കാമുകന് വേണ്ടി പുതുജന്മം; ലിംഗമാറ്റത്തിന് വിധേയയായി കഥക് നര്‍ത്തകന്‍

ലക്‌നൗ: കാമുകന് വേണ്ടി എന്ത് ത്യാഗവും ചെയ്യാന്‍ തയ്യാറാവുന്നവരാണ് പ്രണയിനിമാര്‍. ഇത് ഊട്ടിയുറപ്പിക്കുന്നതാണ് ഗൗരവ് ശര്‍മ്മയെന്ന ഇന്ത്യന്‍ യുവാവിന്റെ ജീവിതം. പാക്കിസ്ഥാനിലുള്ള തന്റെ കാമുകന് വേണ്ടി യുവ കഥക് നര്‍ത്തകനായ ഗൗരവാണ് ലിംഗമാറ്റ ശസ്ത്ര്ക്രിയക്ക് വിധയനായത്.
അഞ്ച് വര്‍ഷം മുമ്പ് ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട പാക്കിസ്ഥാനി കാമുകന് വേണ്ടിയാണ് കഴിഞ്ഞ ഒന്‍പത് മാസങ്ങളിലായി നടത്തിയ മൂന്ന് ലിംഗ മാറ്റ ശസ്ത്ര്ക്രിയയ്ക്ക് വിധേയനായി ഗൗരവ് എന്ന യുവാവ് അടിമുടി മാറിയത്. ഇതോടെ ആഷ്‌ന എന്ന പേരും സ്വീകരിച്ചു. 2012 ല്‍ തന്നെ വിവാഹം കഴിക്കാമോ എന്ന കാമുകന്റെ ചോദ്യമാണ് ഗൗരവിനെ ഇത്തരത്തിലൊരു സാഹസത്തിന് പ്രേരിപ്പിച്ചത്. നേരിട്ട് ഇതുവരെ കണ്ടിട്ടില്ലാത്ത ഇരുവരും സ്‌കൈപ്പിലൂടെ മാത്രമാണ് കണ്ട് സംസാരിച്ചിട്ടുള്ളത്. ശരീരബന്ധിതമായ ബന്ധമല്ല തങ്ങളുടേതെന്നും അത് ആത്മീയാനുഭവാണെന്നും ഗൗരവ് പറയുന്നു.
കാമുകന്‍ നവാസ് അലി ലിംഗമാറ്റത്തിന് സന്നദ്ധനാണെന്ന് ഒരിക്കല്‍ അറിയിച്ചപ്പോഴാണ് എന്തുകൊണ്ട് തനിക്ക് ലിംഗമാറ്റം പരീക്ഷിച്ചുകൂടാ എന്ന ചിന്തയുണ്ടായത്. അങ്ങനെയാണ് ലിംഗമാറ്റത്തിന് വിധേയനാകാനുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ആരംഭിച്ചത്.
തുടര്‍ന്നാണ് ഇന്റര്‍നെറ്റില്‍ നടത്തിയ തെരച്ചിലിനൊടുവില്‍ പ്ലാസ്റ്റിക് സര്‍ജന്‍ മിഥിലേഷ് ശര്‍മ്മയെയും എന്‍ഡോക്രിനോളജിസ്റ്റ് ഡോക്ടര്‍ അമേയയെയും ബന്ധപ്പെട്ട് ലിംഗമാറ്റത്തിന് തയ്യാറായത്. ഡോക്ടറുമൊത്തുള്ള കൗണ്‍സിലിംഗ് എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതോടെ ബന്ധുക്കള്‍ക്ക് മുന്‍പിലും സുഹൃത്തുക്കള്‍ക്ക് മുന്‍പിലും വിഷയം അവതരിപ്പിക്കലായിരുന്നു ബുദ്ധിമുട്ടുള്ള കാര്യം. എന്നാല്‍ എല്ലാ പ്രതിബന്ധങ്ങളെയും എളുപ്പത്തില്‍ തരണം ചെയ്തതോടെ പുതിയ സ്വപ്‌നത്തിന് ജീവന്‍ വെയ്ക്കുകയായിരുന്നു. സഹോദരിയുമം സീരിയല്‍ നടിയുമായ മന്ദാകിനി ശര്‍മ്മയുടെ ശക്തമായ പിന്തുണയും ഇക്കാര്യത്തില്‍ ഗൗരവിന് ലഭിച്ചു. ശരിയായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ദൈവം നമുക്കൊപ്പമുണ്ടായിരിക്കും അങ്ങനെയെങ്കില്‍ എല്ലാ കൃത്യമായി വരും എന്നാണ് ഗൗരവിന്റെ വീക്ഷണം.
ശസ്ത്രക്രിയയ്ക്ക് ആവശ്യമായ എട്ട് ലക്ഷത്തോളം രൂപ ഗൗരവിന്റെ സുഹൃത്തക്കളാണ് കണ്ടെത്തി നല്‍കിയത്.
ലക്‌നൗ സ്‌കൂള്‍ ഓഫ് കഥകില്‍ ഗവേഷണം ചെയ്യുന്ന ഗൗരവ് സൂഫി കവിതകളെ കുറിച്ച് രണ്ട് പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തും പരിപാടികള്‍ അവതരിപ്പിക്കുന്ന ഗൗരവ് മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന കാമുകനുമൊത്തുള്ള ജീവിതത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.