്കു വേണ്ടി സമനില നേടി.
 
വള്‍പറൈസോവില്‍ ബൊളീവ്യ ആദ്യ പകുതിയില്‍ തന്നെ മൂന്നു ഗോളിന് മുന്നിലായിരുന്നു. ഒരു പെനാല്‍ട്ടി പാഴാക്കിയ ഇക്വഡോര്‍ രണ്ടാം പകുതിയില്‍ രണ്ടുഗോള്‍ തിരിച്ചടിച്ചു. പാസുകള്‍ , ഷോട്ടുകള്‍, പന്ത് സൂക്ഷിപ്പ് എന്നിങ്ങനെ എല്ലാം തരം കണക്കുകളിലും ഇക്വഡോര്‍ മുന്നിലായിരുന്നു. ക്യാപ്റ്റന്‍ റൊണാള്‍ഡ് റാള്‍ഡേസ് 5 ാം മിനുട്ടില്‍ ബൊളീവിയയുടെ സ്‌കോറിങ് തുടങ്ങി വെച്ചു. മാര്‍ട്ടിന്‍ സ്‌മെല്‍ബര്‍ഗ് ഡാലന്‍സ് (18 ാം മിനുട്ട്)പെനാല്‍ട്ടിയില്‍ നിന്ന് മാര്‍സലോ മൊറീനോ(43) എന്നിവര്‍ കൂടി ഗോള്‍ നേടിയ ആശ്വാസത്തിലായിരുന്നു പകുതിക്ക് പിരിയുമ്പോള്‍ ബൊളീവിയ.

എന്നാല്‍ രണ്ടാം പകുതിയില്‍ ഇക്വഡോര്‍ തിരിച്ചടിച്ചു. പെനാല്‍ട്ടി പാഴാക്കിയ എന്നര്‍ വലന്‍സിയ കളി പുനരാരംഭിച്ച് മുന്നു മിനുട്ടിനുള്ളില്‍ ഒരു ഗോള്‍ മടക്കി. 81 ാം മിനുട്ടില്‍ ബൊലാനോസിലൂടെ അവരുടെ രണ്ടാം ഗോളും വന്നു. എങ്കിലും ശക്തരായ എതിരാളികളെ തോല്പ്പിച്ച ആത്മവിശ്വാസവുമായി ബൊളീവ്യ കളം വിട്ടു.ചിലയാണ് ബൊളീവിയയുടെ അടുത്ത എതിരാളി.

 ഇന്ന് രാത്രി 12.15 ന് പെറു ജമൈക്കയെയും കാലത്ത് 5 മണിക്ക് അര്‍ജന്റീന ഉറുഗ്വായെയും നേരിടും.